Saturday, December 7, 2013

പാപികളുടെ മോചകന്‍ വിശുദ്ധ അലക്സാണ്ടര്‍


അഖിലകേരളത്തിലെ സകലമാന കാരാഗൃഹങ്ങളുടെയും സൂക്ഷിപ്പുകാരാനായിരുന്ന അലക്സാണ്ടര്‍ ഇനിമുതല്‍ വിശുദ്ധ അലക്സാണ്ടര്‍ എന്നറിയപ്പെടും. കാരണം ഒടുവില്‍  യേശുക്രിസ്തുവുമായി അലക്സാണ്ടര്‍  ഐക്യപ്പെട്ടിരിക്കുന്നു. പാപികളുടെ മോചനത്തിനായി യേശുക്രിസ്തു സ്വജീവന്‍ ബലിയര്‍പ്പിച്ചെങ്കില്‍ പാപികളുടെ മോചനത്തിനായി അലക്സാണ്ടര്‍ തിരുമനസ് സ്വന്തം ഉദ്യോഗം തന്നെ ബലിയര്‍പ്പിച്ചിരിക്കുന്നു. അതും അന്പത്തിയൊന്നു വെട്ടുകളുടെ സൃഷ്ടാക്കളും ബഹുമാന്യ പാപികളുമായ കൊടി സുനി അവര്‍കള്‍ക്കും സഹപാപികള്‍ക്കും വേണ്ടി. എത്ര ഉദാത്തമായ മാതൃക.  മഹനീയത്യാഗം. ... അതെ,  പാപികളുടെ മോചനമാണ് ഈ മനുഷ്യപുത്രന്‍റെ അവതാരോദ്ദേശം.  അതിനായി ഏതു കൊടിയ പീഡനവും ഈ മനുഷ്യപുത്രന്‍ സഹിക്കും. യേശുക്രിസ്തുവിനെ പോലെ സ്വജീവിതം പാപികളുടെ മോചനത്തിനായി സമര്‍പ്പിച്ച   സേവനങ്ങള്‍ കണക്കിലെടുത്ത് വിശുദ്ധ പാര്‍ട്ടി അധികം വൈകാതെ തന്നെ അലക്സാണ്ടറെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതാണ്. തലശേരി മെത്രാന്‍ കോടിയേരി തിരുമനസ് ഇദ്ദേഹത്തെ പുണ്യവാളനായും, എ.കെ.ജി സെന്‍റര്‍ തിരുസംഘം അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ പിണറായി, പുണ്യവാളനായ അലക്സാണ്ടറെ വാഴ്ത്തപ്പെട്ടവനായും പ്രഖ്യാപിച്ചു കഴിഞ്ഞു.  ഇനി വിശുദ്ധ പദവിയിലേക്കുള്ള സ്ഥാനാരോഹണം. അത് അധികം വൈകില്ല.  ഉമ്മന്‍ തിരുവടികള്‍ പുറത്തായി മാര്‍ക്സ്് വാദികള്‍ അധികാരം പിടിച്ചെടുത്താല്‍ സര്‍വസൈന്യാധിപ പദവിലേക്കുള്ള വിശുദ്ധന്‍റെ സ്ഥാനാരോഹണവും പ്രതീക്ഷിക്കാം, പാപികള്‍ക്കായി സ്ഥാനം ത്യജിച്ച ഡിസംബര്‍ ആറ് ഈ വിശുദ്ധന്‍റെ തിരുനാളായി ആഘോഷിക്കുന്നതായിരിക്കും. എല്ലാ ജയിലുകളിലും പാപികളുടെ വസതിയിലും പാര്‍ട്ടി ബ്രാഞ്ച് കമ്മിറ്റി മുതല്‍ മുകളിലോട്ടുള്ള എല്ലാ ഘടകങ്ങളിലും ഈ വിശുദ്ധന്‍റെ തിരുസ്വരൂപം സ്ഥാപിക്കുന്നതായിരിക്കും.  ഇതുമായി ബന്ധപ്പെട്ട ഇടയലേഖനം സകലമാന കുഞ്ഞാടുകള്‍ക്കും ഉടന്‍ കിട്ടും. മണികള്‍ മുഴങ്ങട്ടെ... കൊടികവ്‍ പാറട്ടെ..... പാപികളുടെ മോചകന്‍ വിശുദ്ധ അലക്സാണ്ടര്‍ നീണാള്‍ വാഴട്ടെ.....
 
 
പണ്ട് മെല്‍വിന്‍ പാദുവയെന്ന മാനസാന്തരം വന്ന പാപിയെ ഇരുന്പഴികള്‍ക്കുള്ളില്‍ തളച്ചിടാന്‍ ആവോളം പരിപ്പു വേവിച്ചതാണ് ഈ പരിശുദ്ധന്‍.  കൊലപാതകത്തേക്കാള്‍ സഭാവസ്ത്രം ഉപേക്ഷിച്ചെത്തിയ തിരുസഭയുടെ മണവാട്ടിയെ പാദുവ വേളി കഴിച്ചാതായിരുന്നു അലക്സാണ്ടര്‍ തിരുമനസിന്‍റെ ദൃഷ്ടിയിലെ മാരകപാപം.  ഒരുപാട് പാപികളെ രക്ഷിക്കാനുള്ള തത്രപ്പാടിനിടയില്‍ പാപമോചനം വന്ന പാപിയെ രക്ഷിക്കാനെവിടെ നേരം... എവിടെ മനസ്.......  ചാനലായ ചാനലുകളിലെല്ലാം സുവിശേഷം പ്രസംഗിക്കാന്‍ അലക്സാണ്ടര്‍ സര്‍വഥാ യോഗ്യന്‍ തന്നെ.....
 
ജയിലില്‍ ഇരുന്നു സ്മാര്‍ട്ട് ഫോണിലൂടെ കൊടിസുനിയോ മറ്റ് സഖാക്കളോ ഈ കുറിപ്പ് വായിക്കുകയാണെങ്കില്‍ ദയവായി ഒരു ലൈക്ക് തരിക.
 
 
 
 
 

 

Friday, November 15, 2013

കുറെ ഗുണ്ടകളും മാഫിയകളും ഒരു ജനകീയ സമരവും

സത്യത്തിന്‍റെ മുഖം ചിലപ്പോഴെല്ലാം  വികൃതമാണ്... മറ്റു ചിലപ്പോള്‍ സത്യം പറയുന്നവര്‍ക്ക് നേരെ കല്ലേറുണ്ടാകാം. പക്ഷേ ചില കാര്യങ്ങള്‍ തുറന്നു പറയാതെ വയ്യ. സ്ഥാപിത താല്‍പര്യക്കാര്‍ എങ്ങനെ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കുന്നു എന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് ഇപ്പോള്‍ കേരളത്തില്‍ കണ്ടു കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ നടക്കുന്നത് പ്രതിഷേധ സമരമല്ല, ഗുണ്ടായിസമാണ്... മാഫിയകളുടെ അഴിഞ്ഞാട്ടവും മുതലെടുപ്പുമാണ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ ചൊല്ലി കേരളത്തില്‍ നടക്കുന്ന പുകിലുകള്‍ക്ക് എന്തെങ്കിലും അര്‍ഥമുണ്ടോ? പ്രതിഷേധവും സമരവുമായി തെരുവിലിറങ്ങും മുന്പ് നിജസ്ഥിതി മനസിലാക്കാന്‍ ശ്രമിക്കുക... എന്താണ് വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ ഉത്തരവ്...?
 
റിപ്പോര്‍ട്ടിന്‍റെ പ്രധാനഭാഗത്ത് പറയുന്നത് ഇങ്ങനെ
 
""ഹൈലെവല്‍ വര്‍ക്കിങ് ഗ്രൂപ്പ് നല്‍കിയ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം താഴെപ്പറയുന്ന കാര്യങ്ങള്‍ അടിയന്തരമായി നടപ്പാക്കാന്‍ നിര്‍ദേശിക്കുന്നു. പരിസ്ഥിതി ദുര്‍ബല പ്രദേശമെന്ന് കണ്ടെത്തിയ മേഖലകളില്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ പൂര്‍ണമായി
 
1. പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളിലെ ഖനനം, പാറ ഖനനം, മണല്‍ഖനനം
2 താപവൈദ്യുത നിലയങ്ങള്‍
3. 20000 ചതുരശ്ര മീറ്ററിലധികം വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍
4. ഒന്നരലക്ഷം ചതുരശ്രമീറ്ററിലധികം ‍ വിസ്തൃതിയുള്ള സമുച്ചയങ്ങളും മറ്റ് നിര്‍മാണങ്ങളും
5. ചുവപ്പ് വിഭാഗത്തില്‍ പെടുന്ന വ്യവസായങ്ങള്‍
 
ഏപ്രില്‍ 17നു മുന്പ് അനുമതി ലഭിച്ചവയ്ക്ക് ഈ ഉത്തരവ് ബാധകമല്ല. ഉത്തരവ് ലംഘിച്ചാല്‍ 1986ലെ പരിസ്ഥിതി നിയമം അനുസരിച്ച് ശിക്ഷ ലഭിക്കും. ''
 
ഈ പറയുന്ന കാര്യങ്ങളില്‍ എവിടെയാണ് കര്‍ഷക വിരുദ്ധം.... എവിടെയാണ് സാധാരണക്കാരനെ ബാധിക്കുന്ന പ്രശ്നം. പശ്ചിമഘട്ട വനമേഖലയിലെ കരിങ്കല്‍ ക്വാറികളും, കുന്നിടിക്കലും പൂര്‍ണമായി അവസാനിപ്പിക്കുന്നത് സാധാരണക്കാരനെ സംബന്ധിച്ച് ദോഷമോ അതോ അനുഗ്രഹമോ? കൂപന്‍റെ അല്‍പജ്ഞാനത്തില്‍ കുന്നിടിക്കലും പാറമടകളും ഒരു കൃഷിയായി അംഗീകരിച്ചിട്ടില്ല. കുന്നിടിച്ച് സമതലമാക്കി മാറ്റിയതിന്‍റെ ദുരന്തഫലങ്ങള്‍ നാം അനുഭവിച്ചു തുടങ്ങിയിട്ടേയുള്ളൂ....  സ്വന്തം നാട്ടില്‍ നിന്ന് കരിങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചാല്‍ കര്‍ഷകര്‍ തന്നെയായിരിക്കും അതിന്‍റെ പ്രധാനഗുണഭോക്താക്കള്‍....
 
പള്ളിയുടെയും പട്ടക്കാരുടെയും മറവില്‍ മണല്‍മാഫിയയും, പാറമട ലോബികളും നടത്തുന്ന അഴി‍ഞ്ഞാട്ടമാണ് കേരളത്തില്‍ കാണുന്നത്. ഇതിനെ പൊതുജനപ്രതിഷേധമെന്നതിനേക്കാള്‍ ഗുണ്ടായിസം എന്നു വിളിക്കാന്‍ കൂപന്‍ ആഗ്രഹിക്കുന്നു. വോട്ടുബാങ്കു രാഷ്ട്രീയം ലക്ഷ്യമാക്കി ഇതിനു കുടപിടിക്കുന്ന രാഷ്ട്രീയ കോമരങ്ങളോട് പുച്ഛമാണ് തോന്നുന്നത്. ഹര്‍ത്താലുമായി ചാടിയിറങ്ങും മുന്പ് ഒരു തവണ ആലോചിക്കുക, എന്തിനാണ് ഈ ഹര്‍ത്താലെന്ന്...
 
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ കൂപന്‍ ന്യായീകരിക്കുകയോ മഹത്വവല്‍ക്കരിക്കുകയോ ചെയ്യുന്നില്ല. അതില്‍ ഒരുപാട് പോരായ്മകളും സാധാരണക്കാരെ നേരിട്ടു ബാധിക്കുന്ന നിര്‍ദേശങ്ങളുമുണ്ട്. പക്ഷേ ഇപ്പോള്‍ വന്നിരിക്കുന്ന ഉത്തരവില്‍ അതിനെ കുറിച്ച് ഒരു അക്ഷരം പോലും പറയുന്നില്ല. സംശയമുള്ളവര്‍ക്ക് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഉത്തരവിന്‍റെ  പകര്‍പ്പ് ലഭിക്കും. http://envfor.nic.in/sites/default/files/order-131113.pdf
 
കസ്തരൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ കേരളത്തിനുള്ള ആശങ്കള്‍ വേണ്ടവിധത്തില്‍ വേണ്ടപ്പെട്ടവരെ സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചോ എന്ന് ചിന്തിക്കുന്നത് ഉചിതമായിരിക്കും. വേണ്ടവിധം അറിയിച്ചിരുന്നുവെങ്കില്‍ ഇത്തരം ഒരു ഘട്ടത്തിലേക്ക് കാര്യങ്ങളെത്തില്ലായിരുന്നു.
 

ചില ഫേസ്ബുക്ക് സുഹൃത്തുക്കളുടെ ആശയങ്ങളും ഇതില്‍ ചേര്‍ത്തിട്ടുണ്ട്... അവര്‍ക്കെല്ലാം കൂപന്‍റെ കടപ്പാട്.

Wednesday, November 13, 2013

പുതുതലമുറ ഗൃഹാതുരത്വം അഥവാ ബാല്യകാല സ്മരണകള്‍



""നാരങ്ങ പാല്.... ചൂണ്ടയ്ക്ക് രണ്ട്....
ഇലകള്‍ പച്ച.... പൂക്കള്‍ മഞ്ഞ....
തേടിവരുന്പോള്‍.... കൂട്ടത്തിലൊന്നിനെ...
ചാക്കിട്ടു പിടിച്ചേ.....''

അക്ഷരം  പഠിക്കും  മുന്പേ   തന്നെ  ഒരു  തലമുറ   ചൊല്ലിപ്പഠിച്ച  ഒരു കളിക്കവിതയാണിത്. പുതു തലമുറയിലേക്കുള്ള മാറ്റത്തില്‍ മലയാളി ബാല്യത്തിന് അന്യമായ  ഒരു കളിയും കവിതയും. ഇങ്ങനെയുള്ള നഷ്ടങ്ങളുടെ കണക്കെടുപ്പാണ് ഇത്.
സ്കൂളിലേക്കുള്ള യാത്രകള്‍ തന്നെ മനോരഹമായ ഓര്‍മകളാണ്. ഈ യാത്രയില്‍ പറയാന്‍ വിശേഷങ്ങളേറെയാണ്...  പാടവും പുഴയും വെട്ടുവഴികളും എല്ലാം കടന്നുള്ള ഒരു രസയാത്ര. നാട്ടു വിശേഷങ്ങളും ഞായറാഴ്ച ദൂരദര്‍ശനില്‍ കണ്ട സിനിമയുടെ കഥയുമെല്ലാം പറഞ്ഞു പോകുന്പോള്‍ സ്കൂളിലേക്കുള്ള ദൂരം കഴിയുന്നതറിയില്ല. ടീച്ചറുടെ അടി കിട്ടാതിരിക്കാന്‍ മൂന്നല്ലിയുള്ള തൊട്ടാവാടി ഇല( മൂന്നല്ലിയുള്ള തൊട്ടാവാടി ഇല അപൂര്‍വമാണ്(?)) തേടി നടക്കുന്നതും ഈ യാത്രയില്‍ തന്നെ. ഒടുവില്‍ കഷ്ടപ്പെട്ട് മൂന്നല്ലിയുള്ള  തൊട്ടാവാടി ഇല കിട്ടുന്പോഴേക്കും സമയം വൈകിയിരിക്കും. അവിടെ തുടങ്ങും അന്നത്തെ ചൂരല്‍ കഷായം. പോകും വഴിക്കുള്ള പച്ചക്കറി തോട്ടത്തിലെയും വാഴത്തോപ്പിലെയുമെല്ലാം ആദ്യവിളവ് എടുപ്പിനുള്ള അവകാശവും അന്നത്തെ കുട്ടിപ്പട്ടാളത്തിനുണ്ടായിരുന്നു. ഇത്തരം യാത്രകളില്‍ പൂവിട്ടിട്ടുള്ള കൗമാരപ്രണയങ്ങളും ഒരുപാടുണ്ട്... ഗ്രാമപ്രദേശങ്ങളിലെ ക്ലാസ് മുറികളില്‍ ഉച്ച നേരത്ത് ഹൃദ്യമായ ഒരു മണം ഉയരുമായിരുന്നു പൊതിച്ചോറില തുറക്കുന്പോഴുള്ള ആ മണം മതിയായിരുന്നു വയറു നിറയാന്‍. ഉച്ചക്കഞ്ഞിക്കൊപ്പം കിട്ടിയിരുന്ന ചെറുപയറു കറിയുടെ രുചി ഇപ്പോഴും പലരുടെയും നാവിലുണ്ട്.
അന്നത്തെ കളികള്‍ക്കു പോലുമുണ്ടായിരുന്നു തനതു രസം. ഈ കളികളിലേറെയും കാലം മറന്നു പോയി. വെട്ടല്‍, വാരല്‍ തുടങ്ങി പല ശൈലികളിലുള്ള കല്ലുകളിയിലായിരുന്നു പെണ്‍കുട്ടികളുടെ കുത്തക. പിഴയ്ക്കാതെ അഞ്ചു കല്ലുകള്‍ ഒരുമിച്ച് വെട്ടിപ്പിടിക്കാന്‍ കഴിവുള്ളവരെ സ്വന്തം കൂട്ടത്തില്‍ ചേര്‍ക്കാന്‍ തന്നെ മല്‍സരമായിരുന്നു. ഗോട്ടികളിയിലായിരുന്നു ആണ്‍കുട്ടികളുടെ സ്പെഷലൈസേഷന്‍. നൂറാങ്കുഴിയും സേപ്പിയും എന്നു വേണ്ട അങ്ങനെ പലത്. ഇട്ട് ചാണ്‍, സേപ്പി, കോട്ട, പുല്ലേ ചവിട്ടി, ഇട്ടൂലി, തീപ്പട്ടിപ്പൊട്ടാമസ് അങ്ങനെ ൡഎന്തുതരം കളികള്‍... ദിവസം കൂടല്‍, പത്തടി ദിവസം, നാല്‍ക്കാലി വിളി അങ്ങനെയുള്ള വ്യത്യസ്ത കളികളും ഇന്നത്തെ ബാല്യത്തിന് അന്യം. ഗ്രാമങ്ങളില്‍  ക്രിക്കറ്റ് ആധിപത്യമുറപ്പിച്ച, സച്ചിന്‍ ദൈവമായി മാറിയ തൊണ്ണൂറുകളിലെ ഓലമടല്‍ ക്രിക്കറ്റ് ബാറ്റുകള്‍ ഇന്നും പലരുടെയും ഓര്‍മകളിലുണ്ട്. പച്ച മടലിലും ഉണക്കമടലിലും തീര്‍ത്ത ബാറ്റുകളും തുണിയില്‍ ഒട്ടുപാല്‍ ചുറ്റി റബര്‍ പാലില്‍ മുക്കിയെടുത്ത പന്തുകളും... ഒരു കാലത്തിന്‍റെ ക്രിക്കറ്റ് അതായിരുന്നു.
ചെറുപ്പത്തില്‍ തീപ്പെട്ടി പടം കളിക്കാത്ത, പ്ലാവില കിരീടം ചൂടാത്ത ന്യൂജനറേഷന്‍ ചെറുപ്പക്കാരുണ്ടോ? അച്ഛന്‍റെ തേഞ്ഞു തീര്‍ന്ന പാരഗണ്‍ ചെരുപ്പ് കൃത്യമായ വട്ടത്തില്‍ വെട്ടിയെടുത്തു, ഉജാല കുപ്പിയുടെ രണ്ടറ്റത്ത് ഘടിപ്പിച്ചുണ്ടാക്കുന്ന ചക്രവണ്ടികളും പഴയ ഗ്രാമീണ ബാല്യത്തിന്‍റെ ഓര്‍മകളിലുണ്ടാകും.
ട്യൂഷനുകളും ഹോം വര്‍ക്കുകളും എക്സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റീസും അപഹരിച്ച ഇന്നത്തെ ബാല്യത്തിന്‍റെ നഷ്ടങ്ങള്‍ എന്ന് ഇവയെ വിളിക്കാമോ എന്നറിയില്ല. ഒരു പക്ഷേ രണ്ടു പതിറ്റാണ്ടിനപ്പുറം ഇന്നത്തെ ബാല്യത്തിന്‍റെ പലരീതികളും മാറി പുതുരീതികള്‍ വരും. പക്ഷേ എല്ലാവര്‍ക്കും, അത് ന്യൂ ജനറേഷനായാലും ഓള്‍ഡ് ജനറേഷനായാലും ഇടക്കുള്ള ഗോള്‍ഡ് ജനറേഷനായാലും, അവരുടെ ബാല്യം എന്നും നല്ല ഓര്‍മകളാണ്... ഒരു ആയുഷ്കലാത്തേക്കുള്ള ഓര്‍മകള്‍.

Sunday, November 10, 2013

പത്മശ്രീയിലെ അശ്രീ­­-കരങ്ങള്‍


മഹാഭാരത ദേശത്തെ പരമോന്നതമായ പത്മ പുരസ്കാരത്തിന് അടുത്ത കൊല്ലം ഉണ്ടാകാവുന്ന ശുപാര്‍ശകള്‍ കൂപന്‍ പ്രവചിക്കുകയാണ്...

സരിത നായര്‍, ബിജു രാധാകൃഷ്ണന്‍ -­­( സോളാര്‍ സേവനങ്ങള്‍)
പീതാംബരക്കുറുപ്പ് (സ്പര്‍ശന ചികില്‍സ)
സലീംരാജ് (സാമൂഹ്യസേവനം)
പി.സി.ജോര്‍ജ് (ഭരണിപ്പാട്ട് സാഹിത്യം)
ഗണേശ്കുമാര്‍ (സദാചാരമൂല്യം)

നമ്മുടെ ബഹുമാന്യ ജനപ്രതിനിധികളെ ദോഷം പറയാനാകില്ല. ഉപകാരത്തിനു പ്രത്യുപകാരം ചെയ്യുന്നവര്‍ തന്നെയാണ്.                  തിരഞ്ഞെടുപ്പു കാലത്ത് നടുവളച്ച് കൈനീട്ടി നിന്നപ്പോള്‍ സംഭവാനക്കിഴികള്‍ എറിഞ്ഞിട്ടു തന്നവരെ ഇതിലപ്പുറം എങ്ങനെ ബഹുമാനിക്കാനാണ്... ദേശത്തെ പരമോന്നത പുരസ്കാരം നല്‍കിത്തന്നെയാകട്ടെ ബഹുമാനം എന്നു കരുതിക്കാണും.... ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ. നാട്ടുനടപ്പനുസരിച്ചാണെങ്കില്‍ ഈ ശിപാര്‍ശക്കത്തുകള്‍ പുറം ലോകം അറിയുകയുമില്ല... പക്ഷേ ഇത്തവണ നാട്ടുനടപ്പ് നടന്നില്ല.... എന്നാലും ഇതല്‍പം കടുത്തുപോയി.

പത്മ  പുരസ്കാരക്കച്ചവടത്തില്‍ മുന്നില്‍ നില്‍ക്കുന്ന പ്രവാസികളെ കാണാത്ത പ്രവാസികാര്യമന്ത്രി തന്നെ. നാടൊട്ടുക്കും പാടം നികത്തി കോണ്‍ക്രീറ്റ് കാട് കെട്ടിപ്പൊക്കി രാജ്യസേവനം ചെയ്യുന്നവരെ ആദരിക്കണമെന്ന് അദ്ദേഹത്തിനു തോന്നിയെങ്കില്‍ എങ്ങനെ കുറ്റം പറയും. പ്രവാസികാര്യ പുംഗവന്‍ നാമനിര്‍ദേശം ചെയ്ത മേനോന്‍ ചേട്ടന്‍റെ സേവനം ഏറ്റവും നന്നായി പറയാന്‍ കഴിയുക തൃശൂര്‍ക്കാര്‍ക്കാണ്... ഏക്കറുകണക്കിനു പാടവും ചതുപ്പു നിലവും നികത്തിയല്ലേ മേനോന്‍ ചേട്ടന്‍ ഭാര്യയുടെ പേരില്‍ നഗരം പണിയുന്നത്. എത്ര ഉദാത്തമായ ദേശസേവനം. അങ്ങ് കൊച്ചിക്കടുത്ത് വളന്തക്കാടെന്ന കൊച്ചു ദ്വീപില്‍ പുതിയൊരു കൊച്ചിയെ പടുത്തുയര്‍ത്താന്‍ ഇദ്ദേഹം തയാറായെങ്കിലും അച്ചുമ്മാന്‍ വേണ്ടെന്നു പറഞ്ഞതോടെയാണ് പിന്‍മാറിയത്.

ഇന്ദ്രപ്രസ്ഥത്തിലൊരു മലയാളി നാടകക്കാരനുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാജിക്കു വേണ്ടി സ്തുത്യര്‍ഹ സേവനം കാഴ്ചവച്ച അദ്ദേഹത്തെ പണ്ടേ പദ്മപുരസ്കാരം(ഇന്ദിരാജിയുണ്ടേല്‍ ഇപ്പോ ഭാരതരത്നം ആയേനേ.... ) നല്‍കി ആദരിക്കേണ്ടതായിരുന്നു. ഇന്ദിരാജിയുടെ പത്രമാരണനിയമം നടപ്പിലാക്കാന്‍ ചൂട്ടുപിടിച്ചത് മഹത്തായ കാര്യമല്ലേ... സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകള്‍ക്കു മുകളില്‍ കരിമഷിയൊഴിക്കുകയും പത്രക്കാരെ ഇരുന്പഴിയിലാക്കാന്‍ വഴി കാണിക്കുകയും ചെയ്തത് മോശം കാര്യമാണോ... ഈ മാന്യദേഹത്തിനും മകള്‍ക്കും കിട്ടി ഇത്തവണ പത്മ  പുര്സ്കാര ശുപാര്‍ശ. ഭാര്യക്ക് പത്മ  പണ്ടേ കിട്ടിയതാണ്. അച്ചനും മകള്‍ക്കും കൂടി പത്മ  കിട്ടിയാല്‍ ഒരു പത്മ ശ്രീ കുടുംബമാക്കാം... ഈ ശിപാര്‍ശയും പ്രവാസി പുംഗവന്‍റെ വക.

ഗോകുലത്തില്‍ ചിട്ടിക്കന്പനിയും വട്ടിപ്പലിശ ഇടപാടുമൊക്കെ നടത്തി രാജ്യസേവനം ചെയ്യുന്ന മാന്യദേഹത്തിനും പത്മ  പുരസ്കാരം നല്‍കിയാല്‍ കൊള്ളാമെന്ന് നമ്മുടെ ഒരു ജനപ്രതിനിധിക്കു തോന്നി. കൊള്ളപ്പലിശക്ക് വായ്പ നല്‍കിയും ചിട്ടിക്കന്പനി നടത്തിയും രാജ്യത്തിന്‍റെ സന്പദ് വ്യവസ്ഥ പിടിച്ച് നിര്‍ത്തിയതാണല്ലോ... ശുപാര്‍ശ ചെയ്തതാകട്ടെ ഒന്നേമുക്കാല്‍ ലക്ഷം കോടിയുടെ അഴിമതിക്കേസില്‍ നിന്ന് പ്രധാന പുംഗവനേയും ധനപുഗവനെയും ഊരിയെടുത്ത ജനപ്രതിനിധി തന്നെ...
ക്ഷേത്രത്തില്‍ ആനയെ നടയിരുത്തിയാലും പൂരം നടത്തിപ്പു കമ്മിറ്റിയില്‍ മുഖ്യസ്ഥാനം വഹിച്ചാലും ഇനി മുതല്‍ പത്മ  ശിപാര്‍ശ കിട്ടും. പൂരം നടത്തലും ആനയെ നടയ്ക്കിരുത്തലും വളരെ വലിയ സാമൂഹ്യസേവനം തന്നെയാണ്. തൃശൂര്‍ പൂരത്തിനും കുട സംഭാവന ചെയ്യുന്നതും ഇതില്‍ പെടുത്താം. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്ത് സുന്ദര മേനോന് പത്മ ശ്രീ നല്‍കണമെന്നായിരുന്നു കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ മുന്നോട്ട് നയിക്കുന്ന നേതാവ് ആഗ്രഹിച്ചത്. പത്മ പുരസ്കാരം തൃശൂരിന്‍റെ പരമോന്നത പുരസ്കാരമല്ല, രാജ്യത്തെ പരമോന്നത പുരസ്കാരമാണെന്ന് നേതാവ് മറന്നു പോയോ ആവോ... തൃശൂര്‍ക്കാരനായ ഈ ചേട്ടന്‍ തൃശൂര്‍ പൂരത്തിനും പൂരം നടത്തിപ്പുകാര്‍ക്കും നല്‍കിയ സേവനങ്ങള്‍ക്ക് ഉടന്‍ ഒരു പൂരശ്രീ പുരസ്കാരം നല്‍കാം. അതുപോരേ നേതാവേ...
ഇനിയുമുണ്ട് രാജ്യസേവനം ചെയ്യുന്ന, പത്മ  പുരസ്കാരം ലഭിക്കേണ്ട മഹാ വ്യക്തിത്വങ്ങള്‍.... കേരളത്തിനു പുറത്ത് വിദ്യാഭ്യാസ കച്ചവടം ചെയ്യുന്ന മാന്യവ്യക്തി, രാഷ്ട്രീയവും കച്ചവടവും സിനിമയും ഒരുമിച്ചു കൊണ്ടുപോകുന്ന കോഴിക്കോട്ടെ ഒരു ഖദര്‍ പ്രതിഭാസം, പഞ്ചനക്ഷത്ര ഹോട്ടല്‍ പണിതുയര്‍ത്തിയ ഗള്‍ഫ് മാന്യദേഹം ഇവര്‍ക്കൊക്കെ ഉടന്‍ പത്മ  പുരസ്കാരങ്ങള്‍ സമ്മാനിക്കണം. ഹിന്ദി സിനിമകളെ സ്ഥിരം വില്ലന്‍റെ സാമൂഹ്യസേവനം മാനിക്കണമെന്ന് പറഞ്ഞ തിരുവനന്തപുരത്തിന്‍റെ ആഗോളപൗരനായ മന്ത്രിയ്ക്കും കൊടുക്കണം  പൂച്ചെണ്ടുകള്‍... നായകന്‍റെ ഇടിവാങ്ങി ആരാധകരെ തൃപ്തിപ്പെടുത്തുന്നതിനോളം വലിയ ജനസേവനമുണ്ടോ.....

മലയാള സിനിമയുടെ കാരണവര്‍ മധുവിന് പദ്മശ്രീ കൊടുത്തത് ക്ഷമിച്ചു..... ഒരുപാട് പാവങ്ങളെ അര്‍ബുദത്തില്‍ നിന്ന് രക്ഷിച്ച ഗംഗാധരന്‍ ഡോക്ടര്‍ക്ക് പത്മ  കിട്ടിയിട്ട് എന്താണ് കാര്യം? കാലങ്ങളായി മലയാള സിനിമയുടെ ഐശ്വര്യമായ കെപിഎസി ലളിതച്ചേച്ചിക്ക് പത്മ അവാര്‍ഡിന് എന്തു യോഗ്യതയാണുള്ളത്...? നാടകത്തിതിനു പുതിയ ഭാവങ്ങള്‍ നല്‍കിയ കാവലം നാരായണപ്പണിക്കര്‍ക്ക് ഈ ജന്‍മത്ത് പത്മ പുരസ്കാരം നല്‍കരുത്.. അതുപോലെ തന്നെ നെടുമുടി വേണുവിനും കൊടുത്തേക്കരുത്..   കൊള്ളപ്പലിശക്കാരനും ചിട്ടിക്കന്പനിക്കാരനും വിദ്യാഭ്യാസ കച്ചവടക്കാരനും  ഉല്‍സവനടത്തിപ്പുകാരനും പാടം നികത്തി കെട്ടിട സമുച്ചയം കെട്ടിപ്പൊക്കുന്നവര്‍ക്കുമൊക്കെ പത്മ ശ്രീ കൊടുത്തിട്ടു മതി ഇവര്‍ക്കു കൊടുക്കുന്നത്.... അല്ലേ മാന്യ ജനപ്രതിനിധികളേ...


നിങ്ങളുടെ മുഖത്ത് ആട്ടണമെന്നുണ്ട്... പക്ഷേ മന്ത്രിമന്തിരങ്ങളില്‍ നിന്ന് നിങ്ങള്‍ പുറത്തിറങ്ങില്ലല്ലോ..... നിങ്ങളുടെ ശിപാര്‍ശക്കത്തുകള്‍ നേരെ ചവറ്റുകുട്ടയിലെറിഞ്ഞ പുരസ്കാര നിര്‍ണയസമിതി സഖാക്കള്‍ക്ക് ഒരു ലാല്‍സലാം..... 

Wednesday, November 6, 2013

അങ്കം ജയിച്ചോരു.... പിണറായി ചേകോന്‍!!!

എകെജി തറവാട്ടിലെ വില്ലാളി വീരന്‍ പിണറായി ചേകോന്‍ ഒടുവില്‍ അങ്കം ജയിച്ചു. വരിഷ്ഠ പരദൂഷകരെയും മഹാവീരന്‍മാരെയും ഇടതും വലതുമിരുന്ന പാണന്‍മാരെയുമെല്ലാം ഞെട്ടിച്ച് പിണറായി ചേകോന്‍ അങ്കം ജയിച്ചിരിക്കുന്നു. ചെങ്കൊടി നാട്ടില്‍ ഇനി പിണറായി ചേകോന്‍റെ കാലം. ഒളിയന്പും മുറിച്ചുരികയുമെല്ലാം ആവോളം എയ്തുകളിച്ച വില്ലാദിവില്ലന്‍മാര്‍ക്കാകട്ടെ ഉറക്കമില്ലാ രാത്രികകളും.
രാജ്യഭാരം വഹിക്കുന്ന ഉമ്മന്‍ തിരുവടികളോ, മറിച്ചുരികയെറിഞ്ഞ് പിണറായി ചേകോനെ തറവാട്ടില്‍ നിന്ന് പടിയടച്ച് പിണ്ഡം വയ്ക്കാനൊരുന്പെട്ട അച്ചുമ്മാനോ.... ആര്‍ക്കാണ് ആദ്യം പണികിട്ടുക എന്നേ ഇനി അറിയാനുള്ളൂ. കവിടിനിരത്തിയ പണിക്കന്‍മാര്‍ക്കു പോലും പിണറായി ചേകോന്‍റെ ഉള്ളിലിരിപ്പ് പിടികിട്ടുന്നില്ല. അല്ലേലും പോരിലെ തന്ത്രങ്ങള്‍ പറഞ്ഞു നടക്കുന്ന ശീലം പണ്ടേ ഈ കണ്ണൂര്‍ ചേകോനില്ല. അതുകൊണ്ടാണല്ലോ എല്ലാം തീര്‍ന്നെന്നു കരുതിയോടത്തു നിന്നുള്ള ഈ തിരിച്ചുവരവും.
പിണറായി ചേകോന്‍റെ വാക്കും നോക്കുമെല്ലാം അച്ചുമ്മാന് നേരെയാണോയെന്ന് ചിന്തയില്ലാതില്ല. പ്രായം എന്പിടി ആയേലും ഇപ്പോഴും നാട്ടുമൂപ്പന്‍റെ കസേരയില്‍ അച്ചുമ്മാന്‍ തന്നെയാണ് ഇരിപ്പ്. ആ ഇരിപ്പിന് ഇളക്കം തട്ടിക്കൂടായ്കയില്ല. പുന്നപ്രയിലെ ചേകോന്‍മാര്‍ക്ക് തറവാട്ടില്‍ പണ്ടത്തെപോലെ പിടിപാടില്ലെന്ന് എല്ലാവര്‍ക്കുമറിയാം. പിണറായി ചേകോന്‍റെ വാളിന്‍റെ മൂര്‍ച്ച ശരിക്കറിയാവുന്നുതു കൊണ്ട് തന്നെയാണ് മറുപന്തിക്കായി പന്തയം വച്ചിട്ടും പോരിലെ തീരുമാനം അച്ചുമ്മാന്‍ അംഗീകരിച്ചത്. . പക്ഷേ ഈ നിലപാടുമാറ്റത്തിനൊന്നും അച്ചുമ്മാനെ രക്ഷിക്കാനാകില്ലെന്നാണ് ഏകെജിത്തറവാട്ടിലെ അടക്കം പറച്ചിലുകള്‍. പാലക്കാട് ദേശത്ത് ചേരുന്ന തറവാട്ട് യോഗത്തിലോ, ത്രിപുരാരി സുന്ദരികളുടെ നാടായ അഗര്‍ത്തലയില്‍ നടക്കാന്‍ പോകുന്ന കുടുംബ കൂട്ടായ്മയിലോ ഇക്കാര്യത്തിലൊരു ഉത്തരം ഉണ്ടായേക്കാം. അച്ചുമ്മാന്‍റെ ചെല്ലം ചുമപ്പുകാരന്‍ ശര്‍മാജിക്കും കൂട്ടത്തില്‍ പണി കിട്ടും. അച്ചുമ്മാന്‍റെ ബലത്തില്‍ പിണറായിച്ചേകോന് നേരെ ഒളിയന്പെയ്ത  ശര്‍മാജിയ്ക്ക് ഇനി സ്ഥാനം തറവാട്ടിലെ പത്തായപ്പുരയിലാകും.
അച്ചുമ്മാന്‍റെ കാര്യത്തില്‍ ഒരു തീരുമാനമായിട്ടേ ഉമ്മന്‍ തിരുവടികള്‍ക്ക് നേരെ പിണറായി ചേകോന്‍ തിരിയാനിടയുള്ളൂ. അല്ലേല്‍ ഉമ്മന്‍ തിരുവടികളുടെ സിംഹാസനത്തില്‍ കയറി അച്ചുമ്മാന്‍ ഇരിപ്പുറപ്പിച്ചാലോ.... സൗരോര്‍ജ താപത്താല്‍ വെന്തുരുകുന്ന ഉമ്മന്‍ തിരുവടികളാകട്ടെ സിംഹാസനത്തില്‍ അള്ളിപ്പിടിച്ചിരിക്കുകയാണ്. സൗരതാപം കുറയ്ക്കാന്‍ ഉമ്മന്‍ തിരുവടികള്‍ പിണറായി ചേകോനെ ആരുമറിയാതെ തുണച്ചെന്ന് നാട്ടുവര്‍ത്തമാനവും കേള്‍ക്കുന്നുണ്ട്. ആ വര്‍ത്തമാനത്തില്‍ കാര്യമുണ്ടേല്‍ ഉമ്മന്‍ തിരുവടികള്‍ക്ക് കാലിളകിക്കിടക്കുന്ന സിംഹാസനത്തില്‍ ഉറച്ചിരിക്കാം. അല്ലേല്‍ ഇമ്മിണി നാള് കഴിയും മുന്പേ ആ സിംഹാസനത്തില്‍  മറുപന്തിയില്‍ നിന്നോ സ്വന്തം പന്തിയില്‍ നിന്നോ വേറെ ആരേലും കയറിയിരിക്കാനും ഇടയുണ്ട്.
ചേകോന്‍ അങ്കത്തട്ടില്‍ പൊരുതി വീഴുമെന്ന് സ്വപ്നം കണ്ട് കുപ്പായം നെയ്തോര്‍ക്കും അന്പരപ്പ് മാറിയിട്ടില്ല. നെയ്ത കുപ്പായങ്ങളെല്ലാം പെട്ടിയിലാക്കി പിണറായി ചേകോന്‍റെ ഇടത്തായി അണി നിരക്കുകയാണ്  എകെജി തറവാട്ടിലെ ഈ സ്വപ്ന ജീവികള്‍. തല്‍ക്കാലം അതേ നിവൃത്തിയുള്ളൂവെന്ന് ഇവര്‍ക്ക് നന്നായറിയാം.  
നാട്ടിലെ പുതുപ്പണക്കാരും പഴയപണക്കാരും മാടന്പികളും എല്ലാം മെനക്കെട്ടിട്ടും അന്തഃഛിന്ദ്രമുണ്ടാക്കാനാകാതെ പോയ എ.കെ.ജി തറവാടിനെ തമ്മിലടിപ്പിക്കാന്‍ ലാവലിന്‍ പോരിനു കഴിഞ്ഞല്ലോ... അതിന് അങ്ങ് ശീമയില്‍ നിന്ന് സായിപ്പു തന്നെ വരേണ്ടി വന്നു. പന്തീരണ്ടുകാലം മെനക്കെടേണ്ടി വന്നാലും പോരില്‍ ജയിച്ചല്ലോ എന്ന് ആശ്വസിക്കാം പിണറായി ചേകോന്. മുറിച്ചുരികയെറിഞ്ഞ ചന്തു ചെയ്തപോലെ,  പിണറായി ചേകോന്‍റെ കണ്ണില്‍ നിന്നൊഴിഞ്ഞുമാറി,  മാര്‍ക്സ് സൂക്തങ്ങള്‍ ഉരുവിട്ട് ശിഷ്ടകാലം നീക്കുകയായകും അച്ചുമ്മാന് അഭികാമ്യം.
ഉമ്മന്‍തിരുവടികളെ വലിച്ചിട്ട് രാജ്യഭാരം ഏറ്റെടുക്കാന്‍ പിണറായിച്ചേകോന് മോഹമില്ലാതില്ല. പോര് ജയിച്ചയുടനെ അങ്ങനെ ചെയ്താല്‍ മാളോരെല്ലാം അധികാരമോഹി എന്ന് വിളിച്ചു കൂവുമെന്ന് പുള്ളിക്കാരന് നന്നായറിയാം. അതുകൊണ്ട് തന്നെ ഇത്തിരി കാത്തിരുന്നാലും കാലിളകിയ സിംഹാസനത്തില്‍ നിന്ന് ഉമ്മന്‍ തിരുവടികള്‍ തന്നെ താഴെ വീണിട്ടു മതി സ്ഥാനാരോഹണം എന്നാണ് എകെജി തറവാട്ടിലെ സൈദ്ധാന്തികരുടെ ഉപദേശം.
പാണന്‍മാര്‍ പാടാത്തത്:

ഉമ്മന്‍ തിരുവടികള്‍ എത്രയും വേഗം കസേരയില്‍ നിന്ന് വീഴാന്‍ കോടിയേരിച്ചേകോന്‍ ഒരു പൂമൂടല്‍ വഴിപാട് നേര്‍ന്നിട്ടുണ്ട്. ഇനി എങ്ങാനും സിംഹാസനം ത്യജിക്കാന്‍ പിണറായി ചേകോന് തോന്നിയാലോ.... അങ്ങനെ വന്നാല്‍ ഭാഗ്യക്കുറിയടിക്കുക കോടിയേരി ചേകോനാല്ലേ.... പറയാന്‍ പറ്റില്ല, അങ്ങനെയും സംഭവിച്ച നാടാണല്ലോ നമ്മുടെ ഭാരതദേശം... അങ്ങനെ ഭാഗ്യക്കുറി അടിച്ചോരല്ലേ നമ്മെ ഭരിക്കുന്നതും. 

Friday, November 1, 2013

പലയാളം പറയും ശ്രേഷ്ഠമലയാളം

                 മലയാളം ഒന്നാണ്... പക്ഷേ അത് പല മലയാളമാണ്. വാമൊഴി വഴക്കത്തോടെ അങ്ങുമിങ്ങും മലയാളി പലമലയാളം പറയുന്പോള്‍ പലപ്പോഴും അത് പലയാളമാകുന്നു. മലയാളം പറയുന്ന മലയാളി മല്ലുവായി രൂപാന്തരപ്പെട്ട ന്യൂജനറേഷന്‍ കാലത്തെ ന്യൂജനറേഷന്‍ മലയാളമാണ് ഇപ്പോഴുള്ളത്. തനിമലയാളത്തില്‍ പറഞ്ഞാല്‍ പുതുതലമുറ മലയാളം. പഴമലയാളത്തിലെ വാക്കുകള്‍ക്ക് പുതു അര്‍ഥങ്ങളാൡണ് ന്യൂ ജനറേഷന്‍ കല്‍പ്പിച്ചിരിക്കുന്നത്. ന്യൂജനറേഷന് മുന്പുള്ള (എന്തോ) ഒരു ജനറേഷന്‍ തുടങ്ങി വച്ച മാറ്റമാണിത്. തുളസിക്കതിരില ചൂടി തുന്പുകെട്ടിയിട്ട ചുരുള്‍മുടിയുള്ള സുന്ദരി, പൈനാപ്പിള്‍ പെണ്ണും ചോക്ലേറ്റ് പീസുമായി മാറിക്കഴിഞ്ഞു.
പരശുരാമന്‍ കേരളം സൃഷ്ടിക്കാന്‍ വലിച്ചെറിഞ്ഞ കോടാലിയില്‍ തന്നെ തുടങ്ങുന്നു ന്യൂജനറേഷന്‍ മാറ്റം. മരം വെട്ടാനുള്ള (പരശുരാമന്‍ തലവെട്ടാനും ഉപയോഗിച്ചു) ആയുധം എന്നതില്‍ നിന്ന്  ഒഴിവാക്കാന്‍ പറ്റാത്ത ഉപദ്രവം, അല്ലെങ്കില്‍ ഉപദ്രവകാരി എന്ന സല്‍പേരിലേക്ക് കോടാലി വളര്‍ന്നു. തൃശൂര്‍ ജില്ലയില്‍ കൊടകരയ്ക്കും വെള്ളിക്കുളങ്ങരയ്ക്കുമിടയില്‍ കോടാലി എന്ന സ്ഥലനാമവും ഉണ്ടായി. കോടാലിക്കൊപ്പം പുതിയ അര്‍ഥം നേടിയ വാക്കാണ് പാര. അന്യനെ മനപൂര്‍വം ഉപദ്രവിക്കുന്നതിന് പാര വെയ്ക്കുക എന്ന അര്‍ഥത്തിലേക്കെത്തിച്ചു പുതുതലമുറ മലയാളം.
സമീപകാലത്ത് ഹിറ്റായ രണ്ട് അര്‍ഥകൂടുമാറ്റങ്ങള്‍ ശശിയും പുലിയുമാണ്. കാട്ടിലെ സാക്ഷാല്‍ പുലി നാട്ടിലെത്തിയപ്പോള്‍ മിടുക്കന്‍ എന്ന അര്‍ഥം നേടി. (ഒരു രാജമാണിക്യം ഇഫ്ട്ക്. പക്ഷേ കാട്ടിലെ രാജാവായ സിംഹത്തിന് എന്തുകൊണ്ട് ഈ പട്ടം കിട്ടിയില്ല.) പണ്ട് കേരളത്തില്‍ സര്‍വ സാധാരണമായിരുന്ന പേരായിരുന്നു ശശി. പക്ഷേ ഇനി ഒരു മാതാപിതാക്കളും മക്കളെ ശശി എന്നു വിളിക്കില്ല. ചന്ദ്രന്‍ എന്നര്‍ഥമുള്ള ശശിയെ പുതു തലമുറ മണ്ടന്‍ എന്ന അര്‍ഥത്തിലേക്ക് എത്തിച്ചിരിക്കുന്നു.
പണ്ടു കാലത്ത് ഒരു ജോലികിട്ടിയാല്‍ പറയും പണി കിട്ടിയെന്ന്. പക്ഷേ ഇന്ന് പണി കിട്ടി എന്നു പറഞ്ഞാല്‍ മനസിലാക്കാം പറഞ്ഞവന് മോശമായതെന്തോ സംഭവിച്ചിരിക്കുന്നു എന്ന്. ഇന്‍റര്‍വ്യൂവിനു പോയി ജോലി കിട്ടിയില്ലെങ്കിലും പറയും അളിയാ...( ഭാര്യാ സഹോദരന്‍ അല്ലെങ്കില്‍ സഹോദരി ഭര്‍ത്താവിനെ ഉദ്ദേശിച്ചിരുന്ന ഈ പദം സര്‍വകേരളീയരും സുഹൃത്തിനെ വിശേഷിപ്പിക്കാനും ഉപയോഗിക്കുന്നു.) പണി കിട്ടി. ജോലി കിട്ടിയില്ല.!!! ചുമ്മാ വീന്പടിക്കുന്നവനെയും അവന്‍റെ വര്‍ത്തമാനത്തെയും വിശേഷിപ്പിക്കുന്ന പുതുതലമുറ വാക്കാണ് കത്തി. കത്തിയുടെ മൂര്‍ച്ചയുള്ള വര്‍ത്തമാനം, കുത്തിക്കൊല്ലുന്ന വാചകമടി എന്നൊക്കെ ഇതുകൊണ്ട് അര്‍ഥമാക്കാം.
മദ്യവുമായി ചേര്‍ന്നാണ് ഇത്തരത്തില്‍ പുതിയ അര്‍ഥങ്ങള്‍ ഏറെയും ഉണ്ടായിരിക്കുന്നത്. വീശുക അല്ലെങ്കില്‍ അടിക്കുക എന്നാണ് മദ്യപാനത്തിന്‍റെ പുതുതലമുറ മലയാളം. വീശുക എന്നതിന്‍റെ തനിമലയാളവും പുതുമലയാളവും തമ്മില്‍ എന്തൊരന്തരം. പക്ഷേ അടിക്കുക എന്ന വാക്കിനെ അങ്ങനെ പറയാനാകില്ല. രണ്ടെണ്ണം അടിച്ചിട്ട് ആരുടെയെങ്കിലും മെക്കിട്ട് കയറാന്‍ ചെന്നാല്‍ അടിക്കുക എന്നതിന്‍റെ ശരിയായ അര്‍ഥം താനെ മനസിലാകും. പക്ഷേ ഇതൊന്നുമല്ല ഈ കൂട്ടത്തിലെ ഹിറ്റ് പേരുമാറ്റം. അതാണ് പാന്പ്.... യഥാര്‍ഥ അര്‍ഥം നാഗം അല്ലെങ്കില്‍ സര്‍പം. പുതിയ അര്‍ഥം അടിച്ച് ഫിറ്റായവന്‍.... അല്ലെങ്കില്‍ അമിതമായി മദ്യപിച്ചവന്‍. മദ്യപിക്കാനുള്ള പിരിവിന് കട്ടയിടുക എന്ന പുതുമലയാളവും പ്രചാരത്തിലുണ്ട്. ബാറിലെ കൗണ്ടറില്‍ പോയി ഇരിക്കാതെ അതിവേഗം രണ്ട് പെഗ് കഴിച്ചാല്‍ അത് നില്‍പ്പനായി.
മലയാളത്തിലെ വെടിക്കെട്ട് അര്‍ഥമാറ്റം സംഭവിച്ചിരിക്കുന്നത് വെടി എന്ന വാക്കിനാണ്... കരിമരുന്നു പ്രയോഗത്തില്‍ നിന്ന് വേശ്യ എന്നതിലേക്ക് എത്തിയിരിക്കുന്നു വെടി എന്ന വാക്ക്. വെടിക്കെട്ടുമായി ബന്ധപ്പെട്ട് വേറെയും ചില പുതിയ അര്‍ഥങ്ങളും പ്രചാരത്തിലുണ്ട്. മരത്തിന്‍റെ കുറ്റിക്കും ഇത്തരത്തില്‍ ചില അര്‍ഥമാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു. അവള്‍ അവന്‍റെ കുറ്റിയെന്ന് പറഞ്ഞാല്‍ അര്‍ഥം വേറെയാണ്. നല്ല കരുത്തുറ്റ ശരീരമുള്ളവനെ മലപ്പുറം ജില്ലയില്‍ കുറ്റി എന്ന് പറയാറുണ്ട്.
വാമൊഴി വഴക്കത്തിന്‍റെ നാടായ കേരളത്തില്‍ രണ്ടര്‍ഥം പ്രചാരത്തിലുള്ള ഒരുപാട് വാക്കുകളുണ്ട്. ഉത്തരകേരളത്തില്‍ നല്ല അര്‍ഥമുള്ള വാക്ക് ദക്ഷിൡണകേരളത്തിലെത്തിയാല്‍ മോശക്കാരനാകും. ഉദാഹരണത്തിന് കപ്പയ്ക്ക്  ഉത്തരകേരളത്തില്‍ പറയുന്ന പദം ദക്ഷിണ കേരളത്തില്‍ പ്രത്യേകിച്ച് തിരുവനന്തപുരം ജില്ലയില്‍ സാമാന്യം നല്ല തെറിയാണ്. (വാക്ക് ഏതാണെന്നല്ലേ.... പൂവിലുണ്ട് കായയിലില്ല, വിളയിലും കളയിലും ഉണ്ട് എന്നാല്‍ ചെടിയിലില്ല... ) തിരുവനന്തപുരം ജില്ലക്കാര്‍ കുട്ടികളെ വിശേഷിപ്പിക്കാനുപയോഗിക്കുന്ന വാക്കാണ് അപ്പി. പക്ഷേ ഇത് കൊല്ലം ജില്ല കഴിയുന്പോഴേക്കും അര്‍ഥം മാറി അമേധ്യമായിട്ടുണ്ടാകും... മലപ്പുറം കോഴിക്കോട് ജില്ലകളില്‍ കുണ്ടന്‍ എന്നു പറഞ്ഞാല്‍ ആണ്‍കുട്ടിയാണ്... പക്ഷേ തെക്കോട്ട് നീങ്ങിയാല്‍ കുണ്ടന്‍ അല്‍പം പ്രശ്നമാണ്്.... സൂക്ഷിച്ച് പ്രയോഗിച്ചില്ലെങ്കില്‍ ദേഹോപദ്രവവും മാനഹാനിയും ഉറപ്പ്. തൃശൂര്‍ ജില്ലക്കാരുടെ ക്ടാവ് എന്നാല്‍ ചെറിയ കുട്ടികളാണ്.... എന്നാല്‍ കേരളത്തിലെ മറ്റു ജില്ലകളിലെല്ലാം ഇത് പശു കിടാവാണ്. നയിക്കുക എന്നാല്‍ നേതൃത്വം നല്‍കല്‍ മാത്രമല്ല... ഉത്തരകേരളത്തില്‍ നയിച്ചു ജീവിക്കുക എന്നാല്‍ അധ്വാനിച്ച് ജീവിക്കുക എന്ന ഒരു അര്‍ഥം കൂടിയുണ്ട്.
മലയാളികള്‍ വ്യാപകമായി ഉപയോഗിക്കുന്ന ചില ഇംഗ്ലീഷ് പദങ്ങള്‍ക്കും വ്യത്യസ്തമായ അര്‍ഥങ്ങള്‍ പ്രചാരത്തിലുണ്ട്.
ബ്ലേഡ് എന്നാല്‍ മലയാളികളെ സംബന്ധിച്ച് കഴുത്തറപ്പന്‍ കൊള്ളപ്പലിശയാണ്
ലൈന്‍ എന്നാല്‍ പ്രണയമാണ്....  പ്രണയത്തിന്‍റെ നേര്‍രേഖ
കേരളത്തിലെ ഒരോ ജനസമൂഹവും വ്യത്യസ്ത ഈണത്തിലും താളത്തിലുമാണ് മലയാളം പറയുന്നത്. ഓരോ പ്രദേശത്തിനും അവരവരുടേതായ മലയാളുമുണ്ട്. തിരുവിതാം കൂറിന്‍റെ മലയാളമല്ല കൊച്ചിക്ക്... കൊച്ചിയുടെ മലയാളം മലബാറിന് അപരിചിതം..... ഒരോ നാടും തങ്ങളുടേതായ സംഭാവനകളും മലയാളത്തിനു നല്‍കിയിട്ടുണ്ട്... ഗെഡി(സുഹൃത്ത്), ചുള്ളന്‍(സുന്ദരന്‍), ചുള്ളത്തി(സുന്ദരി), ശവി(പ്രയോജനമില്ലാത്തവന്‍), ഇഷ്ടന്‍(പ്രിയപ്പെട്ടവന്‍, സുഹൃത്ത്) തുടങ്ങിയ പദങ്ങള്‍ തൃശൂര്‍ക്കാര്‍ മലയാളത്തിനു സംഭാവന ചെയ്തതാണ്. മച്ചുവിന്‍റെ ഉദ്ഭവം എവിടെ നിന്നാണാവോ... 
ഉത്തരകേരളത്തിലെ വാമൊഴി വഴക്കങ്ങള്‍ പ്രശസ്തം. പയ്ച്ചിട്ടു വയ്യ(വിശന്നിട്ടു വയ്യ) ഇങ്ങ്ട് കീഞ്ഞ് നീക്കീ(ഇങ്ങോട് ഇറങ്ങിയനീങ്ങി നീക്കൂ) കുണ്ടിക്ക് കുത്തിരിക്കാന്‍ ഇട്ടുകൊടുക്ക്(കസേര ഇട്ടു കൊടുക്ക്) എന്നൊക്കെ കേട്ടാല്‍ ഉത്തരമലബാറിലെത്തിയ തെക്കന്‍ തിരുവിതാംകൂര്‍ ചേട്ടന്‍ കണ്ണു മിഴിക്കും. ഇതെല്ലാം മലയാളം തന്നെ.... മലപ്പുറം മലയാളത്തിന്‍റെ വാമൊഴി രീതികള്‍ എളുപ്പം മനസിലാക്കാന്‍ ഈ കവിത കേട്ടാല്‍ മതി...
"" മയ പെയ്തു പുയബെള്ളം
കര കബിഞ്ഞൊയുകും നേരം
മൊയമ്മദ് പുയബക്കത്തിരുന്ന്
പയം പുയുങ്ങി
ഇജ്ജ് ബേഗം ബന്നാല്‍
അനക്കും തരാം ഞമ്മളീ
പുയുങ്ങിയ പയത്തിന്‍റെ ഒരു കസനം''
(കവി ഉദ്ദേശിച്ചത് ഇതാണ് ..... മഴ പെയ്ത് പുഴ വെള്ളം കര കവിഞ്ഞൊഴുകും നേരം മുഹമ്മദ് പുഴവക്കത്തിരുന്ന് പഴം പുഴുങ്ങി.
നീ വേഗം വന്നാല്‍ നിനക്കും തരാം ഞാനീ പുഴുങ്ങിയ പഴത്തിന്‍റെ ഒരു കസനം..... മലപ്പുറം സഖാക്കള്‍ ക്ഷമിക്കുക)
കേരളത്തിലെ മലയാളത്തിന്‍റെ പ്രാദേശിക വകഭേദങ്ങള്‍ അറിയണമെങ്കില്‌‍ തിരുവനന്തപുരത്ത് നിന്ന് വടക്കോട്ട് വച്ചു പിടിക്കുക...
തിരോന്തോരം ‍ ചോദിക്കും എന്തര്?
കോട്ടയത്തെ അച്ചായന്‍മാര്‍ ചോദിക്കും എന്തുവാന്നേ?
ആലപ്പുഴയിലെ തീരദേശം ചോദിക്കും യെന്താണ്..?
മ്മടെ തൃശൂക്കാര് ചോദിക്കാ എന്തൂട്ണ്?
മലപ്പുറം വാക്കുകള്‍ പിശുക്കി ന്തണ്?
ഉത്തരകേരളം ഒന്നായി ചോദിക്കും എന്തേനി?
എല്ലാവരും ചോദിച്ചത് ഒന്നുമാത്രം..... എന്താണ്?
അങ്ങനെ പതിനാലു ജില്ലകളിലെ മലയാളികളും പലതരത്തില്‍ പറയുന്ന ഈ മലയാളം ശരിക്കും ഒരു സംഭവം തന്നെയാണല്ലേ.... ഒരു ഒന്നൊന്നര മലയാളം. നമുക്ക് പണ്ടേ കിട്ടേണ്ടതായിരുന്നു ശ്രേഷ്ഠഭാഷ.
ചുമ്മാ ഒരു ചോദ്യം: ശ്രഷ്ഠഭാഷയായ മലയാളദിനം ആചരിക്കേണ്ടത് ഇംഗ്ലീഷ് മാസമായ നവംബര്‍ ഒന്നിനാണോ?(കേരളപ്പിറവിയാണെങ്കിലും)... മലയാളത്തിന് സ്വന്തമായി മാസവും വര്‍ഷവുമുള്ളപ്പോള്‍ ഇംഗ്ലീഷ് കലണ്ടറിനെ കൂട്ടു പിടിക്കണോ... ചിങ്ങം ഒന്നിനു മലയാളദിനമായാലെന്താ കുഴപ്പം....

Wednesday, October 30, 2013

അരുത്.... ഇത് കുട്ടിക്കളിയല്ല....

 
ഇന്ത്യയിലെ ഏറ്റവും പരിഷ്കൃത സമൂഹമെന്ന് മേനി പറയുന്നവരാണ് ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ മലയാളികള്‍. പക്ഷേ എന്തുപറ്റി ഇപ്പോള്‍ പ്രബുദ്ധരായ ഈ മലയാളികള്‍ക്ക്? കഴിഞ്ഞ കുറച്ചു കാലമായി മലയാളിയുടെ പ്രബുദ്ധത എല്ലാവരെയും ലജ്ജിപ്പിക്കുന്ന തരത്തിലേക്ക് താണുപോയോ? കാടടച്ചു വെടിവെയ്ക്കുകയല്ല കൂപന്‍. ഒരുകാര്യം മാത്രമേ പറയുന്നുള്ളൂ. ഒരു കൂട്ടരെ കുറിച്ച് മാത്രമേ പറയാനുള്ളൂ... കൊച്ചു കുട്ടികള്‍. കൊച്ചു കുട്ടികളോടുള്ള ക്രൂരതയുടെ കാര്യത്തില്‍ എല്ലാവരെയും ലജ്ജിപ്പിച്ച് മലയാളി ഒന്നാമതു തന്നെ. കേരളം പോലൊരു പരിഷ്കൃത സമൂഹത്തില്‍(തീര്‍ച്ചയായും അങ്ങനെ അവകാശപ്പെടരുത്) എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു. കുട്ടികളോട് ഇത്രയും ക്രൂരമായി പെരുമാറാന്‍ എങ്ങനെ മലയാളിക്ക് കഴിയുന്നു?
 
കാലിന്‍മേല്‍ കാല്‍ കയറ്റിയിരുന്നു സാമൂഹ്യവിമര്‍ശനം നടത്താന്‍ എന്തുയോഗ്യതയാണ് കേരള സമൂഹത്തിനും മലയാളിക്കുമുള്ളത്. ഉത്തരേന്ത്യയിലെ ഖാപ്പ് പഞ്ചായത്തുകളെയും ബീഹാറിലെ കാട്ടു നീതിയെയുമെല്ലാം ലജ്ജിപ്പിക്കുന്ന ക്രൂരതകളല്ലേ കേരളസമൂഹത്തില്‍ അരങ്ങേറുന്നത്. ഇതെല്ലാം എങ്ങനെ കണ്ടില്ലെന്ന് നടിക്കുന്നു മലയാളികള്‍....
 
 
ഒരുപാടു കാലം പിറകിലേക്ക് പോകേണ്ടതില്ല. മാധ്യമങ്ങള്‍ കൊണ്ടാടിയ കുമളിയിലെ ഷെഫീഖിന്‍റെ ദുരിതം നമ്മുടെ മനസില്‍ ഇപ്പോഴുമുണ്ട്. ഇതിനു ശേഷം എത്രയോ ഷെഫീഖുമാര്‍ ഈ ചുരുങ്ങിയ കാലയളില്‍ ഉണ്ടായിരിക്കുന്നു. തിരുവനന്തപുരത്ത് പിതൃസഹോദരന്‍ കഴുത്തറത്തു കൊന്നതും ജീവിതം എന്തെന്ന് അറിയാത്ത രണ്ടു പിഞ്ചു കുഞ്ഞുങ്ങളെ.... കുമളിയില്‍ അമ്മ കഴുത്തറത്തു കൊന്നത് മണിക്കൂറുകള്‍ മാത്രം പ്രായമുള്ള ഇരട്ടകുട്ടികളെ, ഈ പട്ടിക നീളുന്നു. ഏറ്റവുമൊടുവില്‍ അമ്മയുടെ കാമുകന്‍റെ മര്‍ദനത്തില്‍ കൊല്ലപ്പെട്ട്, അമ്മയുടെ അറിവോടെ കുഴിച്ചു മൂടപ്പെട്ട അക്സ എന്ന നാലു വയസുകാരി വരെ. ഇതിനൊപ്പം ബന്ധുക്കളുടെ ക്രൂരപീഡനത്തിനിരയാകുന്ന കുട്ടികളുടെ എണ്ണം വേറെ.... കഴിഞ്ഞ മുപ്പതു ദിവസത്തിനിടെ പുറം ലോകമറിഞ്ഞ ഇത്തരം സംഭവങ്ങള്‍ മാത്രം മുപ്പതോളം വരും... അറിയാതെ പോകുന്ന ദുരിതങ്ങള്‍ അതിലേറെ...
 
ദിനം പ്രതിയെന്നോണം കൊച്ചു കുട്ടികള്‍ ലൈംഗികമായി പീഡിപ്പക്കപ്പെടുന്നതും ദൈവത്തിന്‍റെ (അതോ ചെകുത്താന്‍റെയോ) സ്വന്തം നാട്ടില്‍ തന്നെ.... അമ്മയുടെ കാമുകന്‍റെയും ജാരന്‍റെയും പീഡനത്തിന് ഇരയായ പെണ്‍കുഞ്ഞുങ്ങളുടെ കഥകള്‍ മലയാളികളെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. പലപ്പോഴും സ്വന്തം അമ്മയുടെ അറിവോടെയാണ് ഇത്തരം പീഡനങ്ങളെന്ന വാസ്തവം ഒരു മുള്ളുപോലെ മലയാളി മനസാക്ഷിയെ കൊത്തി വലിയ്ക്കുന്നു. നാലു വയസുള്ള മകളുടെ തലയ്ക്ക് ഉലക്ക കൊണ്ട് അടിച്ച പിതാവും ഈ കേരളത്തില്‍ ജീവിക്കുന്നുണ്ട്.
 
എങ്ങനെ കഴിയുന്നു നമുക്ക് ഇത്ര ക്രൂരമൃഗങ്ങളായി മാറാന്‍. ഒരു നിമിഷം ആ പിഞ്ചു കണ്ണുകളിലേക്ക് നോക്കൂ... അവരുടെ കൊച്ചു തെറ്റുകള്‍ നമുക്ക് പൊറുക്കാം. ഇത്തരം തെറ്റുകള്‍ ചെയ്തും അത് തിരുത്തപ്പെട്ടുമാണ് നമ്മളും ഈ സമൂഹവുമുണ്ടാകുന്നത്. ഒരു തലമുറയ്ക്കെതിരെയുള്ള ഈ അതിക്രമങ്ങള്‍ നമുക്ക് അവസാനിപ്പിക്കാം. ഇത് ഇനി ആവര്‍ത്തിച്ചു കൂടാ.... ഇത്തരം തലക്കെട്ടുകളില്‍ ഇനി മാധ്യമങ്ങളില്‍ വരാതിരിക്കട്ടെ..... കേരളമേ ഈ കളി... കുട്ടിക്കളിയല്ല.... ഇത് തീക്കളിയാണ്.

 

Saturday, October 26, 2013

സ്വയംവര കാലത്തെ ഉള്ളി(ല്‍)പ്പേടി

മാന്യമഹാജനങ്ങളേ.... ഭാരതരാജ്യത്തെ പഞ്ചദേശങ്ങളിലെ ഭരണാധികാരികളെ കണ്ടെത്താന്‍ സ്വയം വര മല്‍സരം. ആരുടെ ചിവിട്ടടിയില്‍ കഴിയണമെന്ന് പൗരന്‍മാരെന്ന കഴുതകള്‍ക്ക് നിശ്ചയിക്കാം. ശ്രീരാമന്‍ സീതയെ വേള്‍ക്കാന്‍ വില്ലൊടിച്ചെങ്കില്‍ പഞ്ചദേശം പിടിക്കാനിറങ്ങുന്ന രാജകുമാരന്‍മാര്‍ക്കുള്ള അഗ്നിപരീക്ഷ അതിലും കഠിനമാണ്. സവാളയുടെ വില നിയന്ത്രിക്കുന്നവനായാരിരിക്കും പഞ്ചദേശങ്ങളുടെ അധിപന്‍. ആര്‍ക്കതിനു സാധിക്കും.... ഹര്‍ഷവര്‍ധനും ഷീലാമ്മയുമെല്ലാം അരയും തലയും മുറുക്കി രാജാധാനിയിലുണ്ട്.... സ്വയംവരപ്പന്തലില്‍ പ്രതീക്ഷയോടെ... മധ്യപ്രദേശത്ത് ശിവരാജ് സിങ്ങും ഗ്വാളിയോര്‍ രാജകുമാരനും മോഹങ്ങള്‍... അതിതീവ്ര ഇടതുപക്ഷമണ്ണായ ഛത്തീസ് ഗഡില്‍ രമണ്‍ സിങ്. എല്ലാവര്‍ക്കും മോഹമുണ്ട്... പക്ഷേ സവാള വില ഈ മോഹങ്ങളെല്ലാം അതിമോഹമാക്കുന്നു.... എല്ലാവര്‍ക്കും ഉള്ളി(ല്‍)പേടി.
 
 
ഉത്തരഭാരതദേശത്തുള്ളവര്‍ പ്യാരോടെ പറയുന്ന പ്യാജിന്‍റെ വില കുട്ടയില്‍ നിന്ന് പുറത്തു ചാടിയിട്ട് ദിവസം കുറച്ചായി. ചരിത്രത്തിലാദ്യമായി വില ശതകത്തില്‍ തൊട്ടതാണ് നാട്ടുവര്‍ത്തമാനം. എന്തിനും ഏതിനു വില കൂടുന്ന കാലത്ത് ഞാനായിട്ട് എന്തിനു മാറിയിരിക്കണം എന്ന് ഉള്ളിക്കും തോന്നിയിരിക്കണം. വിലയിടിയുന്ന സാധാരണക്കാര്‍ക്ക് ഇനി ഉള്ളി കൂട്ടാതെ ചപ്പാത്തി തിന്നേണ്ട ഗതികേടാണ്. അന്പതു രൂപ കൊടുത്താല്‍ മൂന്നു സവാളയും നാലു ഉരുളക്കിഴങ്ങുമാണ് പാവം ജനത്തിന് കിട്ടുന്നത്. സാധരണക്കാരെ ഉദ്ധരിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന ആം ആദ്മിക്കും ഒന്നും പറയാനില്ല. കാരണം എങ്ങാനും എന്തെങ്കിലും പറഞ്ഞ് ഉള്ളിവില കുറഞ്ഞുപോയാല്‍ കിട്ടാനുള്ള വോട്ട് പോകില്ലേ....  അപ്പോള്‍ സാധാരണക്കാരന്‍ അല്‍പം വലഞ്ഞാലും വോട്ട് തന്നെ മുഖ്യം.
 
ഉള്ളി മാത്രമാല്ല ഉള്ളി വിലയും കരയിക്കുമെന്ന് ശരിക്കറിയാവുന്നത് ഉത്തരേന്ത്യന്‍ രാഷ്ട്രീയക്കാര്‍ക്കാണ്. പതിനഞ്ചാണ്ട് മുന്പ് സുഷമാജിയും ബി.ജെ.പിയും രാജധാനിയുടെ ഭരണം പിടിക്കുമെന്ന മാളോരെല്ലാം വിചാരിച്ചിരുന്ന കാലത്തല്ലേ അവരെ ഉള്ളി കരയിച്ചത്. ഉള്ളിവില മാനം മുട്ടെ ഉയര്‍ന്നപ്പോള്‍ സുഷമാജിയുടെ കണ്ണു നിറഞ്ഞു. ആ കണ്ണീരില്‍ ഒലിച്ചു പോയത് രാജാധാനിയിലെ മുഖ്യമന്ത്രിക്കസേരയാണ്... അന്നു ചിരിച്ചത് ഷീലാജി. പക്ഷേ കഴിഞ്ഞ ഒന്നര പതിറ്റാണ്ടായുള്ള ഷീലാജിയുടെ ആ ചിരി ഇത്തവണ മായുന്ന ലക്ഷണമാണ്. പണ്ട് കൈപിടിച്ചുയര്‍ത്തിയ ഉള്ളി തന്നെയാണ് ഇത്തവണ ഷീലാജിയുടെ കണ്ണു നീറ്റുന്നത്. രാഷ്ട്രീയത്തിന്‍റെ കാവ്യനീതിയെന്നു പറയാം. വാളെടുത്തവന്‍ വാളാലേ എന്നു പറയും പോലെ ഉള്ളിയാലേ വന്നവള്‍ ഉള്ളിയാലേ പോകുമോ? കാത്തിരിക്കാം. രാജധാനി പിടിക്കാമെങ്കിലും മധ്യപ്രദേശവും ചത്തീസ്ഗഡും ഭരിക്കുന്ന ബി.ജെ.പിക്കുമുണ്ട് ഉള്ളി(ല്)‍പ്പേടി. അഡ്വാനിയുടെ മാനസുപത്രന്‍ ശിവരാജചൗഹാന്‍ വാണരളുന്ന മധ്യപ്രദേശത്താണേ ഉള്ളി വില ആദ്യം മൂന്നക്കം കണ്ടത്... അക്കാരണം കൊണ്ട് തന്നെ ഉള്ളിവിലയെ ചാക്കിലാക്കാനുള്ള നെട്ടോട്ടത്തിലാണ് എല്ലാവരും. 
 

ഉള്ളിവില പോലെ സാധാരണക്കാരന്‍റെ വില കയറുന്ന കാലമാണ് തിരഞ്ഞെടുപ്പു കാലം... അപ്പേടി സകലമാന രാഷ്ട്രീയ കോമരങ്ങള്‍ക്കുമുണ്ട്. അതുകൊണ്ട് എല്ലാവര്‍ക്കും പ്രതീക്ഷിക്കാം.... വിലക്കയറ്റത്തിന്‍റെ കാലത്ത് സാധാരണക്കാരന്‍റെ വില വര്‍ധിക്കുന്ന തിരഞ്ഞെടുപ്പുകാലത്ത് ഉള്ളിയുടെ ഈ വിലക്കയറ്റമെങ്കിലും കുറയുമെന്ന്. 

Sunday, October 20, 2013

വിപ്ലവം നോട്ടുമെത്തയിലൂടെ...

""സ്വകാര്യസ്വത്തുക്കളുടെ ഇല്ലാതാകലെന്ന് കമ്യൂണിസത്തെ ഒറ്റവാക്കില്‍ വിശേഷിപ്പിക്കാം""
                                                                  കാള്‍ മാര്‍ക്സ്
 
 
അഖിലഭാരതത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് പച്ചപ്പ്  (ചുവപ്പെന്നും പറയാം)  ആണ് പൂര്‍വഭാരതത്തിലെ ത്രിപുര ദേശം. ചെങ്കൊടി പാറിയിരുന്ന ത്രിപുരാരികളില്‍ അവശേഷിക്കുന്നത്  ത്രിപുരയെന്ന ഈ പുര മാത്രം. നിന്നു തിരിയാനിടമില്ലാത്ത  പുരയാണെങ്കിലും ഈ പുരയില്‍  നിന്നു വന്ന  ഒരു വിശേഷമാണ്  കൂപന്‍  പങ്കുവയ്ക്കുന്നത്. പട്ടുമെത്തയില്‍ അന്തിയുറങ്ങുന്ന അഖിലഭാരത സുഖിമാന്‍മാരെല്ലാം ലജ്ജിച്ചു തല താഴ്ത്തിക്കോളുക. പട്ടുമെത്തയുടെ കാലമൊക്കെ പോയിരിക്കുന്നു. അങ്ങ്  ത്രിപുരയില്‍ ഇത് നോട്ടുമെത്തയുടെ കാലം. ഈ  പുതിയ കാഴ്ച കാണിച്ചു തരുന്നത് മറ്റാരുമല്ല... പാവപ്പെട്ടവരുടെയും അധ്വാനിക്കുന്നവരുടെയും അവസാന ആശ്രയമായ മാര്‍ക്സിസ്റ്റ് കമ്യൂണിസ്റ്റുകളുടെ ലോക്കല്‍ കമ്മിറ്റി അംഗം. ചെങ്കൊടിയേന്തിയും കരാറെടുത്തും കൊട്ടേഷന്‍ കൊടുത്തും ശൗചാലയങ്ങള്‍ പണിതും  ഇമ്മിണി ദന്പിടി   മടിക്കുത്തിലായപ്പോള്‍  സമര്‍  ആചാര്‍ജിക്കൊരു മോഹം. നോട്ടുമെത്തയിലൊന്ന്  കിടക്കണം. കേട്ടുകേള്‍വി മാത്രമുള്ള ഈ മെത്തയില്‍ കിടക്കാനുള്ള സമറിന്‍റെ പൂതിയെ തെറ്റു പറയാനാകില്ല. ലക്ഷങ്ങള്‍ അടുക്കി നിരത്തി നോട്ടുമെത്തയൊരുക്കി. വിശാലമായങ്ങു കിടന്നു. മേന്പൊടിക്ക് നെഞ്ചിലും തലയിലുമെല്ലാം പുതുമണം മാറാത്ത നോട്ടുകളും നിരത്തി. ആനന്ദലബ്ധിക്കിനി എന്തുവേണം...... ചങ്ങാതികള്‍ വിശ്വവിഖ്യാതമായ നോട്ടുമെത്ത ശയനം മൊബൈല്‍ ക്യാമറയിലും പകര്‍ത്തി. പക്ഷെ ത്രിപുരയിലെ ലോക്കല്‍ കമ്മിറ്റിയിലും വിഭാഗീയതയുണ്ടെന്ന്  പെട്ടെന്ന് തന്നെ  സമര്‍ജിക്ക് പിടികിട്ടി. ചങ്ങാതിമാര്‍ പകര്‍ത്തിയ ദൃശ്യങ്ങളെല്ലാം  താമസം വിനാ എത്തിപ്പെട്ടത് പരദൂഷണ പ്രിയരും പരോപദ്രവകാരികളുമായ ചാനല്‍ സഖാക്കളുടെ കൈകകളില്‍. അങ്ങനെ ത്രിപുരയിലെ നോട്ടുമെത്ത ശയനം അഖിലഭാരതവും കണ്ടു. സായൂജ്യമടഞ്ഞു.
 
ഉള്ളതെല്ലാം പാര്‍ട്ടിക്ക് കൊടുത്ത് അഴിമതി വച്ചു പൊറുപ്പിക്കാത്ത മണിക് സര്‍ക്കാരെന്ന ഇടതുമാണിക്യം ഭരിക്കുന്നിടത്താണ് ഇത്തരം കുലംകുത്തലുകള്‍. സാരമില്ല ഭാരതദേശത്തെ എല്ലാ കമ്യൂണിസ്റ്റുകള്‍ക്കും ആശ്വസിക്കാം...  കമ്യൂണിസത്തിന്‍റെ ഉരുക്കു കോട്ടയായ ചൈനയില്‍ അഴിമതിക്കുറ്റത്തിന് ഉന്നത സഖാക്കള്‍ വരിവരിയായി ജയിലില്‍ പോകുന്ന കാലത്തല്ലേ ഇതൊക്കെ സംഭവിക്കുന്നത്... എന്തായാലും ഇവിടെ അത്രത്തോളമെത്തിയില്ലല്ലോ.....
 
എന്തായാലും ത്രിപുരയില്‍ കാര്യങ്ങള്‍ കേരളത്തിലെ പോലെയല്ല. പണ്ട് ഒരു സഖാവിന്‍റെ വിഭാഗീയ ഫോണ്‍ സംഭാഷണം ചോര്‍ത്തി സംസ്ഥാന കമ്മിറ്റിക്ക് നല്‍കിയ നേതാവിനു പണികിട്ടിയ നാടാണ് നമ്മുടേത്. എന്തായാലും ഇവിടെ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയവര്‍ക്കെതിരെ നടപടിയുണ്ടായില്ല. പാര്‍ട്ടി വക പണി കിട്ടേണ്ടിടത്തു തന്നെ കിട്ടി. സമര്‍ ആചാര്‍ജിയ്ക്ക് വല്യേട്ടന്‍ സഖാക്കള്‍ പുറത്തേക്കുള്ള വാതില്‍ തുറന്നു കൊടുത്തു. പക്ഷേ പോയ പോക്കില്‍ ഈ ചേട്ടന്‍ പറഞ്ഞ ചില കാര്യങ്ങളാണ്  പാര്‍ട്ടിയെ വെട്ടിലാക്കിയത്.
 
ആ മഹദ്്വചനങ്ങള്‍ ഇങ്ങനെ....
 
""കൈ നിറയെ സന്പത്തുണ്ടായിട്ടും അതെല്ലാം മറച്ചു വച്ച് പാവമായി നടിച്ച് പ്രവര്‍ത്തകരെ പറ്റിക്കുന്ന കാപട്യം കാണിക്കുന്ന നേതാവാകാന്‍ ഞാനില്ല. ''
 
ഈ വാക്കുകള്‍  അങ്ങു കൊല്‍ക്കത്തയിലും ഇങ്ങു കേരളത്തിലും വരെ പലര്‍ക്കും കൊണ്ടെന്നാണ് പാര്‍ട്ടി ക്ലാസുകളിലെ സംസാരം. പ്രത്യേകിച്ച് നേതാക്കള്‍ എങ്ങനെയാകണമെന്നും  എങ്ങനെ  ജീവിക്കണമെന്നും പഠിപ്പിക്കാന്‍ പാര്‍ട്ടി പ്ലീനം വിളിക്കുന്ന  ഈ കാലത്ത്. എന്തായാലും പാര്‍ട്ടി ചുമ്മാ പ്ലീനം വിളിക്കില്ലല്ലോ... ...
 
 
പക്ഷേ അപ്പോഴും ആരും ഒരുകാര്യത്തെ കുറിച്ച് ഒന്നും പറയുന്നില്ല...
 

കമ്യൂണിസമെന്നത് സ്വകാര്യ സ്വത്തുക്കള്‍ ഇല്ലാതാക്കാലാണെന്ന മാര്‍ക്സിന്‍റെ വാക്കുകളെ പറ്റി. മണിക് സര്‍ക്കാരിന്‍റെയും ശങ്കരന്‍ നന്പൂതിരിപ്പാടിന്‍റെയും കാരാട്ട് സെക്രട്ടറിയുടെയുമെല്ലാം പാതകള്‍ കേരളത്തിലെ സഖാക്കള്‍ പിന്‍ ചെല്ലുമോ.... അതോ ദന്പിടി കയ്യില്‍ വച്ച് പാവമായി നടിച്ച് പാവങ്ങളായ പ്രവര്‍ത്തകരെ വഞ്ചിക്കുമോ?

Friday, October 18, 2013

അണ്ടന്‍മാരെ അടകോടന്‍മാരെ ഈ പുലിയെ കൂട്ടിലാക്കാന്‍ നിങ്ങള്‍ക്കാകുമോ?

നാക്കു ചുഴറ്റി ഇരയെ തേടി നടക്കുന്ന പൂഞ്ഞാറിലെ പുപ്പുലിയാണ് ഇപ്പോള്‍ കേരള രാഷ്ട്രീയത്തിന്‍റെ പേടി സ്വപ്നം. ഒരുപാട് വിഷം ഉണ്ട് ഈ നാക്കില്‍... പുലിയെ കൂട്ടിലാക്കാന്‍ നോക്കിയവരെല്ലാം പുലിവാലു പിടിച്ചു. കണ്ടാല്‍ ആനയെ പോലിരിക്കുമെങ്കിലും പൂഞ്ഞാര്‍ പുലിയും ആനയും തമ്മിലുള്ള ബന്ധം കൂടുതലായും ഗജപോക്കിരി എന്ന വിശേഷണത്തിലാണ്. പല ആണ്ടുകളായി കേരള രാഷ്ട്രീയത്തിലുണ്ടെങ്കിലും അഞ്ചാണ്ടായിക്കാണും ഈ പുലിയിറക്കം തുടങ്ങിയിട്ട്. പുലിയുടെ ആക്രമണരീതി അതിവിശേഷം ബഹുകേമം. സ്നേഹിച്ചു നക്കിക്കൊല്ലാറാക്കിയ  ശേഷമാണ് വേട്ടയാടല്‍. തൊടുപുഴയിലെ ഔസേപ്പ് രാജാവിന്‍റെ സാമന്തനമായിരുന്നു പണ്ട് ഈ വിദ്വാന്‍. ഒടുവില്‍ ഓസേപ്പ് രാജാവിനെ കാലുവാരി സ്വന്തം നാട്ടുരാജ്യമുണ്ടാക്കി. ഇദ്ദേഹം പോയ പോക്കില്‍ ഓസസേപ്പ് രാജാവ് എങ്ങനെയോ പീഡനക്കേസില്‍ പ്രതിയുമായി. യാദൃശ്ചികം എന്നു കരുതി മാളോരെല്ലാം. വെട്ടിനിരത്തിയും വെട്ടിനിരത്തപ്പെട്ടും കാടും കോടതിയും കയറിയുമെല്ലാം ചക്രവര്‍ത്തി പട്ടം സ്വന്തമാക്കിയ അച്ചുമ്മാനായിരിരുന്നു പിന്നെ പൂഞ്ഞാര്‍ പുലിയുടെ കണ്‍കണ്ട ദൈവം. അച്ചുമ്മാന്‍റെ സിംഹാസനത്തിനു കീഴെ പൃഷ്ഠത്തില്‍ വാലും ചുരുട്ടി പുലി ശയിച്ചു. പക്ഷേ നേരെമൊന്നിരുട്ടി വെളുത്തപ്പോള്‍ അച്ചുമ്മാനും പുലിയും ചിരവൈരികളായി. അന്നാണ് പൂഞ്ഞാര് പുലിയുടെ നാക്കു കൊണ്ടുള്ള പ്രകടനം കേരളദേശം ശരിക്കു കണ്ടത്.... അച്ചുമ്മാന് പോലും ഉത്തരം മുട്ടി. ദൈവത്തപ്പോലെ കരുതിയ അച്ചുമ്മാനെയും മോനെയും പുലി കോടതി കയറ്റുകയും ചെകുത്താനാക്കുകയും ചെയ്തു. പാളയം മാറി പുലി ചെന്നു കയറിയത് പാലാ സിംഹത്തിന്‍റെ മടയിലാണ്. പലരുടെയും വാഴ്ചകളും വീഴ്ചകളും കണ്ട പുലിയും ഒരു മന്ത്രിക്കസേര മോഹിച്ചതില്‍ കുറ്റം പറയാനാകില്ല. പൂഞ്ഞാര്‍ നട്ടുരാജാവിന് ഒരു മന്ത്രിയെങ്കിലും ആയിക്കൂടെ.... പക്ഷേ തൊടുപുഴയിലെ ഓസേപ്പ് രാജാവുകൂടി പാലാ സിംഹത്തിന്‍റെ മടയിലെത്തിയതോടെ ആ മോഹം വെള്ളത്തിലായി. ഓസേപ്പ് രാജാവ് വെള്ളത്തിന്‍റെ മന്ത്രിയുമായി. വെറും രണ്ടാളുടെ ഭൂരിപക്ഷത്തില്‍ ചാഞ്ചാടിക്കളിച്ചിരുന്ന ഉമ്മന്‍ സാമ്രാജ്യത്തെ താങ്ങിപ്പിടിക്കാന്‍ സ്വയം രംഗത്തിറങ്ങി. പക്ഷേ ഈ ആത്മാര്‍ഥതയും ഉമ്മന്‍ ചക്രവര്‍ത്തി കണ്ടില്ലെന്ന് നടിച്ചു. കൊട്ടാരക്കരയിലെ യുവരാജാവ് ഗണേശകുമാരനായിരുന്നു പിന്നെ പുലിയുടെ കൂട്ടുകാരന്‍... ഗണേശകുമാരന്‍റെ പിതാവിനു വേണ്ടി പൂഞ്ഞാര്‍ പുലി നടത്തിയ വിശ്വവിഖ്യാതമായ പാരപ്രഭാഷണം കേരളം ഇനിയും മറന്നിട്ടില്ല. കാലമങ്ങനെ പോകവേ അട്ടപ്പാടി ദേശത്തെ ചൊല്ലി പൂഞ്ഞാര്‍ പുലിയും ഗണേശകുമാരനും പിണങ്ങി. ഫലമോ ഗണശകുമാരന് സ്ഥാനനഷ്ടവും മാനഹാനിയും ഭാര്യയുടെ വക ദേഹോപദ്രവവും.  നടനപ്രിയനായ ഗണേശകുമാരന്‍റെ അന്തിക്കഥകള്‍ പുറത്ത് വിട്ട പൂഞ്ഞാര്‍ പുലി ഗണേശകുമാരനെ വനവാസത്തിനയച്ചു. ഗണേശകുമാരന്‍റെ വനസാമ്രാജ്യം ഉമ്മന്‍ ചക്രവര്‍ത്തി ഏറ്റെടുത്തു. ഉമ്മന്‍ ചക്രവര്‍ത്തിയുടെ സര്‍വസൈന്യധിപനായ തിരുവഞ്ചുര്‍ വീരനുമായാണ് പുലിയുടെ ഇപ്പോഴത്തെ പോര്. ആ പോര് അങ്ങനെ തകര്‍ക്കവേ, പൂഞ്ഞാര്‍ പുലിയെ കൂട്ടിലാക്കാന്‍ കെണിയുമായി രംഗത്തിറങ്ങിയിരിക്കുകയാണ് അഖിലകേരള ഖദര്‍ധാരികളെല്ലാം അഥവാ പുലിഭാഷയില്‍ പറഞ്ഞാല്‍ കേരളത്തിലെ അണ്ടനും അടകോടനുമെല്ലാം. പക്ഷേ ഖദര്‍ ധാരികളുടെ അന്തിക്കഥകളും അണിയറക്കഥകളും അഴിമതിക്കഥകളുമെല്ലാം അറിയുന്ന ഈ പുലിയ പൂട്ടാന്‍ അത്ര എളുപ്പമല്ലെന്ന ഖദര്‍ദാരികള്‍ക്കെല്ലാം അറിയാം. പിന്നെ പുലിയുടെ നാക്ക് പിടിച്ചു കെട്ടി പുലിവാലൊഴിവാക്കാണമെന്ന് പാലാസിഹംത്തോട് പരാതിപ്പെട്ടു. എല്ലാം ശരിയാക്കാമെന്ന് പറയുന്പോഴും പാലാ സിംഹത്തിനറിയാം ഒന്നും ശരിയാകില്ലെന്ന്. കാരണം പൂഞ്ഞാര്‍ പുലിയുടെ ചരിത്രം തന്നെ. നാഴികയ്ക്ക് നാല്‍പതു വട്ടം തന്നെ പുകഴ്ത്തുന്ന പൂഞ്ഞാര്‍ പുലിയ പാലാ സിംഹത്തിനും പേടിയാണ്. ഒപ്പം നിന്നവര്‍ക്കും കൈപിടിച്ചുയര്‍ത്തിയവര്‍ക്കുമെല്ലാം നല്ല എട്ടിന്‍റെ പണി കൊടുത്ത പുലിച്ചരിത്രം തന്നെ കാരണം. നാലാണ്ടു കാലമായി കൊണ്ടു നടക്കുന്ന പാലാസിംഹത്തിനായി എന്തുപണിയാവോ പൂഞ്ഞാര്‍ പുലി കാത്തുവച്ചിരിക്കുന്നത്. ഇതുവരെ കണ്ടതിലും കേമമായ പണിയായിരിക്കും അതെന്ന പ്രതീക്ഷയിലാണ് പ്രൊലിറ്റേറിയന്‍ തിയറിയില്‍ വിശ്വസിക്കുന്ന മലയാളികള്‍. പുലിയ്ക്ക് പറ്റിയ ഒരു കൂട് കേരളത്തിലുണ്ട്... അത് ഉമ്മന്‍ തിരുമനസിന്‍റെ അരമനയ്ക്ക് ചുറ്റുമുള്ള ഏതോ ഒരു മന്ത്രിമന്ദിരമാണ്. ആ കൂട്ടില്‍ കയറും വരെ ഈ പുലി ഇങ്ങനെ കളിച്ചു കൊണ്ടേയിരിക്കും. പക്ഷേ ആ കൂട് പൂഞ്ഞാര്‍ പുലിക്ക് കിട്ടുമോ.... അതോ ഉള്ള കാലിത്തൊഴുത്തു കൂടി പോകുമോ? കാത്തിരുന്നു കാണാം
 
 

പറയാന്‍ മറന്നത്: കേരളരാഷ്ട്രീയത്തെ സമീപകാലത്ത് ഏറ്റവും മലീമസമാക്കിയ നേതാവാരെന്ന് ഒരു സര്‍വേ നടത്തിയാല്‍ ഈ പുലി ലക്ഷം ലക്ഷം ഭൂരിപക്ഷത്തിന് ജയിക്കുമെന്നാണ് കൂപന്‍റെ വിശ്വാസം

Friday, October 4, 2013

കുറ്റിച്ചൂല്‍ രാഷ്ട്രീയം അഥവാ രാഷ്ട്രീയത്തിലെ കുറ്റിച്ചൂലുകള്‍

 
അങ്ങനെ പഞ്ചമഹാ തിരഞ്ഞെടുപ്പുള്‍ക്ക് കാഹളം മുഴങ്ങി. പക്ഷേ കൂപന്‍ പറയാന്‍ പോകുന്നത് രാജധാനിയിലെ വിശേഷമാണ്. അല്ലെങ്കില്‍ അല്‍പം കുറ്റിച്ചൂല്‍ രാഷ്ട്രീയമാണ്. നമ്മള്‍ മലയാളികള്‍ക്ക് പണ്ടേ ചൂലിനോട് അത്ര പഥ്യമില്ല. ഒരു വഴിക്കിറങ്ങുന്പോള്‍ ചൂലു കണ്ടാല്‍ അപശകുനം. ചൂലു കണ്ട് ശകുനം മുടങ്ങിയ പാവം മലയാളിയുടെ ഗതികേടാണ് ഇങ്ങ് രാജധാനിയില്‍ ഭരണപ്പാര്‍ട്ടിയായ കോണ്‍ഗ്രസിനും പ്രതിപക്ഷ സ്ഥാനീയരായ ബി.ജെ.പിക്കും. അതെ പ്രശ്നം ചൂലു തന്നെ. കയ്യില്‍ ചൂലുമായി നില്‍ക്കുന്നവനും നിസാരക്കാരനല്ല. അണ്ണാ ഹസാരെയെ പോലും പറഞ്ഞു പറ്റിച്ച് പ്രക്ഷോഭം നടത്തി, അടിത്തറയൊരുക്കി രാഷ്ട്രീയത്തില്‍ കയറിപ്പറ്റിയ വിദ്വാനാണ് കക്ഷി. അരവിന്ദ് കെജ്്രിവാള്‍. കെജ്്രിവാള്‍ മാത്രമല്ല ഒപ്പം ഒരു സംഘവുമുണ്ട്. പേര് ആം ആദ്മി പാര്‍ട്ടി. പച്ചമലയാളത്തില്‍ പറഞ്ഞാല്‍ സാധാരണക്കാരുടെ രാഷ്ട്രീയ പ്രസ്ഥാനം. പക്ഷേ പേരിലുള്ള സാധാരണത്വം ഒന്നും പാര്‍ട്ടിക്കില്ല. അത് വഴിയേ പറയാം. സാധാരണക്കാരുടെ ഈ അസാധാരണ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമാണ് ചൂല്‍. കലപ്പയേന്തിയ കര്‍ഷകന്‍ എന്നു പറയുന്ന പോലെ ചൂലേന്തിയ സാധാരണക്കാരന്‍. ഇതാണ് രാജധാനി രാഷ്ട്രീയത്തിലെ ചര്‍ച്ചാ വിഷയങ്ങളിലൊന്ന്. പതിനഞ്ചാണ്ടായി കാണിച്ചു വരുന്ന ഗിമ്മിക്കുകളിലെ പൂച്ച് ഈ ആം ആദ്മികള്‍ പുറത്തു കൊണ്ടുവരുമോയെന്നാണ് ഷീലാമ്മയുടെ ആധി. ഷീലാമ്മയെ പടിയടച്ച് പിണ്ഡം വയ്ക്കാന്‍ കിട്ടിയ അവസരം ഈ കുറ്റിച്ചൂലുകള്‍ കളയുമെന്ന പരിഭവം താമരപ്പാര്‍ട്ടിക്കുമുണ്ട്. പക്ഷേ ശരിക്കും വെട്ടിലായിരിക്കുന്നത് ഷീലാമ്മയാണ്. ഷീലാമ്മ എവിടെ മല്‍സരിച്ചാലും തോല്‍പിക്കുമെന്ന് പറഞ്ഞ് പിറകെ കൂടിയിരിക്കുകയാണ് കെജ്്രിവാള്‍. ഇനി മല്‍സരിക്കാതെ മാറി നിന്നാല്‍ നാണക്കേടാകും... കെജ്്രിവാളിനെ പേടിച്ചാണെന്ന് സാധാരണക്കാരായ പാര്‍ട്ടിക്കാര്‍ പറഞ്ഞു പരത്തും. ഇനി മല്‍സരിച്ചാലോ.... എല്ലാം സാധാരണക്കാരന്‍റെ കൈയ്യില്‍.
 
ആളെ പറ്റിക്കാനുള്ള അത്യാവശ്യം മറിമായങ്ങള്‍ നമ്മുടെ ആം ആദ്മിക്കാരുടെ കയ്യിലുമുണ്ട്... ഡല്‍ഹിയിലെ ആം ആദ്മികളെല്ലാം ഒരു സര്‍വേ നടത്തി വലിയൊരു കണ്ടു പിടുത്തം നടത്തി. ദില്ലിയിലെ 46 ശതമാനം വോട്ടര്‍മാരും ആം ആദ്മി പാര്‍ട്ടി അധികാരത്തിലേറണമെന്ന് ആഗ്രഹിക്കുന്നവരാണത്രേ..... ഈ കണക്കിന്‍റെ സാംഗത്യവും ആധികാരികതയുമൊന്നും ആരും ചോദിക്കരുത്... ചോദിക്കുന്നവന്‍ അഴിമതിക്കാരന്‍... അഴിമതിക്കാരുടെ ഏറാന്‍മൂളി. രാഷ്ട്രീയം പാപമാണ് മഹാ അപരാധമാണ് എന്ന് പറഞ്ഞ് അണ്ണാ ഹസാരെയ്ക്കൊപ്പം പരിവര്‍ത്തന പ്രക്ഷോഭം നടത്തിയാണ് കെജ്്രിവാളിന്‍റെ വരവ്. ഈ പഴയ ഐ.ഐ.ടിക്കാരന്‍റെ മനസിലെ ലക്ഷ്യം രാഷ്ട്രീയം തന്നെയെന്ന് കാലം തെളിയിച്ചു. ഐ.ഐ.ടിക്കാരന്‍റെ കൂര്‍മ ബുദ്ധിയുപയോഗിച്ച് പടിപടിയായി കെജ്്രിവാള്‍ രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കി... എതിര്‍ത്തവരുടെയെല്ലാം വായടപ്പിച്ചു... സര്‍ക്കാര്‍ വിരുദ്ധസമരത്തിന് കൈ അയച്ച് സഹായിച്ച രാഷ്ട്രീയ സ്വയം സേവാ സംഘത്തിനെ പോലും പറ്റിച്ചു കളഞ്ഞു... കണക്കുകളെല്ലാം സുതാര്യമെന്ന് വിളിച്ചു പറയുന്പോള്‍ പോലും ഒരു സുതാര്യമില്ലായ്മ അനുഭവപ്പെടും. സാധാരണക്കാരന്‍റെ പാര്‍ട്ടിയെന്നാണ് വയ്പ്. പക്ഷേ സ്ഥാനമോഹികളുടെ പട്ടികയില്‍ സാധാരണക്കാരനെ കണ്ടെത്താന്‍ അല്‍പം പാടാണ്... ഐ.ഐ.ടിക്കാരനും പഴയ ഐ.ആര്‍.എസുകാരനുമായ കെജ്്രിവാള്‍, പഴയ ടെലിവിഷന്‍ അവതാരക ഷാസിയ ഇല്‍മി തുടങ്ങി കുറ്റിയും പറിച്ച് കടല്‍ കടന്നെത്തിയ എന്‍.ആര്‍.ഐ കച്ചവടക്കാര്‍ വരെയുണ്ട് സാധാരണക്കാരെ സേവിക്കാന്‍. ഇവരെല്ലാം സാധാരണക്കാരല്ലേ എന്നു ചോദിച്ചാല്‍ കൂപന് അറിയില്ല.... ജനലോക്പാല്‍ , അഴിമതി രഹിതഭരണം തുടങ്ങിയ മധുരമനോജ്ഞ വാഗ്ദാനങ്ങളുമുണ്ട്.... എന്തായാലും കെജ്്രിവാളിനും പാര്‍ട്ടിക്കും ഏഴു സീറ്റെങ്കിലും കിട്ടുമെന്നാണ് രാഷ്ട്രീയ ജ്യോല്‍സ്യന്‍മാരുടെ പ്രവചനങ്ങള്‍... അതായാത് ഇന്ത്യ ലോകകപ്പ് ഫുട്ബോളിന്‍റെ പ്രീക്വാര്‍ട്ടറില്‍ കടക്കും പോലൊരു സംഭവം.
 
ഏഴല്ല ഡല്‍ഹിയിലെ എഴുപത് സീറ്റു കിട്ടിയാലും ഒരു മാറ്റവും ഉണ്ടാകില്ലെന്നാണ് കൂപന്‍റെ വിശ്വാസം...(ഇത് കൂപന്‍റെ മാത്രം വിശ്വാസമാണേ...) അണ്ണാ ഹസാരെയുടെ കാലു പിടിച്ച് വളര്‍ന്ന്, രാഷ്ട്രീയ നീക്കങ്ങളെ എതിര്‍ത്തതിന്‍റെ പേരില്‍ അദ്ദേഹത്തെ കറിവേപ്പില പോലെ വലിച്ചെറിഞ്ഞ(അണ്ണാ ഹസാരെയെ മഹത്വവല്‍ക്കരിക്കുന്നില്ല) കെജ്്രിവാളാണോ മാറ്റം കൊണ്ടു വരിക... അണികളെ ഉപയോഗിച്ച് എതിരാളികളുടെ വായടപ്പിക്കുന്ന*  കെജ്ിരിവാളാണോ മാറ്റം കൊണ്ടുവരിക... കെജ്്രിവാള്‍ വെറും രാഷ്ട്രീയക്കാരനാണ്... അധികാരമോഹിയായ സ്വേച്ഛാധിപതിയായ രാഷ്ട്രീയക്കാരന്‍...
 
 
 *സംശയമുള്ളവര്‍ പണ്ട് കെജ്്രിവാളും സംഘവും ഡല്‍ഹിയില്‍ നടത്തിയ യോഗം ഓര്‍ക്കുക... അന്ന് എല്ലാ പാര്‍ട്ടിയിലെയും പ്രമുഖരെ പ്രസംഗിക്കാന്‍ ക്ഷണിച്ചു... കെജ്്രിവാളിനേക്കാള്‍ വലിയ കൊടുവാള്‍ കണ്ടിട്ടുള്ള എ.ബി.ബര്‍ദന്‍ കെജ്്രിവാളിന്‍റെ രീതികളെ രൂക്ഷമായി വിമര്‍ശിച്ചു. തൊട്ടുപിന്നാലെ മൈക്കെടുത്ത കെജ്്രിവാള്‍, ബര്‍ദന്‍ പറഞ്ഞ ഓരോ കാര്യങ്ങളും അവിടെ കൂടിയിരുന്ന ആം ആദ്മിപാര്‍ട്ടി പ്രവര്‍ത്തകരെ കൊണ്ട് നോ, നോ പറയിച്ചാണ് തിരിച്ച് പണി കൊടുത്തത്.... ഈ നടപടിയില്‍  പ്രതിഷേധിച്ച് ബര്‍ദന്‍ വേദി വിടുകയും ചെയ്തു... തുടര്‍ന്ന് പ്രസംഗിക്കുന്നതില്‍ നിന്ന് കെജ്്രിവാളിനെ ഹസാരെ വിലക്കുകയും ചെയ്തു...

Wednesday, October 2, 2013

നാടകാന്തം ചവറ്റുകുട്ട


സമാധാനം.... കള്ളന്‍മാരും കൊള്ളക്കാരും അഴിമതിക്കാരുമെല്ലാം ഇനി കളത്തിനു പുറത്ത്. അഴിമതിക്കാരും ക്രിമിനലുകളുമായ ജനപ്രതിനിധികള്‍ക്ക് ഇനി നിയമനിര്‍മാണ സഭകളില്‍ ഇടമില്ല. അഴിമതിക്കാരെ കാത്തു രക്ഷിക്കാനുള്ള ഓര്‍ഡിനന്‍സ് ഒടുവില്‍ സര്‍ക്കാര്‍ തന്നെ കീറിയെറിഞ്ഞു. രാജ്യസഭയിലിരിക്കുന്ന ബില്ലിന്‍റെയും  സ്ഥാനം ചവറ്റുകുട്ടയിലേക്ക്. സന്തോഷം.... നല്ല തീരുമാനം... രാജ്യം രക്ഷപെടട്ടെ...
രണ്ടു കാര്യങ്ങളാണ് ഈ തീരുമാനം തെളിയിക്കുന്നത്. ഒന്ന് കോണ്‍ഗ്രസ് എന്നാല്‍ സോണിയാ ആന്‍ഡ് സണ്‍സ് കന്പനി എന്നു തന്നെ. രണ്ട് മന്‍മോഹന്‍ സിങ് സ്വന്തം നട്ടെല്ല് ജന്‍പഥിലെ പത്താം നന്പര്‍ വീട്ടില്‍ പണയം വച്ചിരിക്കുന്നു.

ക്രിമിനലുകളായ ജനപ്രതിനിധികളെ സംരക്ഷിക്കാനുള്ള ഓര്‍ഡിനന്‍സ് അവതരിപ്പിച്ചത് സോണിയയും രാഹുലും അറിയാതെയാണോ....? അങ്ങനെയെങ്കില്‍ രണ്ടുപേരും സോണിയാ ആന്‍ഡ് സണ്‍സ് പ്രസ്ഥാനത്തിന്‍റെ പ്രസിഡന്‍റ് വൈസ് പ്രസിഡന്‍റ് പദം ഒഴിയുകയായിരിക്കും നല്ലത്. സ്വന്തം സര്‍ക്കാര്‍ എന്തു ചെയ്യുന്നു എന്നറിയേണ്ടത് നയിക്കുന്ന പാര്‍ട്ടിയുടെ ഉത്തരവാദിത്തം തന്നെയാണ്.... ഇനി ഇവരുടെ സമ്മതത്തോടെയാണ് ഈ ഓര്‍ഡിനന്‍സ് അവതരിപ്പിച്ചതെങ്കില്‍ ഈ നാടത്തിന്‍റെ ഉദ്ദേശം എന്തായിരുന്നു. മാനത്തു നിന്ന് പൊട്ടി വീണപോലെ രാഹുല്‍ ഗാന്ധിയുടെ വെളിപാട്.... പിന്നാലെ ഏറാന്‍മൂളികളുടെ ഏറ്റുപാടല്‍... കൂടിയാലോചനകള്‍, നാടകീയത, ബില്‍ പിന്‍വലിക്കല്‍.... ബില്‍ രാജ്യസഭയില്‍ കൊണ്ടുവന്നപ്പോള്‍ എവിടെപ്പോയിരുന്നു ഇവരെല്ലാം....? അന്നോര്‍ത്തില്ലേ ഈ നീക്കം ജനവിരുദ്ധമാണെന്ന്? ഈ ചോദ്യങ്ങള്‍ക്ക് ഇതുവരെ ഉത്തരം കിട്ടിയിട്ടില്ല... അല്ലെങ്കില്‍ പറയാന്‍ ഉത്തരമില്ല.

പ്രതിപക്ഷം മാന്യന്‍മാരാണെന്ന് ധരിക്കരുത്. എല്ലാവരും കരഞ്ഞു വിളിച്ചിരുന്നു കോടതി വിധിയെ മറികടകക്കാന്‍ ഓര്‍ഡിനന്‍സ് വേണമെന്ന്... ഇപ്പോള്‍ എല്ലാവരുടെയും ഓട്ടം ഓര്‍ഡിനന്‍സ് പിന്‍വലിച്ചതിന്‍റെ ക്രെഡിറ്റിനു വേണ്ടിയാണ്... ആരെയാണ് ഇവര്‍ വിഡ്ഡികളാക്കുന്നത്...? വോട്ട് ചെയ്യുന്ന ജനങ്ങള്‍ മണ്ടന്‍മാരാണെന്ന് കരുതല്ലേ നേതാക്കളേ.....

ഈ നാടകത്തിലെ വില്ലന്‍ വേഷം മന്‍മോഹന്‍ സിങ് മനോഹരമായി ആടിത്തീര്‍ത്തു. രാഹുല്‍ ഗാന്ധിയുടെ ക്ഷുഭിത യൗവന പരിവേഷം* കൂട്ടി ഗാന്ധിജയന്തി ദിനത്തില്‍ മന്‍മോഹന്‍ ഇടിയേറ്റു വീണു. സ്വന്തം പാര്‍ട്ടി കുതികാല്‍ വെട്ടിയിട്ടും പ്രധാനമന്ത്രി പദത്തില്‍ കടിച്ചു തൂങ്ങിക്കിടന്ന് മന്‍മോഹന്‍ തെളിയിച്ചു ആത്മാഭിമാനത്തേക്കാള്‍ വലുതാണ് പ്രധാനമന്ത്രി കസേരയെന്ന്. മന്ത്രിസഭ ചര്‍ച്ച ചെയ്ത് തീരുമാനിച്ച ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ രാജ്യത്തിന്‍റെ പ്രധാനമന്ത്രിക്ക് കൂടിയാലോചിക്കേണ്ടി വന്നത് രണ്ടേ രണടു പേരോട്... സോണിയാ ഗാന്ധി, മകന്‍ രാഹുല്‍ ഗാന്ധി. മന്‍മോഹന്‍ സിങ്ങിന്‍റെ നട്ടെല്ല് ജന്‍പഥിലെ തലയിണക്കിടയില്‍ ഇപ്പോഴും സുരക്ഷിതം. ശേഷിക്കുന്ന ഏഴുമാസം കൂടി രാജ്യം ഭരിക്കാം.... ഇപ്പോള്‍ എല്ലാവര്‍ക്കും തെളിഞ്ഞിട്ടുണ്ടാകും എന്തുകൊണ്ട് പ്രണബിനെ തഴഞ്ഞ് മന്‍മോഹന്‍ സിങ്ങിനെ സോണിയ പ്രധാനമന്ത്രിക്കസേരയില്‍ ഇരുത്തിയെന്ന്. ഇരുപ്പിലും നടപ്പിലും മാത്രമല്ല, പ്രവൃത്തിയിലും മന്‍മോഹന്‍ സിങ് കളിപ്പാവയാണ് സോണിയാ ആന്‍ഡ് സണ്‍സിന്‍റെ കളിപ്പാവ.

എന്തായാലും ഇത്തവണത്തെ നാടകം കളി രാജ്യത്തെ കട്ടുമുടിക്കാനല്ല എന്ന് വിചാരിക്കാം. കട്ടു മുടിച്ചവരെ കരയ്ക്കിരുത്താനല്ലേ... അങ്ങനെ സമാധാനിക്കാം.

*45 വയസുള്ള രാഹുല്‍ ഗാന്ധിയുടേത് ക്ഷുഭിത യൗവനമാണോ, ക്ഷുഭിത മധ്യവയസാണോ എന്നു ചോദിച്ചാല്‍ കൂപന് ഉത്തരമില്ല. 

Monday, September 30, 2013

ആലു ബാക്കിയായി, ലാലു തുറുങ്കിലായി

""ജബ് തക് രഹേഗാ, സമോസാ മേം ആലൂ
തബ് തക് രഹേഗാ ബീഹാര്‍ മേം ലാലൂ''

(സമോസയില്‍ ഉരുളക്കിഴങ്ങുള്ളിടത്തോളം കാലം ബീഹാറില്‍ ലാലുവും ഉണ്ടാകും.)

ബീഹാറില്‍ ഇപ്പോഴും സമോസയുണ്ടാക്കുന്നത് ഉരുളക്കിഴങ് ഉപയോഗിച്ചാണ്. പക്ഷേ ബീഹാര്‍ രാഷ്ട്രീയത്തില്‍ ഇനി ലാലുവില്ല.
രണ്ടു പതിറ്റാണ്ടു മുന്പ് അത്താഴപ്പട്ടിണിക്കാരനെ പറ്റിച്ച് ലാലു വിഴുങ്ങിയ കാലിത്തീറ്റ ഇന്നും ദഹിക്കാതെ കിടക്കുകയാണ്. ബീഹാര്‍ രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും. ഈ രണ്ടു പതിറ്റാണ്ടു കൊണ്ട് കോസി നദിയിലൂടെ ഒരുപാട് വെള്ളമൊഴുകി. ബന്ധുക്കള്‍ പലരും ശത്രുക്കളായി. ശത്രുക്കള്‍ ബന്ധുക്കളും. ജനതാദള്‍ പല ദളങ്ങളായി. നിറഞ്ഞു കത്തിയ ലാലുവിന്‍റെ റാന്തലിന്‍റെ വെളിച്ചം മങ്ങി.(ഇപ്പോള്‍ അത് ഏകദേശം അണഞ്ഞ അവസ്ഥയിലാണ്) ഐക്യജനതാദളിന്‍റെയും ബീഹാറിന്‍റെയും അമരക്കാരനായി ഡല്‍ഹിയില്‍ നിന്ന് നിതീഷ് വന്നപ്പോള്‍ രാഷ്ട്രീയ ജനതാദളുമായി ലാലുവിന് ഡല്‍ഹിക്ക് വണ്ടി കയറേണ്ടി വന്നു.
ബീഹാറില്‍ നല്ല റോഡ് വന്നാല്‍ നാട്ടുകാരി പെണ്ണുങ്ങളെ വണ്ടിയിലെത്തുന്നവര്‍ തട്ടിക്കൊണ്ടുപോകുമെന്ന് പറഞ്ഞാണ് പാവം ഗ്രാമീണരെ ലാലു പറ്റിച്ചിരുന്നത്. പക്ഷേ ഈ ലാലു തന്നെ മകളെ വിവാഹം ചെയ്തയക്കുന്ന ഗ്രാമത്തിലേക്ക് രണ്ടുവരിപ്പാത പണിതപ്പോളാണ് ജനത്തിന് മനസിലായത് ആരാണ് ലാലുവെന്ന്
പ്രതാപകാലത്ത് ഇരുന്പഴിക്കുള്ളിലായപ്പോള്‍ ഭാര്യയെ മുഖ്യമന്ത്രി കസേരയിലിരുത്തി, തടവറയ്ക്കുള്ളില്‍ നിന്ന് രാജ്യം ഭരിച്ച രാജാവിന് രാജ്യം എന്നേ നഷ്ടമായി. രാജ്യം വിഭജിക്കപ്പെട്ടപ്പോള്‍ ലാലുവിന് ഉറങ്ങാനുള്ള തടവറയും അയല്‍പക്കത്തായി. നികുതിപ്പണം മോഷ്ടിച്ച ലാലുവിനായി ഭരണവര്‍ഗം റാഞ്ചിയില്‍ ഒരുക്കിയിരിക്കുന്നത് ബിര്‍സ മുണ്ടയെന്ന ആഡംബര ജയില്‍ കൊട്ടാരമാണ്.  പക്ഷേ കാഞ്ചന കൂട്ടിലെങ്കിലും ബന്ധനം ബന്ധനം തന്നെ പാരില്‍...
തടവറയിലെ ഏകാന്തതയില്‍ ലാലുവിന് കോണ്‍ഗ്രസിന്‍റെ യുവരാജാവിനെ പഴിക്കാം. ലാലുവിനെ കാക്കാന്‍ ഡല്‍ഹിയിലെ സുഹൃത്തുക്കള്‍ തട്ടിക്കൂട്ടിയെടുത്ത ഓര്‍ഡിനന്‍സിനെ രാഹുല്‍ പരസ്യമായി തള്ളിപ്പറഞ്ഞതോടെ ലാലുവിന് ലോക്സഭാംഗത്വവും നഷ്ടം. ഇവിടെ നഷ്ടം ലാലുവിന് മാത്രമാണ്. കാരണം ബീഹാറില്‍ ലാലു പോയാല്‍ കോണ്‍ഗ്രസിന് തുണയായി ഐക്യജനതാദളുമായി നിതീഷുണ്ട്. നിതീഷിനെ ഒപ്പം കൂട്ടാനുള്ള കോണ്‍ഗ്രസ് തന്ത്രമാണ് രാഹുല്‍ നടത്തിയ നാടകമെന്ന് കരുതിയാലും തെറ്റില്ല.

ഉപ്പു തിന്നവന്‍ വെള്ളം കുടിച്ചേ മതിയാകൂ. അതുകൊണ്ട് തന്നെ ലാലു സഹതാപം അര്‍ഹിക്കുന്നില്ല. ഇനിയൊരു തിരിച്ചുവരവിനുള്ള ബാല്യം ലാലുവിനുണ്ടെന്നു കരുതാനും വയ്യ. ബാല്യം വിട്ടുമാറാത്ത പുത്രന്‍ നയിക്കാനൊരുങ്ങുന്ന രാഷ്ട്രീയ ദളിന്‍റെ റാന്തല്‍ വെളിച്ചത്തിനും ഇനി പഴയ തേജസുണ്ടാകില്ല. ഭരണം പോയശേഷം വളര്‍ച്ച പടവലങ്ങ പോല കീഴ്പോട്ടായ ലാലുവിന്‍റെയും രാഷ്ട്രീയ ദളിന്‍റെയും ഭാവി ഇനിയെന്ത്?.
 ബീഹാറില്‍ ഉരുളക്കിഴങ്ങ് ചേര്‍ത്ത സമോസ ഇനിയും ഒരുപാടുണ്ടാകും.... പക്ഷേ ലാലുവിന്‍റെ മാടന്പിത്തരവും താന്‍പോരിമയും ഇനി ബീഹാറില്‍ ഇല്ല. അതിന് സ്ഥാനം ജാര്‍ഖണ്ഡിലെ തടവറയില്‍.... ചിലരെ എല്ലാക്കാലവും എല്ലാവരെ കുറച്ചു കാലവും പറ്റിക്കാം. പക്ഷേ എല്ലാവരെയും എല്ലാക്കാലവും പറ്റിക്കാനാകില്ല. ലാലുവും ലാലുവിന്‍റെ വഴി നടക്കുന്നവരും ഇനിയെങ്കിലും അറിയുക.

""സമോസാ മേം ആലൂ ഹേ

ബീഹാര്‍ മേം അഭി ലാലൂ നഹീ ഹേ''

Sunday, September 29, 2013

അഖില ഭാരത കിറുക്കന്‍മാരെ... ഇതാ നിങ്ങളുടെ കടവൂള്‍


ഭാരത ദേശ കിറുക്കന്‍കളി നിയന്ത്രണ പ്രസ്ഥാനത്തിന്‍റെ തലതൊട്ടപ്പനാകാന്‍ എന്തുകൊണ്ടും യോഗ്യന്‍ തിരുനെല്‍വേലിക്കാരന്‍ നാരായണസ്വാമി ശ്രീനിവാസന്‍ തന്നെ.... മുക്കാല്‍ക്കള്ളന്‍മാരെ നയിക്കാന്‍ പെരുങ്കള്ളന്‍ തന്നെ വരണമല്ലോ.... (മാന്യമാര്‍ക്ക് ഇവിടെ പണ്ടേ ഇടമില്ല).

കിറുക്കന്‍ കളിയിലെ വലിയ ദൈവമാണ് ശ്രീനിവാസ സ്വാമി. ശ്രീനിവാസ സ്വാമിയുടെ ലീലാവിലാസങ്ങളില്‍ ചിലത് കൂപന്‍ പറയാം.... അഴിമതിയുടെ കൂത്തരങ്ങായ കിറുക്കന്‍ കളി നിയന്ത്രണ പ്രസ്ഥാനത്തില്‍ കസേര ചുണ്ണാന്പിട്ട് ഉറപ്പിച്ചിരിക്കുയാണ് സ്വാമി. കിറുക്കന്‍ കളിയുടെ മൂര്‍ത്തരൂപമായ ഭാരത ഭ്രാന്തന്‍ പോരിന്‍റെ സൃഷ്ടാവിന്‍റെ മുതുഭ്രാന്ത് മാറ്റിയ മഹാനുഭവന്‍. മുതുഭ്രാന്ത് മാറിയ സൃഷ്ടാവ് ഇപ്പോള്‍ ലളിതമായ മോഡിയോടെ സായിപ്പിന്‍റെ നാട്ടില്‍ കഴിയുന്നു.  ഭ്രാന്തന്‍ പോര് തുടങ്ങും മുന്പേ നിയമാവലി മാറ്റിയെഴുതി സ്വന്തം ഭ്രാന്തഗണത്തെ കളത്തിലിറക്കി. പോരില്‍ ഭ്രാന്തഗണത്തിന്‍റെ ലീലാവിലാസങ്ങള്‍ മുന്പേ പറഞ്ഞുറപ്പിച്ച് മാമനും മരുമോനും വാരിയെടുത്ത പൊന്‍പണത്തിനു കയ്യും കണക്കുമില്ല. സ്വാമി മാമന്‍റെയും മെയ്യപ്പ മരുമോന്‍റെയും ലീലാവിലാസങ്ങള്‍ നാട്ടാരറിഞ്ഞപ്പോള്‍ മരുമോനെ കയ്യാമം വെയ്പ്പിച്ച് മാമന്‍ മാന്യനായി. കിറുക്കന്‍ കളി നിയന്ത്രണ പ്രസ്ഥാനത്തിന്‍റെ നടത്തിപ്പവകാശം അനുചരവൃന്ദത്തിന് കൈമാറി തിരശീലയ്ക്ക് പിറകിലിരുന്നു ശ്രീനിവാസ സ്വാമി ഭരിച്ചു രസിച്ചു. തെലുങ്കു ദേശത്ത് റെഡ്ഡി പുത്രനുമായി ചേര്‍ന്ന് നടത്തിയ ലീലാ വിലാസങ്ങളെ കുറിച്ചും സ്വാമിയോട് ചോദിക്കാന്‍ കളിനിയന്ത്രണ പ്രസ്ഥാനത്തില്‍ ആര്‍ക്കും ചങ്കുറപ്പില്ല... കാരണം ലളിതം. കസേര, പൊന്‍പണം... കടവൂള്‍ പോലും ശ്രീനിവാസ സ്വാമിയുടെ നാണയത്തുട്ടിനു മേലെ പറക്കില്ല.
അങ്ങനെയിരിക്കെയാണ് സ്വാമിയുടെ തട്ടകത്തില്‍ കളി നിയന്ത്രണ പ്രസ്ഥാനത്തിന്‍റെ തലയെണ്ണല്‍ നടന്നത്. നാട്ടാരെല്ലാം കരുതി ഇത്തവണ സ്വാമി വീഴുമെന്ന്. മഹാബലി പുരത്ത് ശ്രീനിവാസ സാമിയുടെ മണിമാളികയില്‍ ഉണ്ടുടുത്ത്, മുറുക്കിത്തുപ്പി, സോമരസം സേവിച്ചവരല്ലാം സ്വാമിക്കായി ഇരുകൈയ്യും പൊക്കി ഓശാന പാടി. കൊട്ടാരവിപ്ലവത്തിനു കോപ്പു കൂട്ടിയ ഗോസായിമാരാകട്ടെ തലയെണ്ണിയ നേരത്ത് തലതാഴ്ത്തി. . തിരുനെല്‍വേലിയിലെ തിരുവടിയോട് മുട്ടിയ ചില ഗോസായിമാര്‍ ഇരുന്ന കസേര പിന്നെ കണ്ടില്ല. വിപ്ലവമെന്ന് ഉച്ചരിക്കും മുന്പേ കൊട്ടാരവിപ്ലവം അകാലചരമം പ്രാപിച്ചു. സ്വാമിയുടെ പൊന്‍പണത്തിനു മുന്പിലെന്ത് കൊട്ടാരവിപ്ലവം. കടവൂളിന്‍റെ കോപം പേടിച്ച് പലരും തമിഴകത്ത് നടന്ന തലയെണ്ണല്‍ പരിസരത്തേക്ക് പോലും കാലെടുത്തു വച്ചില്ല. അങ്ങനെ ശ്രീനിവാസ സ്വാമി വീണ്ടും കിറുക്കന്‍ കളി നിയന്ത്രണ പ്രസ്ഥാനത്തിന്‍റെ കടവൂളായി. മാമനും മോനും ചേര്‍ന്ന് ഇനിയും നാട്ടാരെ പറ്റിക്കും. കട്ടുമുടിക്കും. ഒപ്പം കൂടുന്നവര്‍ക്ക് നക്കാപ്പിച്ച കിട്ടുകയും ചെയ്യും. ആരും ചോദിക്കില്ല.... ചോദിക്കാന്‍ അനുവദിക്കില്ല. കാരണം ഇത് കിറുക്കന്‍ കളിയാണ്. കളിക്കുക..... കളി കാണുക, ... അത്രയേ ചെയ്യാവൂ പൊതുജനമെന്ന കഴുത. ചോദ്യം ചെയ്യാനവകാശമില്ല.... അഥവാ ചോദ്യം ചോദിച്ചാല്‍ ഉത്തരം കിട്ടുകയുമില്ല.  

Saturday, September 28, 2013

രാഹുലബോധോധയം....

രാഹുലബോധോധയം....

ഭാരതദേശം പതിച്ചുകൊടുക്കുപ്പെട്ട ഗാന്ധിത്തറവാട്ടിലെ ഇളമുറക്കാരന്‍ എന്നാലും ഈ ചെയ്ത്തു ചെയ്തല്ലോ... നട്ടുച്ചയ്ക്ക് തുഗ്ലക്ക് മുക്കിലെ കൊട്ടാരത്തില്‍ ചപ്പാത്തിയും പരിപ്പും വെട്ടിവിഴുങ്ങവെ അല്ലായിരുന്നോ ബോധോധയം... ബോധം ഉദിച്ച പാടെ കിങ്കരപ്പടയേയും കൂട്ടി പടപ്പുറപ്പാടായി. പടയെത്തിയതോ, അഖിലഭാരത പരദൂഷണ വിചാരകേന്ദ്രത്തിന്‍റെ പടിപ്പുരയിലും.... രാജധാനിയിലെ വരിഷ്ഠ പരദൂഷക സ്തുതിപാഠക വൃന്ദം അല്പം സോമരസം സേവിക്കാനെത്തിയ സമയം... ഈ വൃന്ദത്തിനു കൂട്ടായി അകത്ത് ഗാന്ധിത്തറവാട്ടു സ്വകാര്യ സ്വത്ത് ഗാന്ധി കാങ്കിറസ് കോര്പറേഷന്‍റെ ആസ്ഥാന മാധ്യമ വിശാരദന്‍ ശ്രീ മാക്കാന്‍റെ വെടിവെട്ടം നടക്കുന്ന നേരം. .... വെടിവട്ടത്തിലേക്ക് വെടിക്കെട്ടുപോലെ പാഞ്ഞുകയറിയ ഇളമുറത്തന്പുരാന്‍ ആരേലും എന്തേലും ചോദിക്കും മുന്പ് വെളിപാടുപോലെ മൊഴിഞ്ഞു... കോഴീനെ കട്ടത് ഞാനല്ല, എന്‍റെ തലയില്‍ കോഴീന്‍റെ പൂടയില്ലാന്ന്.... കോഴീനെ കട്ടത് തലേക്കെട്ടു കെട്ടിയവരാണ്... അതോണ്ട് അവരുടെ തലയിലും പൂട കാണൂല്ലാന്നും പറഞ്ഞു രാഹുലന്‍ തിരുമനസ്.... ഗാന്ധിത്തറവാട്ടിലെ കോഴികളെ കാത്തു പരിപാലിക്കുന്ന ഭാരതദേശത്തെ കാര്യസ്ഥന്‍ തലേക്കെട്ടുകാരന്‍ മനോമോഹനന്‍ ജന്‍മനാടായ ഐക്യദേശത്തേക്ക് പോയ നേരത്തല്ലായിരുന്നോ ഇളമുറക്കാരന്റെ വെടിക്കെട്ട്.... വെടിക്കെട്ട് കഴിഞ്ഞ് മൂട്ടിലെ പൊടിയും തട്ടി ഇളമുറത്തന്പുരാനും കിങ്കരപ്പടയും വണ്ടി വിട്ടു. ഉണ്ടിരുന്ന കൈ കഴുകാന് പോലും കാത്തു നില്ക്കാതെ പരദൂഷണവൃന്ദം കുടയും കൊണ്ടോടി.... എങ്ങാണ്ടൂ നിന്ന് വലിഞ്ഞു കേറി വന്ന ഇളമുറത്തന്പുരാന് നട്ടുച്ചയിലെ പൊരിഞ്ചൂടില് എന്തോ പറഞ്ഞുവെന്നൊന്നും പരദൂഷണപ്പട കരുതിയില്ല... നാഴികയ്ക്ക് വിനാഴിക മുന്പേ ഭാരതദേശത്തെ പെട്ടിക്കടയില്‍ വരെയെത്തി അന്തപുരത്തിലെ പടപ്പുറപ്പാടിന്റെ കഥ... എന്നുവച്ചാ ഇളമുറത്തന്പുരാന്‍റെ ബോധോധയത്തിന്റെ വിശേഷം. ഐക്യനാട്ടിലെ തന്പുരാനു പാദസേവ ചെയ്യാനെത്തിയ മനോമോഹന്‍റെ മുട്ടുപോലും ഏഴുകടലും കടന്നെത്തിയ വൃത്താന്തം കേട്ട് വിറച്ചു പോയെന്നാണ് ഐക്യനാടു വൃത്താന്തം. എന്താണാവോ രാഹുലകുമാരന് ഇപ്പോഴിങ്ങനൊരു ബോധോധയമെന്ന് കൊട്ടാരം ജ്യോതിഷികള്‍ കവിടി നിരത്തിയിട്ടുണ്ട്..... താമരത്തറവാട്ടിലെ പുതിയ കാര്യക്കാരനായി അങ്ങ് പടിഞ്ഞാറു നിന്ന് മോഡിയോടെ വന്ന ഒരു സിങ്കത്തെ കണ്ട് പേടിച്ചുണ്ടായ ബോധോധയമാണെന്നാണ് ദോഷൈദൃക്കുകള്‍ പറയുന്നത്.... അത്യാവശ്യം കൊട്ടേഷന്‍ പരിപാടിയുള്ള മോഡി സിങ്കം രാഹുലകുമാരനെ സ്വപ്നത്തില്‍ പേടിപ്പിക്കാറുണ്ടെന്ന് തുഗ്ലക്ക് മുക്കിലെ കൊട്ടാരം പരിചാരകര്‍ സമ്മതിച്ചിട്ടുണ്ട്. മോഡി സിങ്കത്തെ താമരത്തറവാട്ടിലെ പടിയില്‍ തടയാന് പലരും ഏറെ അഡ്വാനിച്ചിരുന്നു.... അതിലൊരു പഴയ പുലിയുടെ അവസാനത്തെ പല്ലും നഖവും പറിച്ച് മാലയിട്ടാണ് മോഡി സിങ്കം ഈ താമരത്തറവാട് വാഴുന്നത്.... താമരത്തറവാടിന്‍റെ മോഡിയെ പേടിച്ചാണ് രാഹുലകുമാരന്‍ കോഴിക്കഥ പറഞ്ഞു നടക്കുന്നതെന്ന് പറയുന്നത് മറ്റാരുമല്ല.... താമരത്തറവാട്ടിലെ പാണ പരദൂഷക വൃന്ദം തന്നെ... പക്ഷേ കാങ്കിറസ് കന്പനിക്കാര്‍ ഇതു സമ്മതിക്കുന്ന മട്ടില്ല കേട്ടോ.... പിന്നെന്തായിരിക്കും രാഹുലന് പറ്റിയത്.... പ്രശ്നം കാങ്കിറസ് കന്പനിയില് തന്നെയാണു പോലും... അമ്മമഹാറാണി കിരീടാവകാശിയായി പ്രഖ്യിപിച്ച രാഹുലനെ പടിയിറക്കാന്‍ കാങ്കിറസ് കന്പനിയിലെ ചില വക്കീലന്മാര് കളി തുടങ്ങിയിട്ടുണ്ട്..... തെക്കു ചിദംബരത്തു നിന്ന് വന്ന ഒരു ചെട്ടിയാരും വടക്ക് രാജധാനിയിലുള്ള ഒരു കപിലനുമാണ് പോലും ഈ വക്കീലന്മാര്‍.... കാര്യസ്ഥന്‍ മനോഹമോഹനനും ഇവര്‍ക്കൊപ്പമാണെന്നാണ് കാര്യസ്ഥക്കുടിയില്‍ നിന്നുള്ള വര്‍ത്തമാനം.... രാഹുല തിരുമനസിന് കോഴിത്തലയില്‍ ക്ഷുദ്രം ചെയ്യാന് ഇവര്‍ തന്നെയാണത്രേ കോഴിയെ കട്ടത്.... ഈ ബോധോധയം വന്നതു കൊണ്ടാണ് പരദൂഷണപ്പടയോട് കോഴിയെ കട്ടത് ഞാനല്ല തലേക്കെട്ടുകാരനും കൂട്ടരുമാണെന്ന് പറഞ്ഞത്.... ഏതു കഥയാണ് വാസ്തവമെങ്കിലും ഇത് കുറച്ച് കടുത്ത് പോയില്ലേ കുമാരാ.... ഞാന് കള്ളനല്ലെന്ന് പറയാന് കുടുംബക്കാരുടെ മുഴുവന്‍ കള്ളനാക്കിയില്ലേ(കുടുംബക്കാര് മുഴുവന്‍ കള്ളന്മാരാണേലും ആ സത്യം ഇങ്ങനെ പുരപ്പുറത്തു നിന്ന് പറയാവോ....)... എന്താണേലും പതിവായി അമ്മ മഹാറാണിയുടെ മാധ്യസ്ഥം തേടാറുള്ള അറക്കപ്പറന്പിലെ അന്തോണീസിനെയെങ്കിലും വെറുതെ വിടാരുന്നു..... രാഹുലന് ബോധം ഉദിച്ച കന്നിമാസത്തിലെ പതിനൊന്നാം നാള് ഗാന്ധി ബോധോദയ ദിനമായി കൊണ്ടാടുന്ന കാര്യം പരിഗണനയില് ഉണ്ടുപോലും ഒടുവിലറിഞ്ഞത്: മലബാര്‍ നാട്ടുഭാഷാ സാഹിത്യകാരന്‍മാര്‍ മൊയന്ത് ഗണത്തില്‍ രാഹുലനെ പെടുത്തിയ വിവരം അമ്മ മഹാറാണി അറിഞ്ഞിരിക്കുന്നു... മൊയന്ത് ഗണത്തില് നിന്ന് കരകയറിയില്ലേല്‍ അനന്തരാവകാശപ്പട്ടം സോദരി പ്രിയങ്കരിക്ക് കൊടുക്കുമെന്ന് അമ്മ മഹാറാണി പറഞ്ഞതിനെ തുടര്‍ന്നാണ് കുമാരന്‍റെ കോഴിക്കഥ ബോധോദയം എന്നും പറയപ്പെടുന്നു.... ബോധോധയം വന്നിട്ടും മൊയന്ത് മൊയന്ത് തന്നെ....