Friday, May 30, 2008

കാളവണ്ടിക്കാലം വരുന്നു

അങ്ങനെ അത് സംഭവിക്കാന്‍ പോകുന്നു. അഖിലോക സാന്പത്തിക മാന്ദ്യവും അരക്ഷിതാവസ്ഥയുമെല്ലാം ചേര്‍ന്ന് അഭിനവ ലോകത്തെ വീണ്ടും ആ പുഷ്കലകാലത്തേയ്ക്ക് നയിക്കുന്നു. കാളവണ്ടികളും കുതിരവണ്ടികളും നിറയുന്ന രാജപാതകളിലേക്ക് ഇനിയേറെ ദൂരമില്ല. തീയേക്കാള്‍ പൊടുന്നനെ ആളിക്കത്തുന്ന എണ്ണവില എണ്ണയ്ക്ക് വേണ്ടിയുള്ള യുദ്ധവും സമാധനവും. എല്ലാം ഒടുവില്‍ മാനവരാശിയെ കാളവണ്ടി യുഗത്തിലേക്കെത്തിച്ചാല്‍ എത്രമനോഹരമായിരിക്കും ആ ലോകം. കൂപനനെന്താ വട്ടാണോയെന്ന് നീരൂപിക്കുന്നുണ്ടാകും. ആയിക്കോട്ടെ.. സാരമില്ല, കാരണം മരണദൂതനായി ഔടുന്ന ടിപ്പറുകളെ ഇനി കൂപന് ഭയക്കേണ്ടതില്ലല്ലോ.... പൊതുജനം കഴുതയാണെന്ന് പറഞ്ഞ് കുതിച്ചു പായുന്ന മന്ത്രി ശകടങ്ങള്‍ക്കായി വഴിമാറേണ്ടതില്ല്ലല്ലോ. ഇപ്പോള്‍ പ്രിയ സുഹൃത്ത് കരുതുന്നത് ഇവനെന്ത് സ്വാര്‍ത്ഥനെന്നാകും. പെട്രോള‍ പൊന്നിനേക്കാളും വലിയ പൊന്നാകുന്പോളു‍ ലോകം നേരാകും. കാറുകള്‍ നിരത്തില്‍ നിന്നൊഴിയുന്പോള്‍ പ്രകൃതി വീണ്ടും ശ്വസിക്കും. മരങ്ങള്‍ തളിര്‍ക്കും. അങ്ങകലെ മാനവരാശിയെ കാക്കുന്ന ഔസോണ്‍ പാളി വീണ്ടും പുതപ്പു വിരിക്കും. എല്ലാത്തിനും ഉപരിയായി കൂപനടക്കമുള്ള മാനവസമൂഹത്തിനാകെ ശുദ്ധവായു ശ്വസിക്കാം. പെട്രോളിയം വില ഉയരട്ടെ.. സാന്പത്തിക മാന്ദ്യം കൂടട്ടെ.. മാനവരാശി അതര്‍ഹിക്കുന്നു. ദുരയുടെയും കൊതിയുടെയും ലോകത്തു നിന്ന് വിശപ്പിന്‍റെയും വിഷമതകളുടെയും ലോകം അവനറിയണം. കൂപനടക്കമുള്ളവര്‍ നാവില്‍ തൊട്ട് ചവറ്റുകൊട്ടയിലേക്കെറിയുന്ന അന്നം എറിയുന്നവനെ നോക്കി ചിരിക്കണം. ഒടുവില്‍ നാണയങ്ങഴുടെ കിലുക്കമില്ലാത്ത, നോട്ടുകെട്ടുകളുടെ കാപട്യമില്ലാത്ത ബാര്‍ട്ടര്‍ സന്പര്ദായം മടങ്ങിയെത്താണം. അന്ന് എല്ലാവരും സമന്‍മാരെന്ന സോഷ്യലിസം യാഥാര്‍ത്ഥ്യമാകുമെന്ന് ആശിക്കാം. ചൂഷകനും ചൂഷകരുമില്ലാത്ത ലോകത്തിലേക്ക് ഒരു കിളിവാതിലെങ്കിലും തുറക്കുമെന്ന് ആശിക്കാം. ആ ദിവസം ആ ദിവം മാത്രമേ പൊതുജനത്തിന് കഴുതയുടെ കുപ്പായത്തില്‍ നിന്ന് മോചനമുണ്ടാകൂ. ഇതെഴുതിയതു കൊണ്ട് കൂപന്‍ സാമൂഹ്യദ്രോഹിയാണെങ്കില്ഡ അതെ കൂപന്‍ സാമൂഹ്യദ്രോഹിയാണ്. സോഷ്യലിസം സ്വപ്നം കാണുന്ന യഥാര്‍ത്ഥ സാമൂഹ്യവിരോധി
കൂപന്‍

Tuesday, May 27, 2008

വിപ്ലവം ക്ഷൗരക്കത്തിയിലൂടെ

കൂപലോകത്ത് മുടിമുറിക്കുന്നതിന്‍റെ നിരക്ക് ക്രമത്തിലധികം കൂടിയതിനെ തുടര്‍ന്ന് സങ്കടത്തിലായിരുന്ന കൂപന് ആശ്വാസമായൊരു വാര്‍ത്ത. വിപ്ലവപുത്രന്‍മാര്‍ സംഘം ചേര്‍ന്ന് മുടി മുറിക്കാന്‍ തുടങ്ങിയിരിക്കുന്നു. കുറഞ്ഞത് പത്തുപേരെങ്കിലും ഒന്നിച്ച് വന്ന് മുടിമുറിച്ചു തരും അതും വൃത്തിയായി തന്നെ. മുന്പ് നെല്ലു കുത്തി കുത്തുപാളയെടുത്ത കര്‍ഷകന്‍ വെച്ച കപ്പയും വാഴയും തെങ്ങുമെല്ലാം വെട്ടിനിരത്തി പരിചയമുള്ളതുകൊണ്ട് മുന്‍പരിചയത്തിന്‍റെ ചോദ്യം ഉദിക്കുന്നേയില്ല. എന്നിട്ടും സംശയമുള്ളവര്‍ക്കായി ഇന്നലെ വിപ്ലവപുത്രന്‍മാരുടെ പരസ്യപ്രകടനവും ഉണ്ടായിരുന്നു. അതും അങ്ങ് കണ്ണൂരില്‍. വിപ്ലവപാര്‍ട്ടിയുടെ കൊടി പോലെ ചുവന്ന മണ്ണില്‍. സാധുവെന്ന് സ്വയം വിളിക്കുന്ന ഒരു സാധുവിനെ അസാധുവാക്കിയാണ് വിപ്ലവപുത്രന്‍മാര്‍ വീര്യംതെളിയിച്ചത്. മുന്‍പരിചയം തെളിയിച്ചേ അടങ്ങൂ എന്ന വാശിയില്‍ വിപ്ലവപുത്രന്‍മാര്‍ മുടിമുറിക്കാന്‍ അനുവാദമൊന്നും ചോദിച്ചില്ല. നീണ്ട മുടികണ്ടു മുറിച്ചു. എന്നോര്‍ത്ത് ബൂലോകര്‍ വിഷമിക്കേണ്ട. അനുവാദമില്ലാതെ മുറിക്കുന്നവര്‍ തീര്‍ച്ചയായും അനുവാദത്തോടെ മുറിച്ചു തരുമല്ലോ.... എന്തായാലും മുടിപോയ സാധു ക്രമസമാധാന പാലന സേനയുടെ അടുത്തു ചെന്നപ്പോള്‍ അവര്‍ കൃത്യമായി നടപടിയെടുത്തു. കോടിയേരിയാന് നമോവാകം. പക്ഷേ നടപടി ബലാല്‍ക്കാരമായി പിടിച്ചു നിര്‍ത്തിയതിനാണെന്ന് മാത്രം. മുടി മുറിച്ച കുട്ടി സഖാക്കള്‍ നിന്നത് അപ്പുറത്തെ പാലനകേന്ദ്രത്തിന്‍റെ പരിധിയിലാണ് പോലും. അവരുടെ കൈയ്യും കത്രികയും മാത്രമാണ് ഇപ്പുറത്തുണ്ടായിരുന്നത്. കൈയ്ക്കും കത്രികയ്ക്കും എതിരെ ചാര്‍ത്താന്‍ വകുപ്പില്ലല്ലോ നമ്മുടെ നിയമാവലിയില്‍. കോടിയേരി സൈന്യത്തിനും നമോവാകം. അപ്പുറത്തെ ക്രമസമാധാന കേന്ദ്രത്തിലെ ക്രമപ്രശ്നത്തില്‍ ഇങ്ങേപ്പുറത്തുകാരിടപെടുന്നത് മോശമല്ലേ... തീര്‍ത്തും ലജ്ജാവഹം. അങ്ങനെ ക്രമസമാധാനത്തിന്‍റെ പുതിയ പാതയും തെളിച്ചിരിക്കുന്നു അഖിലകേരള ക്രമസമാധാന സേന. അവര്‍ക്ക് നമ്മുടെ മൂത്ത സഖാവ് പറഞ്ഞ പോലെ നല്ലനമസ്കാരം. പിന്നെ കുട്ടിസഖാക്കളുടെ കാര്യം. പണ്ട് പട്ടിപിടുത്തമെങ്കില്‍ ഇന്ന് മുടിവെട്ട് അത്രയേ ഉള്ളൂ. ഇതിനായിരിക്കുമല്ലേ, വിപ്ലവം ക്ഷൗരക്കത്തിയിലൂടെ എന്നുപറയുന്നത്.

Monday, May 26, 2008

ഒരു പഴഞ്ചന്‍ പ്രണയം

പഴകി മഞ്ഞനിറം വന്ന ഓര്‍മകള്‍ക്ക് ഇന്ന് കൂടുതല്‍ തെളിച്ചം. വര്‍ഷങ്ങളായി മറവിയുടെ മാറാല കൊണ്ട് മൂടാന്‍ ശ്രമിച്ചവയൊക്കെ ആരോ ഓര്‍മകളുടെ ചെപ്പിലേക്ക് എടുത്തെറിയുന്ന പോലെ. മരവിച്ച സ്വപ്നങ്ങളെല്ലാം മസ്തിഷ്കത്തിലേക്ക് തിരിച്ചൊഴുകുന്നു. നഷ്ടപ്രണയത്തിന്‍റെ തീയമ്പുകള്‍ എന്നെ കുത്തി നോവിക്കുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു അപരിചിതനായി കലാലയത്തിന്റെ പടിവാല്‍ക്കലെത്തിയപ്പോഴാണ് ആദ്യമായവളെ കണ്ടത്. കൂട്ടിലകപ്പെട്ട മാന്‍പേടയെപ്പോലെ അവള്‍ ചകിതയായിരുന്നു. പ്രഭാതവെയിന്റെ കിരണങ്ങള്‍ സമ്മാനിച്ച ഒരു വിയര്‍പ്പുമണി അവളുടെ ചെന്നിയിലൂടെ ഒഴുകി. അതവളുടെ അഴകിന്‍റെ മാറ്റുകൂട്ടി. സമീപത്തു കൂടി കടന്നു പോയവര്‍ അവളുടെ സൗന്ദര്യത്തെ കോരിക്കുടിക്കുന്നതു കണ്ടപ്പോള്‍ എന്റെ മനസില്‍ അസ്വസ്ഥത പെരുകി. ഞാനറിഞ്ഞില്ല ആ അസ്വസ്ഥതയാണ് പ്രണയത്തിന്റെ ആദ്യവിത്തുകളെന്ന്. വിധിയുടെ നിയോഗം എന്നപോലെ ഒരേ ക്ലാസിന്റെ എതിര്‍ ബഞ്ചുകളില്‍ ഞങ്ങളിരുന്നു. കാലമൊഴുകിയപ്പോള്‍ ഞങ്ങള്‍ സുഹൃത്തുക്കളായി. ആ സൗഹൃദത്തിന്‍റെ താളമേളങ്ങള്‍ക്കിടയില്‍ ഞാനറിഞ്ഞു, അവള്‍ മറ്റൊരുവന്റേതാണെന്ന്. ആ അറിവില്‍ ഞാനുരുകി.എല്ലാം മറക്കാന്‍ ശ്രമിച്ച് സൗഹൃദത്തിന്റെ ചട്ടക്കൂടിനുള്ളിലൊതുങ്ങാന്‍ ഞാന്‍ ശ്രമിച്ചു. കാലമൊഴുകിപ്പോള്‍ അവള്‍ ഏകയായി. തകര്‍ന്ന പ്രണയം അവളുടെ കണ്ണീരായി. ഉള്ളില്‍ പ്രണയമൊളിപ്പിച്ച് നല്ല സതീര്‍ഥ്യനായി ഞാനവളുടെയൊപ്പം നടന്നു. പുസ്തകങ്ങളിലെ താളുകള്‍ അവസാനിച്ചപ്പോള്‍ ഡയറിയുടെ പേജില്‍ മനസ് കുത്തിക്കുറിച്ച് ഞങ്ങള്‍ പിരിഞ്ഞു. വിരഹം എന്റെ പ്രണയത്തെ ദീപ്തമാക്കി. ഒടുവില്‍ ഒരു നാള്‍ എന്റെ പ്രണയം ലാവയായി പുറത്തേക്കഴുകി. ആ അഗ്നിച്ചൂടില്‍ അവള്‍ വെന്തുരുകി. അവളുടെ കോപത്തില്‍ ഞാന്‍ ദഹിച്ചു. ഒടുവില്‍ കോപം വെറുപ്പിന് വഴിമാറി അങ്ങനെജീവിതത്തിന്‍റെ നാല്‍ക്കവലയില്‍ വച്ച് ഞങ്ങള്‍ വഴി പിരിഞ്ഞു. പക്ഷേ ഞങ്ങളുടെ പാതകള്‍ സമാന്തരങ്ങളായിരുന്നു. ഞാന്‍ കൊതിച്ചു ഒരു നാള്‍ ഞങ്ങളുടെ വഴികള്‍ ഒന്നാകുമെന്ന്. പ്രതീക്ഷയില്‍ കാലമൊഴുകി. ഞങ്ങളുടെ വഴികള്‍ സന്ധിച്ചില്ല. ഇനി സന്ധിക്കുകയുമില്ല. കാരണം ഇന്നവളുടെ വിവാഹമാണ്. ഇതവള്‍ക്കുള്ള വിവാഹസമ്മാനവും.

കോടിയേരിയാന്റെ സ്വര്‍ഗം

ബൂലോഗരേ നിങ്ങളറിഞ്ഞോ ഈ ലോകത്ത് പുതിയൊരു സ്വര്‍ഗം പിറവിടെയുത്തിരിക്കുന്നു. പൂരത്തിന്‍റെയും പുലികളിയുടെയും ദേശമായ തൃശിവപേരൂരില്‍ നിന്നും ഏതാനും നാഴിക മാത്രമകലെ വിയ്യൂരില്‍. പൊലീസ് സ്റ്റേഷനിലും ബോംബുണ്ടാക്കാമെന്ന് മലയാളിയെ പഠിപ്പിച്ച നമ്മുടെ ആഭ്യന്തരന്‍ സാക്ഷാല്‍ കോടിയേരി നാട്ടിലെ ബാലേട്ടനാണ് പുതിയ സ്വര്‍ഗത്തിന്റെ സൃഷ്ടാവ്. പക്ഷേ ഈ സ്വര്‍ഗത്തില്‍ ഓടിയങ്ങ് കയറാമെന്ന് കരുതുന്നവന്‍ വിഢ്ഡിയാനായിരിക്കും. കൂപന്‍ എന്നാലും ചില വഴികള്‍ കണ്ടെത്തി ഈ അഭിനവ സ്വര്‍ഗത്തിലേക്ക്.

സ്വര്‍ഗ കാംക്ഷികള്‍ ആദ്യം തന്നെ മാവേലിനാട്ടിലെ വല്യേട്ടന്‍ വിപ്ലവപാര്‍ട്ടിയില്‍ അണിചേരണം. എന്നിട്ട് തരാതരം പോലെ താമരപ്പാര്‍ട്ടിയുടെയോ, കൈപ്പത്തി പാര്‍ട്ടിയുടെയോ ആരുടെയെങ്കിലുമൊക്കെ എന്തെങ്കിലും വിപ്ലവ ചിഹ്നമായ അരിവാള്‍ കൊണ്ട് അരിഞ്ഞെടുക്കണം പോലും (തരാതരം പോലെ വടിവാളും കൊടുവാളും ഉപയോഗിക്കാം) അങ്ങനെ ഈ സ്വര്‍ഗത്തിലെത്താം. എത്തിയാലോ പഞ്ചനക്ഷത്ര ഭക്ഷണം. സുഖനിദ്ര, സമ്പൂര്‍ണ വിശ്രമം. പിന്നെ പാട്ടിന് പാട്ട്, ആട്ടത്തിന് ആട്ടം. (പാട്ടിന് ബൂര്‍ഷ്വാ കുത്തകമുതലാളിമാരുടെ എഫ് എം റേഡിയോ തന്നെയാണുള്ളത്.) ചാട്ടത്തിന് ചാട്ടം. കാമുകിയുമായോ ഭാര്യയുമായോ അല്‍പം സൊള്ളണമെങ്കില്‍ കോയിന്‍ ഫോണും.

ഇതെല്ലാം കണ്ടിട്ട് കൂപനടക്കമുള്ള കൂപവാസികള്‍ വിപ്ലവപാര്‍ട്ടിയെ കൂടെക്കൂട്ടിയാലോയെന്ന് ചിന്തിച്ചാല്‍ തെറ്റുപറയാമോ? എന്നാല്‍ ഏറ്റവും ഒടുവില്‍ കൂപനറിഞ്ഞത് വിയ്യൂരെ കോടിയേരിയാന്റെ സ്വര്‍ഗം കണ്ട് നാണിച്ച പടച്ചോന്‍ തന്റെ സ്വര്‍ഗത്തിന് ജയിലെന്ന് പേരിട്ടുപോലും. ഇതിനായിരിക്കുമല്ലേ പണ്ട് മാവോയും ലെനിനുമൊക്കെ സോഷ്യലിസമെന്നും കമ്യൂണിസമെന്നുമൊക്കെ പറഞ്ഞത്. കമ്യൂണിസം നീണാള്‍ വാഴട്ടെ

കൂപന്‍ കണ്ട ട്വന്‍റി 20

അഖിലഭാരത ഭ്രാന്തന്‍ കളി നിയന്ത്രണ സമിതിയുടെ ഖജനാവിലെ പണം പുട്ടടിക്കാന്‍ പുകയിലക്കച്ചവടക്കാരന്‍ തുടങ്ങി വെച്ച വ്യാപാരമേള പരിസമാപ്തിയോടടുക്കുന്നു. കുടിപ്പിച്ചും കുപ്പിയിലിറക്കിയും നടിച്ചും നാണം കെടുത്തിയുമെല്ലാം പലരുമുണ്ടാക്കിയ മുതലെല്ലാം ഒരുപ്പോക്കുപോയി. പട്ടിണിപ്പാവങ്ങളായി തുടങ്ങിയ രാജസ്ഥാനിലെ സാമന്തരാജാക്കന്‍മാര്‍ യുദ്ധം ജയിക്കുന്ന കാഴ്ചയിലേക്കാണ് ഈ കായികവ്യാപാരമേള നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. അടിയും ഇടിയും തടയുമെല്ലാമായി അരങ്ങ് കൊഴുപ്പിച്ച ഈ ഭ്രാന്തന്‍ വ്യാപാരമേള കരയ്ക്കിരുന്ന് കളികണ്ടവനെ വിഡ്ഢിക്കുശ്മാണ്ടങ്ങളാക്കിയ പൂരക്കച്ചവടമായെങ്കിലും, മാര്‍വാഡിയുടെയും പാഠാണികളുടെയുമെല്ലാം പാതി മലയാളിത്തത്തിലഭിമാനിക്കുന്ന മലയാളിക്കു ചിലത് തന്നു. കളത്തിലും പുറത്തും അശാന്തനായ മലയാളിയെ കലിമൂത്ത സര്‍ദാര്‍ജിപ്പയ്യന്‍ നന്നായൊന്നു തേന്പി. മോങ്ങാനിരുന്നവന്‍റെ തലയില്‍ തേങ്ങാ വീണാലും വേണ്ടില്ലാരുന്നു. ഇത് അതിലപ്പുറമായി. മലയാളിപ്പയ്യന്‍ മോങ്ങി. മനോഹരമായി. ഉണ്ണിയുടെ അമ്മയും മോങി, അമ്മയുടെ ചാത്തന്‍മാരും മോങ്ങി. അഖിലലോക ഭ്രാന്തന്‍ കളിയാസ്വദകരല്ലാം അതുകണ്ടു. ആസ്വദിച്ചു. ആശ്വസിച്ചു. ഇല്ലോളം വൈകിയാണേലും ഉണ്ണിക്ക് കിട്ടിയല്ലോ.. സമാധാനം. അങ്ങനെ അടിച്ച സര്‍ദാര്‍ജിക്ക് പോയത് കോടികളാണേല്‍ കെടച്ചത് മൊത്തം ഉണ്ണിക്ക്. എന്നാലും അഖിലഭാരത ഭ്രാന്തന്‍കളി നിയന്ത്രണ സമിതിയില്‍ കൃഷിയിറക്കുന്ന മന്ത്രി പുംഗവന്‍ പവറെല്ലാമെടുത്തു ഉണ്ണിയെ കണ്ണുരുട്ടി പേടിപ്പിച്ചത്രേ. എന്തായാലും അതോടെ ഉണ്ണി നന്നായി. അല്ലേലും അടികിട്ടിയാലാരും നന്നാവും. അടിയുടെ രുചിയറിഞ്ഞ ഉണ്ണി, പിന്നെ തുണിക്കച്ചവടക്കാരന്‍ മുതലാളിയുടെ തല്ലു പേടിച്ചാണോ എന്നറിയില്ല. ലവന്‍ കളിച്ചു. ലങ്ങട് അര്‍മാദിച്ച് തന്നെ. ദാണ്ടെ കിടക്കണു കുറ്റി പതിനെട്ടെണ്ണം. അടിയുടെ ഒരു കൊണമേ. ഗുണപാഠം അടി കൊണ്ടാ നന്നാവാത്ത മലയാളിയില്ല... ഇല്ലോളം വൈകിയാലും കിട്ടാനുള്ളത് കിട്ടുക തന്നെ ചെയ്യും.

Sunday, May 25, 2008

വരുന്നൂ.... കൂപന്റെ ട്വന്റി ട്വന്റി

കൂപന്റെ ചില കാഴ്ചകളാണ് അല്ല ചിന്തകളാണ് ഈ കൂപക്കാഴ്ചകള്‍.
അപ്പോള്‍ തോന്നിയേക്കാം എന്താണ് കൂപനെന്ന്???? ആരാണ് കൂപനെന്ന്
സംശയം സ്വാഭാവികം...... അതു കൊണ്ട് കൂപന്‍ തന്നെ സംശയനിവ‌ൃത്തിയും നടത്താം. അതാണല്ലോ അതിന്റെ ശരി, കൂപം എന്നാല്‍ സാക്ഷാല്‍ കിണര്‍... മലയാളിയുടെ വീടിന്റെ പിന്‍മുറ്റത്തും മുന്‍മുറ്റത്തും എന്തിനേറെ പഞ്ചായത്തുവഴിയിലും കാണുന്ന കിണര്‍. ഈ കിണറില്‍ കിടന്ന് മാനത്തോട്ട് നോക്കിയാല്‍ ആ കിണറിന്റെ വട്ടത്തിലുള്ള കാഴ്ചകളേ കിട്ടൂ.... അപ്പോള്‍ അങ്ങനെ കിട്ടുന്ന കാഴ്ചകളാണ് കൂപക്കാഴ്ചകള്‍
അഥവാ ആ ലോകമാണ് കൂപലോകം. കൂപലോകത്തിരുന്നു കൂപന്‍ കാണുന്ന കൂപക്കാഴ്ചകളാണ് ഇവിടെ കുത്തിക്കുറിക്കുക... കൂപന്റെ ലോകം ചെറുതയാതിനാല്‍ കാഴ്ചകളും അങ്ങനെ തന്നെയായിരിക്കുമെന്ന് പ്രത്യേകം മൊഴിയേണ്ടതില്ലല്ലോ.... അങ്ങനെ വിശാലമായ ബൂഗോളത്തില്‍ സ്വന്തമായി ഒരു കൂപമൊരിക്കി, കൂപക്കാഴ്ചകളുമായി കൂപനും പങ്കുചേരുന്നു

കാത്തിരിക്കുക... കൂപനൊരുക്കുന്ന ട്വന്‍റി ട്വന്‍റിയ്ക്കായി... വെടിക്കെട്ടിനായി... വിക്കറ്റ്കൊയ്ത്തിനായി
കൂപനമസ്കാരം