ജനാധിപത്യമെന്നത് ജനങ്ങളുടെ ആധിപത്യമല്ല. മറിച്ച് അത് ജനങ്ങളുടെ
മേലുള്ള ആധിപത്യമാണ്. പൊതുജനം കഴുതകളായി മാറുന്പോള്‍ കഴുതയും കഴുതക്കാരനും
തമ്മിലുള്ള ബന്ധം പോലെ. ബദലുകളില്ലാത്ത രാഷ്ട്രീയമാണ് ഇന്ന് ജനാധിപത്യം നമുക്ക്
വച്ചു നീട്ടുന്നത്. എല്ലാവരും കേമന്‍മാരായതു കൊണ്ടല്ല ഇവിടെ ബദലുകള്‍
അപ്രത്യക്ഷമാകുന്നത്. മറിച്ച് ജനാധിപത്യത്തെ എല്ലാവരും ഒരുപോലെ
അടിച്ചമര്‍ത്താനുള്ള അധികാരമാക്കുന്നത് കൊണ്ട് മാത്രം. ബദലുകളില്ലാത്ത
ജനാധിപത്യത്തിന്‍റെ ഉല്‍സവമാണ് ഇന്ന് ഭാരതദേശം കൊണ്ടാടുന്നതെന്ന് കൂപന്‍ പറയും.
ഒരുവശത്ത് ശതകോടികള്‍ കട്ടുമുടിച്ച കോണ്‍ഗ്രസും സില്‍ബന്ധികളും. മറുവശത്ത്
ജനാധിപത്യത്തില്‍ എങ്ങനെ ഏകാധിപതിയാകാമെന്ന് തെളിയിച്ച മോദിയും പരിവാരങ്ങളും.
ഇവരിലൊരു പക്ഷത്തെ വരിച്ചേ മതിയാകൂ. സ്വന്തം കാലില്‍ നില്‍ക്കാന്‍ കെല്‍പില്ലാതെ
അന്യന്‍റെ തോളില്‍ തൂങ്ങി, ചാപിള്ളയായി പിറക്കുന്ന മൂന്നാം ബദല്‍. അസ്ഥിരതയും
അരാജകത്വവും സാധാരണക്കാരന്‍റെ അവകാശപ്രഖ്യാപനങ്ങളാക്കുന്ന ആം ആദ്മികള്‍, ദ്രവിച്ചു
തീരാറായ ഈര്‍ക്കില്‍ പാര്‍ട്ടികള്‍ അങ്ങനെ പലതും ഇതിനെല്ലാമൊപ്പം. വലംകാലിലെ മന്ത്
ഇടം കാലിലേക്ക് മാറുന്നു എന്നതിലപ്പുറം എന്തെങ്കിലുമുണ്ടോ ജനാധിപത്യം എന്ന വാക്കിന്
ഈ തിരഞ്ഞെടുപ്പ് കാലത്ത് ജനത്തിന് പകര്‍ന്നു നല്‍കാന്‍.
പക്ഷേ ഒന്നുണ്ട്, ബദലുകളില്ലാത്ത തിരഞ്ഞെടുപ്പാണെങ്കിലും പൊതുജനം
എന്ന കഴുതയുടെ വില കഴുതക്കാരന്‍ തിരിച്ചറിയുന്ന, കുറഞ്ഞപക്ഷം അറിയുന്നതായി
നടിക്കുന്ന, നാളുകളാണിത്. പോളിങ് ബൂത്തുകളിലേക്ക് പോകുന്പോള്‍ ഭാരതം ആരെ
തിരഞ്ഞെടുക്കും? കളത്തിലിറങ്ങും മുന്പേ തോല്‍വി സമ്മതിച്ച കോണ്‍ഗ്രസിനെയോ?
അധികാരത്തിലേറും മുന്പു തന്നെ വരാനിരിക്കുന്ന ശൈലിയുടെ ശകലങ്ങള്‍ മനസിലാക്കി തന്ന
മോദിയെയും സംഘത്തെയുമോ?
ഐക്യപുരോഗമനസഖ്യത്തിന്‍റെ പത്തുവര്‍ഷത്തെ ഏറ്റവും വലിയ
ഭരണനേട്ടം എന്ത്? ഭാരതീയര്‍ കേള്‍ക്കാത്ത, പറഞ്ഞു നോക്കാന്‍ പോലും ധൈര്യപ്പെടാത്ത
സംഖ്യകള്‍ പറയാന്‍ പഠിപ്പിച്ചു. ഒരു ലക്ഷത്തി എഴുപത്തിയാറായിരം കോടിയെന്നും രണ്ടു
ലക്ഷം കോടിയെന്നുമുള്ള അഴിമതിയുടെ പുതിയ അക്കങ്ങളായിരുന്നോ കഴിഞ്ഞ ഒരു ദശാബ്ദത്തിലെ
പുരോഗമനം? അതിര്‍ത്തി കടന്നെത്തിയ ശത്രു ഇന്ത്യന്‍ സൈനികന്‍റെ തലയരിഞ്ഞപ്പോള്‍
ഒന്നുമുരിയാടതെ നിന്ന ഷണ്ഡത്വവും ഭരണനേട്ടമായി പറയാം ഐക്യപുരോഗമനസഖ്യ
സഖാക്കള്‍ക്ക്. വന്‍കിട മുതലാളിമാര്‍ക്ക് വിടുപണി ചെയ്ത്, സാധാരണക്കാരന്‍റെതലയില്‍
ഭാരമേറ്റിയുള്ള പത്തു വര്‍ഷക്കാലത്ത് പറയാന്‍ ഇറ്റലിക്കാരിക്കും പുത്രനും ഇനിയും
നേട്ടങ്ങളേറെയുണ്ട്... ഈ ഭരണനേട്ടങ്ങളെല്ലാം ജനങ്ങളുടെ മനസിലുണ്ട് എന്നറിയാവുന്നതു
കൊണ്ടായിരിക്കണം രാഹുലകുമാരന്‍ ഐക്യപുരോഗമന സഖ്യത്തിന്‍റെ മൂന്നാമൂഴം കിനാവു
കാണാത്തത്.
ഇനി മറുവശം. കണ്ടത് മനോഹരം. കാണാത്തത് അതിമനോഹരമാണോയെന്ന് കൂപന്‍
ഭയക്കുന്നു. ഗുജറാത്ത് എന്ന ഇരുന്പു മറയ്ക്ക് അപ്പുറത്തു നിന്ന് വരുന്നത് മോദി
സ്തുതികള്‍ മാത്രമാണ്. നമോയായും ഹര ഹര മോദിയായും അവ ഒഴുകുന്നു.
അടിച്ചമര്‍ത്തപ്പെട്ടവന്‍റെ വിലാപങ്ങള്‍ ഈ പ്രകീര്‍ത്തനങ്ങള്‍ക്കിടയിലും ഉയര്‍ന്നു
കേള്‍ക്കുന്നുണ്ട്. ആയിരക്കണക്കിന് നിരപരാധികളുടെ ചോരക്കറകള്‍ പ്രധാനമന്ത്രി
കുപ്പായം തുന്നിയിരിക്കുന്ന മാന്യന്‍റെ കയ്യില്‍ ഇപ്പോഴുമുണ്ട്. ഭാരത ചരിത്രത്തില്‍
ജനാധിപത്യത്തിലെ ആദ്യ ഏകാധിപതി(ഇന്ദിര ഏകാധിപതിയല്ലെങ്കില്‍...) അടിമകളെ, പ്രജകളെ
കാത്ത് സിംഹാസനത്തിലേറാന്‍ തയാറായി ഇരിക്കുന്നുണ്ട്. സ്വന്തം പക്ഷത്തെ സഹയോഗികള്‍
തന്നെ അത് തിരിച്ചറിയുന്നുമുണ്ട്.
പിന്നെയാര്?.... മൂന്നു സംസ്ഥാനങ്ങളില്‍ നിന്ന്
രണ്ടിലേക്കൊതുങ്ങുന്ന ഇടതുപക്ഷ സമൂഹമോ? സ്വാര്‍ഥ താല്‍പര്യങ്ങളുള്ള ജയ മായ മമത
ത്രയങ്ങളോ.... അരാജകത്വം പ്രസംഗിക്കുന്ന ആം ആദ്മികളോ? ആരെയാണ് ഭാരതം വരിക്കുക?
ആരെയെങ്കിലും സ്വീകരിച്ചേ മതിയാകൂ. കാരണം അത് വിധിയാണ്. ജനാധിപത്യം ജനങ്ങളുടെ
മേലുള്ള ആധിപത്യമായി മാറുന്പോഴുള്ള അനിവാര്യതയാണ്.
(ഇതൊരു അരാജകത്വ പ്രഖ്യാപനമല്ല.... ഏത് ചിഹ്നത്തിനു നേരെ കുത്തും
എന്ന് സംശയിക്കുന്ന ഒരു സാധാരണക്കാരന്‍റെ ചോദ്യമാണ്. അഭിപ്രായങ്ങള്‍ മാത്രമാണ്.
ജനാധിപത്യത്തില്‍ വിശ്വസിക്കുന്നതിനാല്‍ മാത്രം ഈ കുറിപ്പ്. )
