നാക്കു ചുഴറ്റി ഇരയെ തേടി നടക്കുന്ന പൂഞ്ഞാറിലെ പുപ്പുലിയാണ്
ഇപ്പോള്‍ കേരള രാഷ്ട്രീയത്തിന്‍റെ പേടി സ്വപ്നം. ഒരുപാട് വിഷം ഉണ്ട് ഈ നാക്കില്‍... പുലിയെ കൂട്ടിലാക്കാന്‍
നോക്കിയവരെല്ലാം പുലിവാലു പിടിച്ചു. കണ്ടാല്‍ ആനയെ പോലിരിക്കുമെങ്കിലും പൂഞ്ഞാര്‍
പുലിയും ആനയും തമ്മിലുള്ള ബന്ധം കൂടുതലായും ഗജപോക്കിരി എന്ന വിശേഷണത്തിലാണ്. പല
ആണ്ടുകളായി കേരള രാഷ്ട്രീയത്തിലുണ്ടെങ്കിലും അഞ്ചാണ്ടായിക്കാണും ഈ പുലിയിറക്കം
തുടങ്ങിയിട്ട്. പുലിയുടെ ആക്രമണരീതി അതിവിശേഷം ബഹുകേമം. സ്നേഹിച്ചു
നക്കിക്കൊല്ലാറാക്കിയ ശേഷമാണ് വേട്ടയാടല്‍. തൊടുപുഴയിലെ ഔസേപ്പ് രാജാവിന്‍റെ
സാമന്തനമായിരുന്നു പണ്ട് ഈ വിദ്വാന്‍. ഒടുവില്‍ ഓസേപ്പ് രാജാവിനെ കാലുവാരി സ്വന്തം
നാട്ടുരാജ്യമുണ്ടാക്കി. ഇദ്ദേഹം പോയ പോക്കില്‍ ഓസസേപ്പ് രാജാവ് എങ്ങനെയോ പീഡനക്കേസില്‍ പ്രതിയുമായി. യാദൃശ്ചികം എന്നു കരുതി മാളോരെല്ലാം. വെട്ടിനിരത്തിയും
വെട്ടിനിരത്തപ്പെട്ടും കാടും കോടതിയും കയറിയുമെല്ലാം ചക്രവര്‍ത്തി പട്ടം
സ്വന്തമാക്കിയ അച്ചുമ്മാനായിരിരുന്നു പിന്നെ പൂഞ്ഞാര്‍ പുലിയുടെ കണ്‍കണ്ട ദൈവം.
അച്ചുമ്മാന്‍റെ സിംഹാസനത്തിനു കീഴെ പൃഷ്ഠത്തില്‍ വാലും ചുരുട്ടി പുലി ശയിച്ചു.
പക്ഷേ നേരെമൊന്നിരുട്ടി വെളുത്തപ്പോള്‍ അച്ചുമ്മാനും പുലിയും ചിരവൈരികളായി. അന്നാണ്
പൂഞ്ഞാര് പുലിയുടെ നാക്കു കൊണ്ടുള്ള പ്രകടനം കേരളദേശം ശരിക്കു കണ്ടത്....
അച്ചുമ്മാന് പോലും ഉത്തരം മുട്ടി. ദൈവത്തപ്പോലെ കരുതിയ അച്ചുമ്മാനെയും മോനെയും പുലി
കോടതി കയറ്റുകയും ചെകുത്താനാക്കുകയും ചെയ്തു. പാളയം മാറി പുലി ചെന്നു കയറിയത് പാലാ
സിംഹത്തിന്‍റെ മടയിലാണ്. പലരുടെയും വാഴ്ചകളും വീഴ്ചകളും കണ്ട പുലിയും ഒരു
മന്ത്രിക്കസേര മോഹിച്ചതില്‍ കുറ്റം പറയാനാകില്ല. പൂഞ്ഞാര്‍ നട്ടുരാജാവിന് ഒരു
മന്ത്രിയെങ്കിലും ആയിക്കൂടെ.... പക്ഷേ തൊടുപുഴയിലെ ഓസേപ്പ് രാജാവുകൂടി പാലാ
സിംഹത്തിന്‍റെ മടയിലെത്തിയതോടെ ആ മോഹം വെള്ളത്തിലായി. ഓസേപ്പ് രാജാവ്
വെള്ളത്തിന്‍റെ മന്ത്രിയുമായി. വെറും രണ്ടാളുടെ ഭൂരിപക്ഷത്തില്‍
ചാഞ്ചാടിക്കളിച്ചിരുന്ന ഉമ്മന്‍ സാമ്രാജ്യത്തെ താങ്ങിപ്പിടിക്കാന്‍ സ്വയം
രംഗത്തിറങ്ങി. പക്ഷേ ഈ ആത്മാര്‍ഥതയും ഉമ്മന്‍ ചക്രവര്‍ത്തി കണ്ടില്ലെന്ന് നടിച്ചു.
കൊട്ടാരക്കരയിലെ യുവരാജാവ് ഗണേശകുമാരനായിരുന്നു പിന്നെ പുലിയുടെ കൂട്ടുകാരന്‍...
ഗണേശകുമാരന്‍റെ പിതാവിനു വേണ്ടി പൂഞ്ഞാര്‍ പുലി നടത്തിയ വിശ്വവിഖ്യാതമായ
പാരപ്രഭാഷണം കേരളം ഇനിയും മറന്നിട്ടില്ല. കാലമങ്ങനെ പോകവേ അട്ടപ്പാടി ദേശത്തെ
ചൊല്ലി പൂഞ്ഞാര്‍ പുലിയും ഗണേശകുമാരനും പിണങ്ങി. ഫലമോ ഗണശകുമാരന് സ്ഥാനനഷ്ടവും
മാനഹാനിയും ഭാര്യയുടെ വക ദേഹോപദ്രവവും. നടനപ്രിയനായ ഗണേശകുമാരന്‍റെ അന്തിക്കഥകള്‍
പുറത്ത് വിട്ട പൂഞ്ഞാര്‍ പുലി ഗണേശകുമാരനെ വനവാസത്തിനയച്ചു. ഗണേശകുമാരന്‍റെ
വനസാമ്രാജ്യം ഉമ്മന്‍ ചക്രവര്‍ത്തി ഏറ്റെടുത്തു. ഉമ്മന്‍ ചക്രവര്‍ത്തിയുടെ
സര്‍വസൈന്യധിപനായ തിരുവഞ്ചുര്‍ വീരനുമായാണ് പുലിയുടെ ഇപ്പോഴത്തെ പോര്. ആ പോര്
അങ്ങനെ തകര്‍ക്കവേ, പൂഞ്ഞാര്‍ പുലിയെ കൂട്ടിലാക്കാന്‍ കെണിയുമായി
രംഗത്തിറങ്ങിയിരിക്കുകയാണ് അഖിലകേരള ഖദര്‍ധാരികളെല്ലാം അഥവാ പുലിഭാഷയില്‍ പറഞ്ഞാല്‍
കേരളത്തിലെ അണ്ടനും അടകോടനുമെല്ലാം. പക്ഷേ ഖദര്‍ ധാരികളുടെ അന്തിക്കഥകളും
അണിയറക്കഥകളും അഴിമതിക്കഥകളുമെല്ലാം അറിയുന്ന ഈ പുലിയ പൂട്ടാന്‍ അത്ര
എളുപ്പമല്ലെന്ന ഖദര്‍ദാരികള്‍ക്കെല്ലാം അറിയാം. പിന്നെ പുലിയുടെ നാക്ക് പിടിച്ചു
കെട്ടി പുലിവാലൊഴിവാക്കാണമെന്ന് പാലാസിഹംത്തോട് പരാതിപ്പെട്ടു. എല്ലാം
ശരിയാക്കാമെന്ന് പറയുന്പോഴും പാലാ സിംഹത്തിനറിയാം ഒന്നും ശരിയാകില്ലെന്ന്. കാരണം
പൂഞ്ഞാര്‍ പുലിയുടെ ചരിത്രം തന്നെ. നാഴികയ്ക്ക് നാല്‍പതു വട്ടം തന്നെ പുകഴ്ത്തുന്ന
പൂഞ്ഞാര്‍ പുലിയ പാലാ സിംഹത്തിനും പേടിയാണ്. ഒപ്പം നിന്നവര്‍ക്കും
കൈപിടിച്ചുയര്‍ത്തിയവര്‍ക്കുമെല്ലാം നല്ല എട്ടിന്‍റെ പണി കൊടുത്ത പുലിച്ചരിത്രം
തന്നെ കാരണം. നാലാണ്ടു കാലമായി കൊണ്ടു നടക്കുന്ന പാലാസിംഹത്തിനായി എന്തുപണിയാവോ
പൂഞ്ഞാര്‍ പുലി കാത്തുവച്ചിരിക്കുന്നത്. ഇതുവരെ കണ്ടതിലും കേമമായ പണിയായിരിക്കും
അതെന്ന പ്രതീക്ഷയിലാണ് പ്രൊലിറ്റേറിയന്‍ തിയറിയില്‍ വിശ്വസിക്കുന്ന മലയാളികള്‍.
പുലിയ്ക്ക് പറ്റിയ ഒരു കൂട് കേരളത്തിലുണ്ട്... അത് ഉമ്മന്‍ തിരുമനസിന്‍റെ
അരമനയ്ക്ക് ചുറ്റുമുള്ള ഏതോ ഒരു മന്ത്രിമന്ദിരമാണ്. ആ കൂട്ടില്‍ കയറും വരെ ഈ പുലി
ഇങ്ങനെ കളിച്ചു കൊണ്ടേയിരിക്കും. പക്ഷേ ആ കൂട് പൂഞ്ഞാര്‍ പുലിക്ക് കിട്ടുമോ.... അതോ
ഉള്ള കാലിത്തൊഴുത്തു കൂടി പോകുമോ? കാത്തിരുന്നു കാണാം
പറയാന്‍ മറന്നത്: കേരളരാഷ്ട്രീയത്തെ സമീപകാലത്ത് ഏറ്റവും
മലീമസമാക്കിയ നേതാവാരെന്ന് ഒരു സര്‍വേ നടത്തിയാല്‍ ഈ പുലി ലക്ഷം ലക്ഷം
ഭൂരിപക്ഷത്തിന് ജയിക്കുമെന്നാണ് കൂപന്‍റെ വിശ്വാസം
No comments:
Post a Comment