Monday, May 26, 2008

ഒരു പഴഞ്ചന്‍ പ്രണയം

പഴകി മഞ്ഞനിറം വന്ന ഓര്‍മകള്‍ക്ക് ഇന്ന് കൂടുതല്‍ തെളിച്ചം. വര്‍ഷങ്ങളായി മറവിയുടെ മാറാല കൊണ്ട് മൂടാന്‍ ശ്രമിച്ചവയൊക്കെ ആരോ ഓര്‍മകളുടെ ചെപ്പിലേക്ക് എടുത്തെറിയുന്ന പോലെ. മരവിച്ച സ്വപ്നങ്ങളെല്ലാം മസ്തിഷ്കത്തിലേക്ക് തിരിച്ചൊഴുകുന്നു. നഷ്ടപ്രണയത്തിന്‍റെ തീയമ്പുകള്‍ എന്നെ കുത്തി നോവിക്കുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു അപരിചിതനായി കലാലയത്തിന്റെ പടിവാല്‍ക്കലെത്തിയപ്പോഴാണ് ആദ്യമായവളെ കണ്ടത്. കൂട്ടിലകപ്പെട്ട മാന്‍പേടയെപ്പോലെ അവള്‍ ചകിതയായിരുന്നു. പ്രഭാതവെയിന്റെ കിരണങ്ങള്‍ സമ്മാനിച്ച ഒരു വിയര്‍പ്പുമണി അവളുടെ ചെന്നിയിലൂടെ ഒഴുകി. അതവളുടെ അഴകിന്‍റെ മാറ്റുകൂട്ടി. സമീപത്തു കൂടി കടന്നു പോയവര്‍ അവളുടെ സൗന്ദര്യത്തെ കോരിക്കുടിക്കുന്നതു കണ്ടപ്പോള്‍ എന്റെ മനസില്‍ അസ്വസ്ഥത പെരുകി. ഞാനറിഞ്ഞില്ല ആ അസ്വസ്ഥതയാണ് പ്രണയത്തിന്റെ ആദ്യവിത്തുകളെന്ന്. വിധിയുടെ നിയോഗം എന്നപോലെ ഒരേ ക്ലാസിന്റെ എതിര്‍ ബഞ്ചുകളില്‍ ഞങ്ങളിരുന്നു. കാലമൊഴുകിയപ്പോള്‍ ഞങ്ങള്‍ സുഹൃത്തുക്കളായി. ആ സൗഹൃദത്തിന്‍റെ താളമേളങ്ങള്‍ക്കിടയില്‍ ഞാനറിഞ്ഞു, അവള്‍ മറ്റൊരുവന്റേതാണെന്ന്. ആ അറിവില്‍ ഞാനുരുകി.എല്ലാം മറക്കാന്‍ ശ്രമിച്ച് സൗഹൃദത്തിന്റെ ചട്ടക്കൂടിനുള്ളിലൊതുങ്ങാന്‍ ഞാന്‍ ശ്രമിച്ചു. കാലമൊഴുകിപ്പോള്‍ അവള്‍ ഏകയായി. തകര്‍ന്ന പ്രണയം അവളുടെ കണ്ണീരായി. ഉള്ളില്‍ പ്രണയമൊളിപ്പിച്ച് നല്ല സതീര്‍ഥ്യനായി ഞാനവളുടെയൊപ്പം നടന്നു. പുസ്തകങ്ങളിലെ താളുകള്‍ അവസാനിച്ചപ്പോള്‍ ഡയറിയുടെ പേജില്‍ മനസ് കുത്തിക്കുറിച്ച് ഞങ്ങള്‍ പിരിഞ്ഞു. വിരഹം എന്റെ പ്രണയത്തെ ദീപ്തമാക്കി. ഒടുവില്‍ ഒരു നാള്‍ എന്റെ പ്രണയം ലാവയായി പുറത്തേക്കഴുകി. ആ അഗ്നിച്ചൂടില്‍ അവള്‍ വെന്തുരുകി. അവളുടെ കോപത്തില്‍ ഞാന്‍ ദഹിച്ചു. ഒടുവില്‍ കോപം വെറുപ്പിന് വഴിമാറി അങ്ങനെജീവിതത്തിന്‍റെ നാല്‍ക്കവലയില്‍ വച്ച് ഞങ്ങള്‍ വഴി പിരിഞ്ഞു. പക്ഷേ ഞങ്ങളുടെ പാതകള്‍ സമാന്തരങ്ങളായിരുന്നു. ഞാന്‍ കൊതിച്ചു ഒരു നാള്‍ ഞങ്ങളുടെ വഴികള്‍ ഒന്നാകുമെന്ന്. പ്രതീക്ഷയില്‍ കാലമൊഴുകി. ഞങ്ങളുടെ വഴികള്‍ സന്ധിച്ചില്ല. ഇനി സന്ധിക്കുകയുമില്ല. കാരണം ഇന്നവളുടെ വിവാഹമാണ്. ഇതവള്‍ക്കുള്ള വിവാഹസമ്മാനവും.

No comments: