""സ്വകാര്യസ്വത്തുക്കളുടെ
ഇല്ലാതാകലെന്ന് കമ്യൂണിസത്തെ ഒറ്റവാക്കില്‍
വിശേഷിപ്പിക്കാം""
കാള്‍ മാര്‍ക്സ്
അഖിലഭാരതത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ്
പച്ചപ്പ് (ചുവപ്പെന്നും പറയാം) ആണ് പൂര്‍വഭാരതത്തിലെ ത്രിപുര ദേശം. ചെങ്കൊടി
പാറിയിരുന്ന ത്രിപുരാരികളില്‍ അവശേഷിക്കുന്നത് ത്രിപുരയെന്ന ഈ പുര മാത്രം. നിന്നു
തിരിയാനിടമില്ലാത്ത പുരയാണെങ്കിലും ഈ പുരയില്‍ നിന്നു വന്ന ഒരു വിശേഷമാണ് കൂപന്‍ പങ്കുവയ്ക്കുന്നത്. പട്ടുമെത്തയില്‍ അന്തിയുറങ്ങുന്ന അഖിലഭാരത സുഖിമാന്‍മാരെല്ലാം
ലജ്ജിച്ചു തല താഴ്ത്തിക്കോളുക. പട്ടുമെത്തയുടെ കാലമൊക്കെ പോയിരിക്കുന്നു. അങ്ങ് ത്രിപുരയില്‍ ഇത് നോട്ടുമെത്തയുടെ കാലം. ഈ പുതിയ കാഴ്ച കാണിച്ചു തരുന്നത്
മറ്റാരുമല്ല... പാവപ്പെട്ടവരുടെയും അധ്വാനിക്കുന്നവരുടെയും അവസാന ആശ്രയമായ
മാര്‍ക്സിസ്റ്റ് കമ്യൂണിസ്റ്റുകളുടെ ലോക്കല്‍ കമ്മിറ്റി അംഗം. ചെങ്കൊടിയേന്തിയും
കരാറെടുത്തും കൊട്ടേഷന്‍ കൊടുത്തും ശൗചാലയങ്ങള്‍ പണിതും ഇമ്മിണി ദന്പിടി മടിക്കുത്തിലായപ്പോള്‍ സമര്‍ ആചാര്‍ജിക്കൊരു മോഹം. നോട്ടുമെത്തയിലൊന്ന് കിടക്കണം. കേട്ടുകേള്‍വി മാത്രമുള്ള ഈ മെത്തയില്‍ കിടക്കാനുള്ള സമറിന്‍റെ പൂതിയെ
തെറ്റു പറയാനാകില്ല. ലക്ഷങ്ങള്‍ അടുക്കി നിരത്തി നോട്ടുമെത്തയൊരുക്കി.
വിശാലമായങ്ങു കിടന്നു. മേന്പൊടിക്ക് നെഞ്ചിലും തലയിലുമെല്ലാം പുതുമണം മാറാത്ത
നോട്ടുകളും നിരത്തി. ആനന്ദലബ്ധിക്കിനി എന്തുവേണം...... ചങ്ങാതികള്‍ വിശ്വവിഖ്യാതമായ
നോട്ടുമെത്ത ശയനം മൊബൈല്‍ ക്യാമറയിലും പകര്‍ത്തി. പക്ഷെ ത്രിപുരയിലെ ലോക്കല്‍
കമ്മിറ്റിയിലും വിഭാഗീയതയുണ്ടെന്ന് പെട്ടെന്ന് തന്നെ സമര്‍ജിക്ക് പിടികിട്ടി.
ചങ്ങാതിമാര്‍ പകര്‍ത്തിയ ദൃശ്യങ്ങളെല്ലാം താമസം വിനാ എത്തിപ്പെട്ടത് പരദൂഷണ
പ്രിയരും പരോപദ്രവകാരികളുമായ ചാനല്‍ സഖാക്കളുടെ കൈകകളില്‍. അങ്ങനെ ത്രിപുരയിലെ
നോട്ടുമെത്ത ശയനം അഖിലഭാരതവും കണ്ടു. സായൂജ്യമടഞ്ഞു.
ഉള്ളതെല്ലാം പാര്‍ട്ടിക്ക് കൊടുത്ത്
അഴിമതി വച്ചു പൊറുപ്പിക്കാത്ത മണിക് സര്‍ക്കാരെന്ന ഇടതുമാണിക്യം ഭരിക്കുന്നിടത്താണ്
ഇത്തരം കുലംകുത്തലുകള്‍. സാരമില്ല ഭാരതദേശത്തെ എല്ലാ കമ്യൂണിസ്റ്റുകള്‍ക്കും
ആശ്വസിക്കാം... കമ്യൂണിസത്തിന്‍റെ ഉരുക്കു കോട്ടയായ ചൈനയില്‍ അഴിമതിക്കുറ്റത്തിന്
ഉന്നത സഖാക്കള്‍ വരിവരിയായി ജയിലില്‍ പോകുന്ന കാലത്തല്ലേ ഇതൊക്കെ സംഭവിക്കുന്നത്...
എന്തായാലും ഇവിടെ അത്രത്തോളമെത്തിയില്ലല്ലോ.....
എന്തായാലും ത്രിപുരയില്‍ കാര്യങ്ങള്‍
കേരളത്തിലെ പോലെയല്ല. പണ്ട് ഒരു സഖാവിന്‍റെ വിഭാഗീയ ഫോണ്‍ സംഭാഷണം ചോര്‍ത്തി
സംസ്ഥാന കമ്മിറ്റിക്ക് നല്‍കിയ നേതാവിനു പണികിട്ടിയ നാടാണ് നമ്മുടേത്. എന്തായാലും
ഇവിടെ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയവര്‍ക്കെതിരെ നടപടിയുണ്ടായില്ല.
പാര്‍ട്ടി വക പണി കിട്ടേണ്ടിടത്തു തന്നെ കിട്ടി. സമര്‍ ആചാര്‍ജിയ്ക്ക് വല്യേട്ടന്‍
സഖാക്കള്‍ പുറത്തേക്കുള്ള വാതില്‍ തുറന്നു കൊടുത്തു. പക്ഷേ പോയ പോക്കില്‍ ഈ
ചേട്ടന്‍ പറഞ്ഞ ചില കാര്യങ്ങളാണ് പാര്‍ട്ടിയെ വെട്ടിലാക്കിയത്.
ആ മഹദ്്വചനങ്ങള്‍
ഇങ്ങനെ....
""കൈ നിറയെ സന്പത്തുണ്ടായിട്ടും
അതെല്ലാം മറച്ചു വച്ച് പാവമായി നടിച്ച് പ്രവര്‍ത്തകരെ പറ്റിക്കുന്ന കാപട്യം
കാണിക്കുന്ന നേതാവാകാന്‍ ഞാനില്ല. ''
ഈ വാക്കുകള്‍ അങ്ങു
കൊല്‍ക്കത്തയിലും ഇങ്ങു കേരളത്തിലും വരെ പലര്‍ക്കും കൊണ്ടെന്നാണ് പാര്‍ട്ടി
ക്ലാസുകളിലെ സംസാരം. പ്രത്യേകിച്ച് നേതാക്കള്‍ എങ്ങനെയാകണമെന്നും എങ്ങനെ ജീവിക്കണമെന്നും പഠിപ്പിക്കാന്‍ പാര്‍ട്ടി പ്ലീനം വിളിക്കുന്ന ഈ കാലത്ത്.
എന്തായാലും പാര്‍ട്ടി ചുമ്മാ പ്ലീനം വിളിക്കില്ലല്ലോ... ...
പക്ഷേ അപ്പോഴും ആരും ഒരുകാര്യത്തെ
കുറിച്ച് ഒന്നും പറയുന്നില്ല...
കമ്യൂണിസമെന്നത് സ്വകാര്യ സ്വത്തുക്കള്‍
ഇല്ലാതാക്കാലാണെന്ന മാര്‍ക്സിന്‍റെ വാക്കുകളെ പറ്റി. മണിക് സര്‍ക്കാരിന്‍റെയും
ശങ്കരന്‍ നന്പൂതിരിപ്പാടിന്‍റെയും കാരാട്ട് സെക്രട്ടറിയുടെയുമെല്ലാം പാതകള്‍
കേരളത്തിലെ സഖാക്കള്‍ പിന്‍ ചെല്ലുമോ.... അതോ ദന്പിടി കയ്യില്‍ വച്ച് പാവമായി
നടിച്ച് പാവങ്ങളായ പ്രവര്‍ത്തകരെ വഞ്ചിക്കുമോ?
No comments:
Post a Comment