മാന്യമഹാജനങ്ങളേ.... ഭാരതരാജ്യത്തെ പഞ്ചദേശങ്ങളിലെ ഭരണാധികാരികളെ
കണ്ടെത്താന്‍ സ്വയം വര മല്‍സരം. ആരുടെ ചിവിട്ടടിയില്‍ കഴിയണമെന്ന് പൗരന്‍മാരെന്ന
കഴുതകള്‍ക്ക് നിശ്ചയിക്കാം. ശ്രീരാമന്‍ സീതയെ വേള്‍ക്കാന്‍ വില്ലൊടിച്ചെങ്കില്‍
പഞ്ചദേശം പിടിക്കാനിറങ്ങുന്ന രാജകുമാരന്‍മാര്‍ക്കുള്ള അഗ്നിപരീക്ഷ അതിലും കഠിനമാണ്.
സവാളയുടെ വില നിയന്ത്രിക്കുന്നവനായാരിരിക്കും പഞ്ചദേശങ്ങളുടെ അധിപന്‍. ആര്‍ക്കതിനു
സാധിക്കും.... ഹര്‍ഷവര്‍ധനും ഷീലാമ്മയുമെല്ലാം അരയും തലയും മുറുക്കി
രാജാധാനിയിലുണ്ട്.... സ്വയംവരപ്പന്തലില്‍ പ്രതീക്ഷയോടെ... മധ്യപ്രദേശത്ത് ശിവരാജ്
സിങ്ങും ഗ്വാളിയോര്‍ രാജകുമാരനും മോഹങ്ങള്‍... അതിതീവ്ര ഇടതുപക്ഷമണ്ണായ ഛത്തീസ്
ഗഡില്‍ രമണ്‍ സിങ്. എല്ലാവര്‍ക്കും മോഹമുണ്ട്... പക്ഷേ സവാള വില ഈ മോഹങ്ങളെല്ലാം
അതിമോഹമാക്കുന്നു.... എല്ലാവര്‍ക്കും ഉള്ളി(ല്‍)പേടി.
ഉത്തരഭാരതദേശത്തുള്ളവര്‍ പ്യാരോടെ പറയുന്ന പ്യാജിന്‍റെ വില
കുട്ടയില്‍ നിന്ന് പുറത്തു ചാടിയിട്ട് ദിവസം കുറച്ചായി. ചരിത്രത്തിലാദ്യമായി വില
ശതകത്തില്‍ തൊട്ടതാണ് നാട്ടുവര്‍ത്തമാനം. എന്തിനും ഏതിനു വില കൂടുന്ന കാലത്ത്
ഞാനായിട്ട് എന്തിനു മാറിയിരിക്കണം എന്ന് ഉള്ളിക്കും തോന്നിയിരിക്കണം. വിലയിടിയുന്ന
സാധാരണക്കാര്‍ക്ക് ഇനി ഉള്ളി കൂട്ടാതെ ചപ്പാത്തി തിന്നേണ്ട ഗതികേടാണ്. അന്പതു രൂപ
കൊടുത്താല്‍ മൂന്നു സവാളയും നാലു ഉരുളക്കിഴങ്ങുമാണ് പാവം ജനത്തിന് കിട്ടുന്നത്.
സാധരണക്കാരെ ഉദ്ധരിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന ആം ആദ്മിക്കും ഒന്നും
പറയാനില്ല. കാരണം എങ്ങാനും എന്തെങ്കിലും പറഞ്ഞ് ഉള്ളിവില കുറഞ്ഞുപോയാല്‍
കിട്ടാനുള്ള വോട്ട് പോകില്ലേ.... അപ്പോള്‍ സാധാരണക്കാരന്‍ അല്‍പം വലഞ്ഞാലും വോട്ട്
തന്നെ മുഖ്യം.
ഉള്ളി മാത്രമാല്ല ഉള്ളി വിലയും കരയിക്കുമെന്ന് ശരിക്കറിയാവുന്നത്
ഉത്തരേന്ത്യന്‍ രാഷ്ട്രീയക്കാര്‍ക്കാണ്. പതിനഞ്ചാണ്ട് മുന്പ് സുഷമാജിയും
ബി.ജെ.പിയും രാജധാനിയുടെ ഭരണം പിടിക്കുമെന്ന മാളോരെല്ലാം വിചാരിച്ചിരുന്ന
കാലത്തല്ലേ അവരെ ഉള്ളി കരയിച്ചത്. ഉള്ളിവില മാനം മുട്ടെ ഉയര്‍ന്നപ്പോള്‍
സുഷമാജിയുടെ കണ്ണു നിറഞ്ഞു. ആ കണ്ണീരില്‍ ഒലിച്ചു പോയത് രാജാധാനിയിലെ
മുഖ്യമന്ത്രിക്കസേരയാണ്... അന്നു ചിരിച്ചത് ഷീലാജി. പക്ഷേ കഴിഞ്ഞ ഒന്നര
പതിറ്റാണ്ടായുള്ള ഷീലാജിയുടെ ആ ചിരി ഇത്തവണ മായുന്ന ലക്ഷണമാണ്. പണ്ട്
കൈപിടിച്ചുയര്‍ത്തിയ ഉള്ളി തന്നെയാണ് ഇത്തവണ ഷീലാജിയുടെ കണ്ണു നീറ്റുന്നത്.
രാഷ്ട്രീയത്തിന്‍റെ കാവ്യനീതിയെന്നു പറയാം. വാളെടുത്തവന്‍ വാളാലേ എന്നു പറയും പോലെ
ഉള്ളിയാലേ വന്നവള്‍ ഉള്ളിയാലേ പോകുമോ? കാത്തിരിക്കാം. രാജധാനി പിടിക്കാമെങ്കിലും
മധ്യപ്രദേശവും ചത്തീസ്ഗഡും ഭരിക്കുന്ന ബി.ജെ.പിക്കുമുണ്ട് ഉള്ളി(ല്)പ്പേടി.
അഡ്വാനിയുടെ മാനസുപത്രന്‍ ശിവരാജചൗഹാന്‍ വാണരളുന്ന മധ്യപ്രദേശത്താണേ ഉള്ളി വില
ആദ്യം മൂന്നക്കം കണ്ടത്... അക്കാരണം കൊണ്ട് തന്നെ ഉള്ളിവിലയെ ചാക്കിലാക്കാനുള്ള നെട്ടോട്ടത്തിലാണ് എല്ലാവരും.
ഉള്ളിവില പോലെ സാധാരണക്കാരന്‍റെ വില കയറുന്ന കാലമാണ്
തിരഞ്ഞെടുപ്പു കാലം... അപ്പേടി സകലമാന രാഷ്ട്രീയ കോമരങ്ങള്‍ക്കുമുണ്ട്. അതുകൊണ്ട്
എല്ലാവര്‍ക്കും പ്രതീക്ഷിക്കാം.... വിലക്കയറ്റത്തിന്‍റെ കാലത്ത് സാധാരണക്കാരന്‍റെ
വില വര്‍ധിക്കുന്ന തിരഞ്ഞെടുപ്പുകാലത്ത് ഉള്ളിയുടെ ഈ വിലക്കയറ്റമെങ്കിലും
കുറയുമെന്ന്.
No comments:
Post a Comment