Thursday, June 26, 2014

മന്ത്രിക്കെന്താ കൊന്പുണ്ടോ....?




വിവരക്കേടിന്‍റെ മന്ത്രിയാണാ നമ്മുടെ വിദ്യാഭ്യാസ മന്ത്രിയെന്നാണ് കൂപന്‍റെ സംശയം. റബ്ബ് സാഹിബിന് ഇമ്മിണി വിവരക്കേടുണ്ടെന്ന് പാര്‍ട്ടിയിലെ പടച്ചോനായ കുഞ്ഞാപ്പ പോലും ഇപ്പോ പറയും. അമ്മാതിരിയല്ലേ പഹയന്‍റെ വിക്രിയകള്‍. വിദ്യാഭ്യാസ മന്ത്രിയാകാന്‍ വിദ്യാഭ്യാസമല്ല.. വിവരമാണ് യോഗ്യതയെന്ന് ഇടവും വലവുമുള്ള എല്ലാവര്‍ക്കും അങ്ങ് തെര്യപ്പെടുത്തി കൊടുത്തല്ലോ.... എന്നാലും ഇപ്പ ചെയ്ത ചെയ്ത്ത് ഇത്തിരി കടുത്ത് പോയി റബ്ബേ... ഇത് ജനകീയ ജനാധിപത്യകാലമാണെന്ന് അങ്ങ് മറുന്നു പോയോ... എതിര്‍ സ്വരം ഉയര്‍ത്തുന്നോരെ രായ്ക്ക് രാമാനം നാടുകടത്തുന്നത് രാജകാലത്തല്ലേ... ഇപ്പോ അതു വേണോ... മന്ത്രിയെ വിമര്‍ശിക്കാന്‍ പാടില്ലെന്ന് ഭരണഘടനയില്‍ ഏത് വകുപ്പില്‍ ഏത് അനുച്ഛേദത്തിലാണാവോ പറഞ്ഞിരിക്കുന്നത്. വിമര്‍ശനം കേള്‍ക്കാതിരിക്കാന്‍ മന്ത്രിക്കെന്താ കൊന്പുണ്ടോ.... അല്ലേലും വിമര്‍ശനം പണ്ടേ റബ്ബ് സാഹിബിന് അത്ര പഥ്യമില്ല. മണ്ഡലത്തിലെ ജനങ്ങള്‍ വിമര്‍ശിക്കുമെന്ന് പേടിച്ചിട്ടാണല്ലോ നാലു തിരഞ്ഞെടുപ്പില്‍ വോട്ടു തെണ്ടിയപ്പോഴേക്കും മണ്ഡലം മൂന്നു മാറേണ്ടി വന്നത്. അപ്പോ പറഞ്ഞു വന്നത് പഞ്ഞിമല സ്കൂളിലെ ടീച്ചറെ നാടു കടത്തിയ സംഭവം. രാവിലെയെണീറ്റ് കുളിച്ച്, മുടി കറുപ്പിച്ച്, റോസ് പൗഡറിട്ട്, അത്തര്‍ പൂശി, അലക്കിത്തേച്ച കുപ്പായ മണി‍ഞ്ഞ് , ചുണ്ടില്‍ ചെഞ്ചായം പൂശി സുന്ദര വിഡ്ഡി വേഷമണിഞ്ഞ് എത്താന്‍ സമയം കുറച്ച് വേണ്ടി വരും... സ്വാഭാവികം. പക്ഷേ വിദ്യാഭ്യാസ മന്ത്രി പുംഗവാ... അത് ഭാവിതലമുറയുടെ പഠനം കുളമാക്കി കൊണ്ടു തന്നെ വേണോ... വിദ്യ തന്നെ ഒരു അഭ്യാസമാക്കിയ അങ്ങയേ പോലുള്ളവര്‍ ഭരിക്കുന്ന ഇക്കാലത്ത് പ്രത്യേകിച്ച്. ... അങ്ങ് ചെയ്തതിനേക്കാള്‍ വലിയ തെറ്റാണോ, ആ തെറ്റ് ചൂണ്ടിക്കാണിക്കുക എന്നത്. അങ്ങനെയെങ്കില്‍ തെറ്റ് ചെയ്ത അങ്ങയെ പണ്ടേ പൊതുജനം മന്ത്രിമന്ദിരത്തിന്‍റെ പടിയടച്ച് പിണ്ഡം വയ്ക്കേണ്ടതല്ലേ... അങ്ങ് അലിഗഡില്‍ പോയി ആംഗലേയ സാഹിത്യത്തില്‍ നേടിയ ഉന്നത ബിരുദം അപ്പുറത്തിരുന്നവന്‍റെ ഉത്തരം പകര്‍ത്തി നോക്കിയെഴുതി നേടിയതാണോ എന്നാണ് കൂപന്‍റെ ശങ്ക. അല്ലെങ്കില്‍ ഇങ്ങനെ ചെയ്യുമായിരുന്നോ... അധ്യാപികമാരെല്ലാം ലീഗിന്‍റെ കൊടി വെട്ടിത്തയ്ച്ച് പച്ച ബ്ലൗസിട്ട് പഠിപ്പിക്കാന്‍ വരണമെന്ന് ഇണ്ടാസിറക്കിയ മഹാത്മാവേ അങ്ങില്‍ നിന്ന് ഇതിലപ്പുറം എന്ത് പ്രതീക്ഷിക്കാനാണ്. പാര്‍ട്ടിയിലെ പടച്ചോന്‍മാരുടെ വാക്കിനു മറുവാക്കു പറയാനുള്ള നട്ടെല്ലില്ലാത്തതു കൊണ്ടു മാത്രം ഒപ്പിച്ചെടുത്തതാണീ മന്ത്രി സ്ഥാനമെന്ന് നാട്ടാര്‍ക്കെല്ലാം അറിയാവുന്നതാണ്. എന്നാലും അങ്ങിരിക്കുന്നത് പൊതുജനമെന്ന കഴുതകള്‍ നികുതിപ്പണം കൊണ്ട് കെട്ടിയൊരുക്കി ചുമക്കുന്ന മന്ത്രിക്കസേരിയിലാണെന്ന് ഇടക്കെങ്കിലും ഓര്‍ക്കുന്നത് നന്ന്. കോഴിക്കോട്ടെ സര്‍വകലാശാല പറന്പ് കുടുംബക്കാര്‍ക്കും കൂട്ടുകാര്‍ക്കും വീതിച്ചു നല്‍കി, മന്ത്രിമന്ദിരത്തിന് സ്വന്തം വീടിന്‍റെ പേരിട്ട മന്ത്രി സാറേ വിദ്യാഭ്യാസത്തെ പച്ച പിടിപ്പിക്കാന്‍ അങ്ങ് ഇനി എന്താണോ ചെയ്യാന്‍ പോകുന്നതെന്ന് പേടിയോടും ആശങ്കയോടും കാത്തിരിക്കുന്നു... വാപ്പ പണ്ട് ഉപമുഖ്യാനായിരുന്നിരിക്കാം. പക്ഷേ എന്തായാലും അതിന്‍റെ തയന്പൊന്നും നമ്മുടെ റബ്ബ് സാഹിബിന്‍റെ ആസനത്തിലില്ല. പകരം അവിടെ കാണുന്നത് നല്ല ഒന്നാന്തരമൊരു ആല്‍മരമാണ്. നാണമില്ലാത്തവന്‍റെ ആസനത്തില്‍ മുളച്ചു പൊങ്ങുന്ന ആല്‍മരം.  

Monday, June 16, 2014

കുണ്ടറ കാസ്ട്രോയുടെ രണ്ടാം കുണ്ടറ വിളംബരം



ബേബി സഖാവ് വീണ്ടും സാമാജിക മന്ദിരത്തിന്‍റെ പടികടന്ന് അകത്തു കയറിയതോടെയാണ് കുണ്ടറയിലെ ജനസമൂഹത്തിന്‍റെ ശ്വാസം നേരെ വീണത്. ബേബി സഖാവിന്‍റെ കുണ്ടറ വിളംബരത്തില്‍ നടുങ്ങി നില്‍ക്കുകയായിരുന്നു നാടും നാട്ടാരും. ആ ആശങ്കകളെല്ലാം അവസാനിച്ചിരിക്കുന്നു. പക്ഷേ ബേബി സഖാവ് ഇനിയും മനസു തുറന്നിട്ടില്ല. കൊല്ലം ചതിച്ചെങ്കിലും കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിച്ച കുണ്ടറ ചതിക്കാമോ? അതും ജനകീയ ജനാധിപത്യ വിപ്ലവ ഭൂമിയായ കുണ്ടറ...  കുഞ്ഞൂഞ്ഞിന് പുതുപ്പള്ളിയും കുഞ്ഞുമാണിക്ക് പാലായും കുഞ്ഞാപ്പയ്ക്ക് വേങ്ങരയും പോലല്ലേ ബേബി സഖാവിന് കുണ്ടറ. ഈ കുണ്ടറ സ്നേഹം കൊണ്ടല്ലേ പില്‍ക്കാലത്ത് കുണ്ടറ കാസ്ട്രോയെന്ന് വിഖ്യാതനായതും. പക്ഷേ കുണ്ടറയില്‍ എന്തുകൊണ്ട് തോറ്റു... പ്രതിക്രിയാ വാദികളും വിഘടനവാദികളും തമ്മിലുള്ള അന്തര്‍ധാര സജീവമായതൊന്നുമല്ല പ്രശ്നം. ബേബി സഖാവേ കാര്യം നിസാരമാണ്. അങ്ങയോടുള്ള കുണ്ടറക്കാരുടെ സ്നേഹമാണ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കണ്ടത്. അഖിലഭാരത കമ്യൂണിസ്റ്റ് പ്രസ്ഥാനം അധികാരത്തിലേറിയാല്‍ പ്രധാനമന്ത്രിയാകേണ്ടവനായിരുന്നല്ലോ അങ്ങ്. പക്ഷേ ആ നേട്ടത്തില്‍ നഷ്ടം കുണ്ടറക്കാര്‍ക്ക് മാത്രമല്ലേ. പ്രധാനമന്ത്രിക്കസേരയിലേറിയാല്‍ അങ്ങ് കുണ്ടറയുടെ സാമാജിക കസേരയൊഴിയും. പിന്നെ പ്രാക്കുളം പള്ളിയിലെ ഒപ്പീസും ഓശാനയും കൂടാന്‍ അങ്ങേയ്ക്കൊക്കുമോ... സാഹിത്യവും സംഗീതവും സ്വരലയവുമെല്ലാം  കൈമോശം വരില്ലേ.. അങ്ങയുടെ സന്തോഷവും രീതികളുമെല്ലാം നഷ്ടമാകില്ലേ... സാംസ്കാരിക നായകപ്പട്ടം ഒഴിയേണ്ടി വരില്ലേ ... ബൂര്‍ഷ്വാ മാധ്യമങ്ങളുടെ സ്തുതിപാടലിന് നിന്നു കൊടുക്കേണ്ടി വരും. അങ്ങ് അങ്ങല്ലാതാകുന്നത് കുണ്ടറയ്ക്ക് സഹിക്കാനാകുമോ. അതിന് കുണ്ടറ സമൂഹം കണ്ടെത്തിയ പ്രതിവിധിയാണ് അങ്ങയെ  പരാജയപ്പെടുത്തുകയെന്നത്. തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ അങ്ങ് കുണ്ടറയുടെ സാമാജികനായി തന്നെയായി തുടരും. ഇഷ്ടക്കുറവു കൊണ്ടല്ല സഖാവേ ഇഷ്ടക്കൂടുതല്‍ കൊണ്ടാണ് കുണ്ടറക്കാര്‍ ഇങ്ങനെ ചെയ്തത്. അങ്ങയെ കൈവിടാനുള്ള മടികൊണ്ടാണ്. അതിന്‍റെ പേരില്‍ അങ്ങ് ഒരിക്കലും കുണ്ടറയെ കൈവിടരുത്. അങ്ങ് സാമാജികമന്ദിരത്തിനകത്ത് കയറാതിരുന്നിട്ടും കണ്ടറ പിണങ്ങിയില്ല. സാമാജികപട്ടമൊഴിയും എന്ന അങ്ങയുടെ കുണ്ടറ വിളംബരം പക്ഷേ അങ്ങ് പിന്‍വലിക്കണം. ഒരിക്കലും കിട്ടാനിടയില്ലാത്ത പ്രധാനമന്ത്രി കസേരയേക്കാള്‍ എന്നെങ്കിലും കിട്ടാനിടയുള്ള മുഖ്യമന്ത്രി കസേര തന്നെയല്ലേ സഖാവേ നല്ലത്. അതിനു പറ്റിയത് കുണ്ടറ തന്നെയാണ്. കുണ്ടറയുടെ സാമാജിക കസേരയാണ്. അതിനു പറഞ്ഞ വാക്കു വിഴുങ്ങിയാലും വിളംബരം പിന്‍വലിച്ചാലും തെറ്റില്ല. സമ്മര്‍ദം ചെലുത്താന്‍ പ്രസ്ഥാനം തയാറുള്ളപ്പോള്‍ എന്തിനു ശങ്കിക്കണം ബേബി സഖാവേ... 
 

Friday, April 4, 2014

ജനാധിപത്യം അഥവാ ജനങ്ങളുടെ മേലുള്ള ആധിപത്യം



          ജനാധിപത്യമെന്നത് ജനങ്ങളുടെ ആധിപത്യമല്ല. മറിച്ച് അത് ജനങ്ങളുടെ മേലുള്ള ആധിപത്യമാണ്. പൊതുജനം കഴുതകളായി മാറുന്പോള്‍ കഴുതയും കഴുതക്കാരനും തമ്മിലുള്ള ബന്ധം പോലെ. ബദലുകളില്ലാത്ത രാഷ്ട്രീയമാണ് ഇന്ന് ജനാധിപത്യം നമുക്ക് വച്ചു നീട്ടുന്നത്. എല്ലാവരും കേമന്‍മാരായതു കൊണ്ടല്ല ഇവിടെ ബദലുകള്‍ അപ്രത്യക്ഷമാകുന്നത്. മറിച്ച് ജനാധിപത്യത്തെ എല്ലാവരും ഒരുപോലെ  അടിച്ചമര്‍ത്താനുള്ള അധികാരമാക്കുന്നത് കൊണ്ട് മാത്രം. ബദലുകളില്ലാത്ത ജനാധിപത്യത്തിന്‍റെ ഉല്‍സവമാണ് ഇന്ന് ഭാരതദേശം കൊണ്ടാടുന്നതെന്ന് കൂപന്‍ പറയും. ഒരുവശത്ത് ശതകോടികള്‍ കട്ടുമുടിച്ച കോണ്‍ഗ്രസും സില്‍ബന്ധികളും. മറുവശത്ത് ജനാധിപത്യത്തില്‍ എങ്ങനെ ഏകാധിപതിയാകാമെന്ന് തെളിയിച്ച മോദിയും പരിവാരങ്ങളും. ഇവരിലൊരു പക്ഷത്തെ വരിച്ചേ മതിയാകൂ. സ്വന്തം കാലില്‍ നില്‍ക്കാന്‍ കെല്‍പില്ലാതെ അന്യന്‍റെ തോളില്‍ തൂങ്ങി, ചാപിള്ളയായി പിറക്കുന്ന മൂന്നാം ബദല്‍. അസ്ഥിരതയും അരാജകത്വവും സാധാരണക്കാരന്‍റെ അവകാശപ്രഖ്യാപനങ്ങളാക്കുന്ന ആം ആദ്മികള്‍, ദ്രവിച്ചു തീരാറായ ഈര്‍ക്കില്‍ പാര്‍ട്ടികള്‍ അങ്ങനെ പലതും ഇതിനെല്ലാമൊപ്പം. വലംകാലിലെ മന്ത് ഇടം കാലിലേക്ക് മാറുന്നു എന്നതിലപ്പുറം എന്തെങ്കിലുമുണ്ടോ ജനാധിപത്യം എന്ന വാക്കിന് ഈ തിരഞ്ഞെടുപ്പ് കാലത്ത് ജനത്തിന് പകര്‍ന്നു നല്‍കാന്‍.
 
 
പക്ഷേ ഒന്നുണ്ട്, ബദലുകളില്ലാത്ത തിരഞ്ഞെടുപ്പാണെങ്കിലും പൊതുജനം എന്ന കഴുതയുടെ വില കഴുതക്കാരന്‍ തിരിച്ചറിയുന്ന, കുറഞ്ഞപക്ഷം അറിയുന്നതായി നടിക്കുന്ന, നാളുകളാണിത്. പോളിങ് ബൂത്തുകളിലേക്ക് പോകുന്പോള്‍ ഭാരതം ആരെ തിരഞ്ഞെടുക്കും? കളത്തിലിറങ്ങും മുന്പേ തോല്‍വി സമ്മതിച്ച കോണ്‍ഗ്രസിനെയോ? അധികാരത്തിലേറും മുന്പു തന്നെ വരാനിരിക്കുന്ന ശൈലിയുടെ ശകലങ്ങള്‍ മനസിലാക്കി തന്ന മോദിയെയും സംഘത്തെയുമോ?
 
 
ഐക്യപുരോഗമനസഖ്യത്തിന്‍റെ പത്തുവര്‍ഷത്തെ  ഏറ്റവും വലിയ ഭരണനേട്ടം എന്ത്? ഭാരതീയര്‍ കേള്‍ക്കാത്ത, പറഞ്ഞു നോക്കാന്‍ പോലും ധൈര്യപ്പെടാത്ത സംഖ്യകള്‍ പറയാന്‍ പഠിപ്പിച്ചു. ഒരു ലക്ഷത്തി എഴുപത്തിയാറായിരം കോടിയെന്നും രണ്ടു ലക്ഷം കോടിയെന്നുമുള്ള അഴിമതിയുടെ പുതിയ അക്കങ്ങളായിരുന്നോ കഴിഞ്ഞ ഒരു ദശാബ്ദത്തിലെ പുരോഗമനം? അതിര്‍ത്തി കടന്നെത്തിയ ശത്രു ഇന്ത്യന്‍ സൈനികന്‍റെ തലയരിഞ്ഞപ്പോള്‍ ഒന്നുമുരിയാടതെ നിന്ന ഷണ്ഡത്വവും ഭരണനേട്ടമായി പറയാം ഐക്യപുരോഗമനസഖ്യ സഖാക്കള്‍ക്ക്. വന്‍കിട മുതലാളിമാര്‍ക്ക് വിടുപണി ചെയ്ത്, സാധാരണക്കാരന്‍റെതലയില്‍ ഭാരമേറ്റിയുള്ള പത്തു വര്‍ഷക്കാലത്ത് പറയാന്‍ ഇറ്റലിക്കാരിക്കും പുത്രനും ഇനിയും നേട്ടങ്ങളേറെയുണ്ട്... ഈ ഭരണനേട്ടങ്ങളെല്ലാം ജനങ്ങളുടെ മനസിലുണ്ട് എന്നറിയാവുന്നതു കൊണ്ടായിരിക്കണം രാഹുലകുമാരന്‍ ഐക്യപുരോഗമന സഖ്യത്തിന്‍റെ മൂന്നാമൂഴം കിനാവു കാണാത്തത്.
 
 
ഇനി മറുവശം. കണ്ടത് മനോഹരം. കാണാത്തത് അതിമനോഹരമാണോയെന്ന് കൂപന്‍ ഭയക്കുന്നു. ഗുജറാത്ത് എന്ന ഇരുന്പു മറയ്ക്ക് അപ്പുറത്തു നിന്ന് വരുന്നത് മോദി സ്തുതികള്‍ മാത്രമാണ്. നമോയായും ഹര ഹര മോദിയായും അവ ഒഴുകുന്നു. അടിച്ചമര്‍ത്തപ്പെട്ടവന്‍റെ വിലാപങ്ങള്‍ ഈ പ്രകീര്‍ത്തനങ്ങള്‍ക്കിടയിലും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ആയിരക്കണക്കിന് നിരപരാധികളുടെ ചോരക്കറകള്‍ പ്രധാനമന്ത്രി കുപ്പായം തുന്നിയിരിക്കുന്ന മാന്യന്‍റെ കയ്യില്‍ ഇപ്പോഴുമുണ്ട്. ഭാരത ചരിത്രത്തില്‍ ജനാധിപത്യത്തിലെ ആദ്യ ഏകാധിപതി(ഇന്ദിര ഏകാധിപതിയല്ലെങ്കില്‍...) അടിമകളെ, പ്രജകളെ കാത്ത് സിംഹാസനത്തിലേറാന്‍ തയാറായി ഇരിക്കുന്നുണ്ട്. സ്വന്തം പക്ഷത്തെ സഹയോഗികള്‍ തന്നെ അത് തിരിച്ചറിയുന്നുമുണ്ട്.
 
പിന്നെയാര്?.... മൂന്നു സംസ്ഥാനങ്ങളില്‍ നിന്ന് രണ്ടിലേക്കൊതുങ്ങുന്ന ഇടതുപക്ഷ സമൂഹമോ? സ്വാര്‍ഥ താല്‍പര്യങ്ങളുള്ള ജയ മായ മമത ത്രയങ്ങളോ.... അരാജകത്വം പ്രസംഗിക്കുന്ന ആം ആദ്മികളോ? ആരെയാണ് ഭാരതം വരിക്കുക? ആരെയെങ്കിലും സ്വീകരിച്ചേ മതിയാകൂ. കാരണം അത് വിധിയാണ്. ജനാധിപത്യം ജനങ്ങളുടെ മേലുള്ള ആധിപത്യമായി മാറുന്പോഴുള്ള അനിവാര്യതയാണ്.
 

(ഇതൊരു അരാജകത്വ പ്രഖ്യാപനമല്ല.... ഏത് ചിഹ്നത്തിനു നേരെ കുത്തും എന്ന് സംശയിക്കുന്ന ഒരു സാധാരണക്കാരന്‍റെ ചോദ്യമാണ്. അഭിപ്രായങ്ങള്‍ മാത്രമാണ്. ജനാധിപത്യത്തില്‍ വിശ്വസിക്കുന്നതിനാല്‍ മാത്രം ഈ കുറിപ്പ്. )

Sunday, March 23, 2014

താമരക്കൊടിത്തറവാട്ടിലെ കസേരകലഹം


 കനകം മൂലം കാമിനി മൂലം  കലഹം പലവിധമുലകില്‍ സുലഭം. എന്നാല്‍ താമരക്കൊടി തറവാട്ടിലെ കലഹകാരണം കനകവും കാമിനിയുമല്ല.... കസേരയാണ്....  കസേരയെന്നാല്‍ വെറും കസേരയല്ല. അഖിലഭാരത ദേശവും ഭരിച്ചുവിഹരിക്കാന്‍(കട്ടുമുടിച്ച് വിറ്റുതുലയ്ക്കാനെന്നും പറയാം) വേണ്ടിയുള്ള അധികാരക്കസേരയാണിത്.  കസേരപുരാണം പറയുന്പോള്‍ ഒന്നാം കസേര കലഹത്തെ കുറിച്ച് പറയാതെ വയ്യ.  തറവാട്ടുകാരണരോടുടെ കസേരയില്‍ വാണിരുന്ന ബിഹാരിയപ്പന്‍ കിടപ്പിലായതോടെ തുടങ്ങിയതാണ് ഈ കസേരകളി. അരച്ചന്തി കസേരയില്‍ ഉറപ്പിച്ച് മൂത്തമ്മാവന്‍ ലാലകൃഷ്ണന്‍ ബിഹാരിയപ്പന്‍റെ പിന്‍ഗാമിയാകുന്ന സ്വപ്നം കണ്ട് ഉണ്ടുറങ്ങുന്ന കാലത്താണ് ഒന്നാം കസേര കലഹം ഉടലെടുത്തത്. പടിഞ്ഞാറ്റിനിയില്‍ ഉണ്ടുറങ്ങിയിരുന്ന മോദിയപ്പനാണ്  ലാലകൃഷ്ണക്കസേരയില്‍ പിടിത്തമിട്ടത്. സ്വയംസേവകരായ കിങ്കരന്‍മാരുടെയും മച്ചുനന്‍മാരുടെയും തുണയാല്‍ മോദിയപ്പന്‍ ലാലകൃഷ്ണനെ തള്ളിത്താഴെയിട്ടു കസേര പിടിച്ചതോടെ ഒന്നാം കസേര കലഹം അവസാനിച്ചു. നേര്‍പ്പെങ്ങള്‍ സുഷമയമ്മ മോദിയപ്പനെതിരെ വാളെടുത്തെങ്കിലും തറവാട്ടോഹരി കിട്ടില്ലെന്ന ഭീഷണിയില്‍ ഉടവാള്‍ ചേലക്ക് പിറകിലൊളിപ്പിച്ചു. അങ്ങനെ കാലം പോയനേരമാണ് രണ്ടാം കസേര കലഹം പൊട്ടിപ്പുറപ്പെട്ടത്. പക്ഷേ ഒന്നാം കസേരകലഹത്തോളം വീറും വാശിയുമില്ല രണ്ടാം കലഹത്തിന്.  തറവാട് രക്ഷപെടുമെന്ന് കണ്ടതോടെ അഖിലഭാരരതദേശത്തു നിന്നും  പുതിയ സംബന്ധങ്ങളും ബാന്ധവങ്ങളുമെല്ലാമയതോടെ കുടുംബത്ത് ഇരിക്കാന്‍ കസേരയില്ലാതായി. വന്നവര്‍ വന്നവര്‍ കിട്ടിയ കസേരകളില്‍ ഇരുന്നു. തറവാട്ടിലുണ്ടുറങ്ങിയിരുന്നോര്‍ക്ക് ഉണ്ടായിരുന്ന കസേരകള്‍ ഇല്ലാതായി. കസേരയില്‍ നിന്ന് ആസനം പൊക്കിയാല്‍ വന്നുകയറിയവരോ, കസേര പോയവരോ അവിടെയിരിക്കുമെന്ന സ്ഥിതി. മോദിയപ്പനോട് പൊരുതിത്തോറ്റ ലാലകൃഷ്ണന്‍ ഏറെ കഷ്ടപ്പെട്ടാണ് സ്വന്തം കസേര കാത്തത്.  പക്ഷേ പടിഞ്ഞാറ്റിനിയില്‍ലഇട്ടിരിക്കുന്ന ഈ കസേരയുടെ കാല് മോദിയപ്പന്‍ തന്നെ ഊരുമെന്ന പേടിയില്‍ ലാലകൃഷ്ണന് ഉറക്കം പോലുമില്ലത്രേ. കസേര നടുത്തളത്തിലേക്കോ ഉമ്മറത്തേക്കോ മാറ്റിയിട്ടോട്ടേയെന്ന് ലാലകൃഷ്ണന്‍ ഇണങ്ങിയും പിണങ്ങിയും ചോദിച്ചെങ്കിലും മോദിയപ്പന്‍ കേട്ടഭാവം നടിച്ചില്ല. നേരമ്മാവന്‍ മനോഹരമുരളിക്ക്  ഉള്ള കസേര പോയെങ്കിലും കാലിളകിയ മറ്റൊരു കസേര മോദിയപ്പന്‍ കനിഞ്ഞു നല്‍കി.  ബിഹാരിയപ്പന്‍ വാണ കാലത്ത് തറവാടിന്‍റെ പണപ്പെട്ടി കാക്കുകയും പിന്നെ അയല്‍വീടുകളില്‍ കറങ്ങി നടക്കുകയും ചെയ്ത ജസ്വന്തപ്പനാണ് ഒടുവില്‍ ഇടഞ്ഞത് സ്വന്തം മുറിയില്‍ കസേരയിട്ടിരിക്കണമെന്നായിരുന്നു ആവശ്യം. പ്രായം കടന്നു പോയതിനാല്‍ തല്‍ക്കാലം കസേരയിലിരിക്കേണ്ടെന്ന് പറഞ്ഞ് മോദിയപ്പന്‍ ജസ്വന്തപ്പന്‍റെ കണങ്കാലിനു തന്നെ വെട്ടി. താഴെ വീണ ജസ്വന്തപ്പന്‍ സ്വന്തമായൊരു കസേര ഉണ്ടാക്കി അതിലിരിക്കാനുള്ള പുറപ്പാടിലാണ്. താമരക്കൊടിത്തറവാട്ടിലെ മച്ചുനന്‍മാരും അനിയന്‍മാരും എല്ലാം പുതിയ കലഹത്തിനു കോപ്പു കൂട്ടുന്നുണ്ടെന്നാണ് പിന്നാന്പുറ വര്‍ത്തമാനം. രണ്ടാം കസേരകലഹത്തില്‍ എതിരാളികളെ  അരിഞ്ഞു വീഴ്ത്താന്‍ മോദിയപ്പന് തുണായായി ജ്യേഷ്ഠന്‍ രാജനാഥനും, നേരനുജന്‍ അരുണവക്കീലുമുണ്ട്. സ്വന്തം കസേരകാക്കാന്‍ താലം പിടിക്കുന്നവരെ പോലും അരിഞ്ഞു വീഴ്ത്തുന്ന മോദിയപ്പന്‍റെ ചരിത്രവും പാരന്പര്യവും ഇരുവരും ഓര്‍ക്കുന്നത് നന്ന്. കസേര നിരത്തിയിട്ടിട്ടും ഉള്ള കസേരയില്‍ പോലും ഇരിക്കാന്‍ ആളില്ലാത്തവിധം ക്ഷയിച്ചു പോയ കൈക്കൊടി തറവാട്ടുകാര്‍ക്ക് ആസനത്തില്‍ മുളച്ച ആലിന്‍റെ തണലിലിരുന്നു അയല്‍പക്കത്തെ ഈ കസേരകലഹം കാണാം. 

Saturday, March 22, 2014

കത്തോലിക്കാ സഭയിലെ അന്തിക്രിസ്തുമാര്‍



കേരളത്തിലെ കത്തോലിക്കാ സെമിനാരികളില്‍ പഠിപ്പിക്കുന്നത് ദൈവശാസ്ത്രമാണോ അതോ കച്ചവട ശാസ്ത്രമാണോ.... കുറച്ച് കാലമായി കൂപനു ഈ സംശയം തുടങ്ങിയിട്ട്. കേരളത്തിലെ കത്തോലിക്കാ സഭയുടെ മട്ടും മാതിരിയും പോക്കും പൊക്കണവും കണ്ട് തോന്നിയതാണ് ഈ സംശയം. ദൈവശാസ്ത്രത്തേക്കാള്‍ സഭയിലെ വൈദികരിലേറെയും ഇന്ന് പരിണത പ്രജ്ഞരായിക്കൊണ്ടിരിക്കുന്നത് കച്ചവട ശാസ്ത്രത്തിലാണ്. പള്ളിക്കൂടങ്ങളെന്ന പേരില്‌ ചാവറ കുര്യാക്കോസച്ചന്‍ തുടങ്ങി വച്ച പാവനമായ ആശയത്തെ സ്വാശ്രയ കച്ചവടത്തിന്‍റെ തൊഴുത്തില്‍ കെട്ടിയവരാണിന്ന് കേരളത്തിലെ സഭയെ നയിക്കുന്നവരില്‍ പലരും. അധ്യാത്മിക നേതാവിനേക്കാള്‍ വെറുമൊരു സമുദായ നേതാവിന്‍റെ  ഭാഷയായി അല്ലെങ്കില്‍ മൂന്നാം കിട രാഷ്ട്രീയക്കാരന്‍റെ കവല പ്രസംഗമായി  തരം താണുപോകുന്നു ഇവരില്‍ പലരുടെയും ഭാഷ. ഇടയലേഖനമെന്ന ഉമ്മാക്കി കൈയിലുണ്ടെങ്കില്‍ എന്തുമാകാമെന്ന ഈ തണ്ട് നല്ലതല്ല... ഈ ഇടയലേഖനകള്‍ കേട്ട് എത്ര കുഞ്ഞാടുകള്‍ അതില്‍ പറയും പോലെ മേയുന്നുണ്ട് എന്നത് വേറെ ചോദ്യം. വോട്ട് ബാങ്കില്‍ അക്കൗണ്ടിടാന്‍ നടക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഇവിടെയുണ്ടെങ്കില്‍ എന്തുമാകാമെന്ന മുഷ്കിന്‍റെ ഒടുവിലത്തെ ഇരയും ഉദാഹരണവുമാകുന്നു പ്രൊഫസര്‍ ടി.ജെ.ജോസഫ്. മതതീവ്രവാദികള്‍ പ്രൊഫസര്‍ ജോസഫിന്‍റെ കൈവെട്ടിയെങ്കില്‍  മാമ്മോദീസാ മുക്കിയ സഭ അറുത്തു മാറ്റിയത് അദ്ദേഹത്തിന്‍റെ നല്ല പാതിയെ ആണ്. മതതീവ്രവാദികള്‍ ചെയ്ത ക്രൂരതയേക്കാള്‍ ഒരു പടി കൂടി കടന്നു പോയില്ലേ ജോസഫിനോട് അദ്ദേഹത്തിന്‍റെ സഭ കാണിച്ചത്. എത്ര പാട്ടുകുര്‍ബാന ചൊല്ലിയാലും സലോമിയുടെ മരണത്തിന്‍റെ പാപക്കറകള്‍ പുരോഹിതഗണത്തിന്‍റെ വെളുത്ത ളോഹയില്‍ നിന്ന് മായില്ല. നാലുവര്‍ഷത്തെ സേവന ആനുകൂല്യങ്ങള്‍ നല്‍കേണ്ടി വരുമെന്നതിന്‍റെ പേരിലാണ് പ്രഫസര്‍ ജോസഫിനെ തിരികെയടുക്കാന്‍ മടിക്കുന്നതെങ്കില്‍ കേരളത്തിലെ പ്രബുദ്ധസഭയെ ഓര്‍ത്ത് ലജ്ജ തോന്നുന്നു. പ്രൊഫസര്‍ ജോസഫ് തയാറാക്കിയ ചോദ്യപേപ്പര്‍ ശരിയോ തെറ്റോ എന്തുമാകാട്ടെ,  മറ്റുള്ളവരുടെ തെറ്റുകള്‍ പൊറുക്കാന്‍ പഠിപ്പിച്ച ക്രിസ്തുവിന്‍റെ അനുയായികള്‍ അദ്ദേഹത്തെ ശിക്ഷിക്കുന്നത് അന്യായമല്ലേ... ബൈബിള്‍ മുഴുവനായി വേണ്ട, നാലു സുവിശേഷമെങ്കിലും ഒരുതവണ മനസിരുത്തി വായിച്ചിരുന്നവെങ്കില്‍, യേശുക്രിസ്തു പഠിപ്പിച്ച വഴി എന്താണെന്ന് മനസിലാക്കിയിരുന്നു എങ്കില്‍ പൊന്നച്ചന്‍മാരെ നിങ്ങള്‍ എന്നേ നന്നായി പോയെനെ.... മത്തായിസുവിശേഷകന്‍റെ ഏഴാം അധ്യായത്തിലെ ആദ്യവരികള്‍ ഒന്നു മനസിലോര്‍ത്തു വച്ചോ പ്രിയ പുരോഹിത ശ്രഷേഠരേ...
 

""  നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ തന്നെ നിങ്ങളും വിധിക്കപ്പെടും. നിങ്ങള്‍ അളക്കുന്ന അളവുകോലുകൊണ്ടു തന്നെ നിങ്ങള്‍ക്കും അളന്നു കിട്ടും. നീ സോഹദരന്‍റെ കണ്ണിലെ കരടു കാണുകയും നിന്‍റെ കണ്ണിലെ തടിക്കഷണം കാണാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്?'' (മത്തായി7: 2...3)

Friday, February 7, 2014

ഒരു ദേശാധിപതിയുടെ ദുഃഖങ്ങള്‍


സമസ്ത ഭാരതദേശത്തെയും ഉല്‍കൃഷ്ടഭൂവായ ദില്ലി ദേശം വാണരുളും ചൂലുശ്രീമാന്‍ കെജ്്രിവാളോന്‍ അന്പേ വിവശനാണ്... മാനത്തൂടെ പറന്നു പോയൊരു വയ്യാവേലിയെ ഏണിയിലേറി പിടിച്ച നിമിഷത്തെ പഴിക്കയല്ലാതെന്തു ചെയ്യാന്‍.. എന്നാലും ഇത് ഇമ്മിണി കടുത്തൊരു ചെയ്ത്തായി പോയി. വേണ്ടാ വേണ്ടായെന്നു പലയാവര്‍ത്തി ചൊല്ലിയിട്ടും മാളോരെല്ലാം  ചേര്‍ന്ന് കെട്ടിയേല്‍പിച്ചില്ലേ ദേശാധിപതി സ്ഥാനം. കോഴിമുട്ടയില്‍ പൊതിഞ്ഞൊരു കൂടോത്രമാണീ സിംഹാസനമെന്ന് അന്നാരറിഞ്ഞൂ... ചൂലുമായി ദേശം വൃത്തിയാക്കാനിറങ്ങിയ സമരസമായ ജീവിതം അവിടെ തീര്‍ന്നു. ഹോ... ഭരണത്തേക്കാള്‍ എത്രയോ മനോഹരം സമരം. വിമര്‍ശനത്തിനപ്പുറം ഒരാധിയുമില്ല അന്തവുമില്ല..
 
പുകള്‍പ്പറ്റെ പുകഴ്ത്തിയ മാധ്യമ പാണസംഘമെല്ലാം മറുകണ്ടം ചാടിയിരിക്കുന്നു. സമരവേദികളുടെ തല്‍സമയ വിശേഷങ്ങള്‍ നാട്ടാരെ അറിയിച്ചോര്‍, സമരക്കാരന്‍ ദേശാധിപതിയായപ്പോള്‍ ക്രൂശീക്കാനൊരുന്പെട്ടിരിക്കുന്നു. ഒരിക്കലും നന്നാവില്ല പാണന്‍മാരേ  നിങ്ങള്‍. പാണസംഘങ്ങള്‍ മാത്രമല്ല, കൈപിടിച്ചുയര്‍ത്തിയ അണ്ണനും കൈവിട്ടിരിക്കുന്നു. അസൂയ അല്ലാതെന്തു പറയാന്‍..... വെളിച്ചമണച്ചും, കുടിവെള്ളം മുട്ടിച്ചുമെല്ലാം പാരകള്‍ പലവിധം..... ഇതിനിടെയിലാണ് ഇടംഭാഗത്തു പ്രതിഷ്ഠിച്ച നിയമവിശാരദന്‍ സോമനാഥന്‍റെ ഭരണ ലീലാവിലാസങ്ങള്‍.....  ചൂലെടുത്തോനെല്ലാം ആം ആദ്മികളായി... ആപ്പില്‍ വീണ മര്‍ക്കടന്‍റെ അവസ്ഥ തന്നെ
 
താന്‍ കുഴിച്ച കുഴിയല്ലാതെന്ത്....?     ദേശത്തെ വിവരങ്ങള്‍ പ്രജകള്‍ക്ക് നല്‍കണമെന്ന് വാദിച്ചത് എന്തബദ്ധമായെന്ന് ഇപ്പോഴല്ലേ തിരിയുന്നത്. പ്രജകള്‍ക്ക് കൊടുക്കാനാകാത്ത എത്രയോ വിവരങ്ങള്‍ ഈ നാട്ടുരാജ്യത്തുണ്ട്. ദേശാധിപപതി പോലും അതില്‍ നിന്ന് മുക്തനല്ല.  രാജ്യം വാണരുളന്നവന്‍റെ കിടപ്പറ വിശേഷങ്ങള്‍ പോലും തേടുന്നു ദേശ വിവരാവകാശത്തിലൂടെ... വിവരം കെട്ട  പരിഷകള്‍....
 
ഒരു കണ്‍കെട്ടിലൂടെ എല്ലാം മായ്ക്കാമെന്നു ധരിച്ചാണ് പഴയ സമരകുപ്പായവുമായി തെരുവിലിരങ്ങിയത്. പക്ഷേ നേരത്തോടു നേരം ചെല്ലും മുന്പ് സമരപ്പായ ചുരുട്ടേണ്ടി വന്നു... നൂറു ദിനം തെരുവില്‍ കഴിഞ്ഞാലും ഒന്നും നടക്കില്ലെന്ന് മനസിലാക്കാന്‍ നാഴികകളേ വേണ്ടി വന്നുള്ളൂ...  നാടുവാണരുളിയ നാല്‍പ്പതു ദിനങ്ങള്‍ കൊണ്ട് ഒന്നു പഠിച്ചിരിക്കുന്നു... വാഗ്ദാനങ്ങള്‍ പാലിക്കാനുള്ളതല്ല... പറയാനുള്ളതാണ്... പാലിച്ചാല്‍ വാഗ്ദാനങ്ങള്‍ വാഗ്ദാനങ്ങളല്ലാതാകില്ലേ....
 

  ഉരുണ്ടുരുണ്ട് പോകുന്ന ഈ ഭരണശകടത്തില്‍ നിന്ന് ഒന്നു ചാടാന്‍ എത്ര നോക്കി. പക്ഷേ സമ്മതിക്കുന്നില്ല. ഈ സിംഹാസനത്തില്‍ നിന്നിറക്കാന്‍ എത്രവട്ടം കേണു... ആരുകേള്‍ക്കാന്‍.. അറ്റകൈ പ്രയോഗം തന്നെ ഇനി രക്ഷ... കസേരതാങ്ങികളെ ചവിട്ടി താഴെയിടുക തന്നെ.കസേരതാങ്ങികള്‍ക്കെതിരെ പുതു പുതു കുറ്റങ്ങള്‍ ചുമത്താന്‍ കാരാഗൃഹ പാലകനോട് ആ‍ജ്ഞാപിക്കാം... അനുസരിച്ചില്ലെങ്കില്‍ അപേക്ഷിക്കാം.... .. ഗതിമുട്ടി താങ്ങികളെല്ലാം കസേര വിട്ടോടുമെന്നാശിക്കാം... . അങ്ങനെയങ്കിലും ഈ ദേശാധിപതി സിംഹാസനം തലയില്‍ നിന്ന് ഒഴിവായാല്‍ മതിയായിരുന്നു. ഈ ദില്ലിദേശത്ത് സമരത്തിനായി എത്ര ഭൂമികകള്‍ ഇനിയും ബാക്കി കിടക്കുന്നു.... സമരം... സമരം.. എത്ര മനോഹരമായ പദം... അവിടെ ഉള്ളത് ആവശ്യങ്ങള്‍ മാത്രം... മേന്പൊടിക്ക് മുദ്രാവാക്യങ്ങളും... ഉത്തരവാദിത്തങ്ങളില്ലാതെ എന്തു സുന്ദര ജീവിതം... ഭരണത്തേക്കാള്‍ സുന്ദരം സമരം തന്നെ..... 

Monday, February 3, 2014

പിടിച്ചതിലും വലുതോ അളയില്‍...?




ഭാരതദേശത്തെ ദാരിദ്ര്യമുക്തമാക്കാന്‍ അവതാരപ്പിറവിയെടുത്ത പുണ്യാത്മാക്കളേ നിങ്ങള്‍ക്ക് സ്തുതി. രാഹുല കുമാരനും താമരത്തന്പുരാനും പാവപ്പെട്ടവന്‍റെ പിച്ചച്ചട്ടിയില്‍ കൈവിട്ടു വാരാന്‍ ഒരുമിച്ച് അണിചേര്‍ന്നിരിക്കുന്നു. സന്തോഷിക്കുവിന്‍...  ഇതാണ് ഭാരതദേശത്തെ ജനാധിപത്യം. ഭിക്ഷക്കാരന്‍ പോലും ധനികനാകുന്ന മധുരമനോജ്ഞ ജനാധിപത്യകാലം. ദാരിദ്രന്‍മാരുള്ളതു കൊണ്ടല്ലേ ഈ ദേശത്ത് ദാരിദ്ര്യമുള്ളത്. അപ്പോള്‍ ദരിദ്രരില്ലെങ്കില്‍ ദാരിദ്ര്യവുമില്ല,. അങ്ങനെ പട്ടിണിപ്പരിഷകളുടെ ഈ ലോകം ഒരു മധുരമനോജ്ഞ കുബേരഭൂവായി മാറും.  പതിനൊന്നു ഉറുപ്പികയുണ്ടെങ്കില്‍ സുഭിക്ഷമായി ജീവിക്കാന്‍ കഴിയുമെന്ന് താമരത്തന്പുരാന്‍റെ നാട്ടുകാര്‍ പറഞ്ഞപ്പോഴാണ് കൂപനു തെര്യപ്പെട്ടത്. വിലക്കയറ്റം എന്തെന്നു പോലും അറിയാത്ത ജീവിത ചെലവ് തീരെയില്ലാത്ത ഈ രാജ്യത്ത് അത് സാധ്യമാണത്രേ. രണ്ടു നേരം മൃഷ്ടാന്നം സദ്യയും ഒരു നേരം മല്‍സ്യമാംസാദികള്‍ കൂട്ടി വിദേശി ശൈലിയില്‍ സുഭിക്ഷ ഭക്ഷണവും. ഇടനേരങ്ങളില്‍ പഴച്ചാറും സായന്തനങ്ങളില്‍ മുന്തിയ ഇനം സോമരസവും.... പിന്നെ വാഹനത്തിന് എത്രദൂരം പോകാനും  വെറും തുച്ഛ നിരക്കില്‍   ഇന്ധനവും. എല്ലാം കഴിഞ്ഞാലും പതിനൊന്നു  ഉറുപ്പികയില്‍ മൂന്നു ഉറുപ്പിക  കീശയിലുണ്ടാകും. സന്പാദ്യമായി. ആനന്ദലബ്ധിക്കിനിയെന്തുവേണം.... 27 ഉറുപ്പികയില്‍ താഴെ വരുമാനമുണ്ടാകുമെന്ന് പറഞ്ഞ മൊണ്ടേക സിംഹത്തിന്‍റെ കണക്കുകളില്‍ കാര്യമായ പിശകുകള്‍ പറ്റിയിരിക്കുന്നു. കണക്കു തെറ്റിച്ചു രാജ്യഭണ്ഡാരത്തിനു ശതകോടി പൊന്‍പണം നഷ്ടം വരുത്തിച്ച മൊണ്ടേക സിംഹത്തെ രാജ്യദ്രേഹ കുറ്റം ചുമത്തി തൂക്കിലേറ്റണം, രാഹുലകുമാരന്‍ അതു ചെയ്യുമെന്നാൡണ് കൂപന്‍റെ കിനാവ്. കാരണം വിശപ്പിനെ ഏറ്റവും മനോഹരമായി നിര്‍വചിച്ച രാഹുലകുമാരന് അത് ചെയ്യാതിരിക്കാനാവില്ല. വിശപ്പ് എന്നത് വെറും മാനസികാവസ്ഥ മാത്രമാണെന്ന് ആദ്യമായി കണ്ടെത്തിയ അദ്ദേഹത്തിന്‍റെ നിര്‍വചനം എത്ര ഉദാത്തമാണ്. പ്രജകളേ, നിങ്ങള്‍ക്ക് സുവര്‍ണകാലം വരുന്നു... പതിനൊന്നു രൂപയ്ക്ക് മുകളില്‍ വരുമാനമുള്ളവനെ ധനികാനാക്കുന്ന താമരത്തന്പുരാന്‍റെ  ബുദ്ധിവൈഭവം  വേണോ അതോ വിശക്കുന്നവനെ ഭ്രാന്തനെന്നു വിളിക്കുന്ന രാഹുലസിദ്ധാന്തം വേണോ.... ഏതു വേണമെങ്കിലും നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. കാരണം ഇത് ജനങ്ങള്‍ ജനങ്ങളാല്‍ ജനങ്ങള്‍ക്കു വേണ്ടി നടത്തപ്പെടുന്ന കൂട്ടു കച്ചവടമാകുന്നു.
 
 

Thursday, January 30, 2014

രാഹു(ല)കാലത്തെ പാതകവാചകങ്ങള്‍




                                             കഴുതകളില്‍ കഴുതകളായ ഭാരതീയ പ്രജകളേ..... നിങ്ങള്‍ക്ക് സമാധാനം. നിങ്ങള്‍ക്കായി ഒരു രക്ഷകന്‍ ജനപഥത്തില്‍ ജനിച്ചിരിക്കുന്നു. നിങ്ങളവനെ രാഹുലകുമാരന്‍ എന്നു വിളിക്കണം. വായില്‍ സ്വര്‍ണക്കരണ്ടിയുമായി, അംഗരക്ഷകരുടെ തോക്കിന്‍ കുഴലില്‍ ജനപഥങ്ങളില്‍ നിന്നകന്ന് അവന്‍ ജീവിക്കും. റോമാക്കാരിയായ അമ്മയുടെ സാരിത്തുന്പില്‍ പിടിച്ച് നിങ്ങളെ ഭരിപ്പാന്‍ അവന്‍ ഒരുനാള്‍ വരും. അവന്‍റെ ജല്‍പ്പനങ്ങള്‍ മണ്ടത്തരങ്ങളാകാം... പക്ഷേ പ്രജകള്‍ക്ക് അത് വേദവാക്യമാകണം. അവനു വഴിയൊരുക്കാന്‍ എണ്ണക്കാരന്‍ വീരപ്പമൂപ്പന്‍ സകലമാന ജനതയ്ക്കുമായി പ്രതിവര്‍ഷം നാലു റാത്തല്‍ അധികപാചകവാതകം അനുവദിച്ചിച്ചിരിക്കുന്നു. ആഹ്ലാദിപ്പിന്‍, സന്തോഷിപ്പിന്‍, സ്തുതിപ്പിന്‍ രാഹുലകുമാരന്‍റെ പ്രജാവാല്‍സല്യത്തെ. പ്രജകളില്‍ നിന്ന് കവര്‍ന്നെടുക്കപ്പെട്ട ധാന്യത്തിലെ ഈ ഒരുപിടി കൊണ്ട് വിശപ്പടക്കുവിന്‍. എന്നിട്ട് രാഹുലകുമാരന് സ്തുതിപാടുവിന്‍. സകലമാനജനങ്ങളുടെയും കണ്ണീരു കണ്ടലിയാത്ത എണ്ണക്കാരന്‍ വീരപ്പമൂപ്പന്‍ രാഹുലകുമാരന്‍റെ അരുളപ്പാടനുസരിച്ചാണത്രേ നാലു റാത്തല്‍ നല്‍കുന്നതു പോലും. ആധാരവും അടിയാധാരവും ഇല്ലാത്ത സകലമാന പ്രജകള്‍ക്കും ഇനി പാചകവാതകത്തില്‍ കഞ്ഞിവച്ചു മോന്താം.... എന്തേ രാഹുലകുമാരന് ഈ അരുളപ്പാട് നേരത്തെ തോന്നിയില്ലെന്ന് ദേശത്തെ ദോഷൈദൃക്കുകള്‍ ചോദിച്ചേക്കാം. അവരോടു പറയുക ‍ഞങ്ങളുടെ കുമാരന്‍ രാജ്യത്തെ തീവണ്ടി പോലെയാണെന്ന്. ഒരുനാളും നേരത്തിനെത്തില്ല. കാലത്തിനു പിറകേ മാത്രമേ കുതിക്കൂ..... ഇനിയും അരുളപ്പാടുകളുണ്ടാകും... ഔദാര്യങ്ങളുണ്ടാകും...  പുച്ഛരാസായനം മോന്തി പതിനെട്ട് അക്ഷൗഹിണിപ്പടയുമായെി മോടിയോടെത്തുന്ന താമരത്തന്പുരാന്‍റെ സേനയ്ക്കു മുന്പില്‍ രാഹുലസൈന്യം തോറ്റോടിയില്ലെങ്കില്‍... കാത്തിരിക്കാം മഹാഭാരതയുദ്ധത്തിനായി....