എകെജി തറവാട്ടിലെ വില്ലാളി വീരന്‍
പിണറായി ചേകോന്‍ ഒടുവില്‍ അങ്കം ജയിച്ചു. വരിഷ്ഠ പരദൂഷകരെയും മഹാവീരന്‍മാരെയും
ഇടതും വലതുമിരുന്ന പാണന്‍മാരെയുമെല്ലാം ഞെട്ടിച്ച് പിണറായി ചേകോന്‍ അങ്കം
ജയിച്ചിരിക്കുന്നു. ചെങ്കൊടി നാട്ടില്‍ ഇനി പിണറായി ചേകോന്‍റെ കാലം. ഒളിയന്പും
മുറിച്ചുരികയുമെല്ലാം ആവോളം എയ്തുകളിച്ച വില്ലാദിവില്ലന്‍മാര്‍ക്കാകട്ടെ
ഉറക്കമില്ലാ രാത്രികകളും.
രാജ്യഭാരം വഹിക്കുന്ന ഉമ്മന്‍
തിരുവടികളോ, മറിച്ചുരികയെറിഞ്ഞ് പിണറായി ചേകോനെ തറവാട്ടില്‍ നിന്ന് പടിയടച്ച്
പിണ്ഡം വയ്ക്കാനൊരുന്പെട്ട അച്ചുമ്മാനോ.... ആര്‍ക്കാണ് ആദ്യം പണികിട്ടുക എന്നേ ഇനി
അറിയാനുള്ളൂ. കവിടിനിരത്തിയ പണിക്കന്‍മാര്‍ക്കു പോലും പിണറായി ചേകോന്‍റെ
ഉള്ളിലിരിപ്പ് പിടികിട്ടുന്നില്ല. അല്ലേലും പോരിലെ തന്ത്രങ്ങള്‍ പറഞ്ഞു നടക്കുന്ന
ശീലം പണ്ടേ ഈ കണ്ണൂര്‍ ചേകോനില്ല. അതുകൊണ്ടാണല്ലോ എല്ലാം തീര്‍ന്നെന്നു
കരുതിയോടത്തു നിന്നുള്ള ഈ തിരിച്ചുവരവും.
പിണറായി ചേകോന്‍റെ വാക്കും
നോക്കുമെല്ലാം അച്ചുമ്മാന് നേരെയാണോയെന്ന് ചിന്തയില്ലാതില്ല. പ്രായം എന്പിടി ആയേലും
ഇപ്പോഴും നാട്ടുമൂപ്പന്‍റെ കസേരയില്‍ അച്ചുമ്മാന്‍ തന്നെയാണ് ഇരിപ്പ്. ആ ഇരിപ്പിന്
ഇളക്കം തട്ടിക്കൂടായ്കയില്ല. പുന്നപ്രയിലെ ചേകോന്‍മാര്‍ക്ക് തറവാട്ടില്‍
പണ്ടത്തെപോലെ പിടിപാടില്ലെന്ന് എല്ലാവര്‍ക്കുമറിയാം. പിണറായി ചേകോന്‍റെ വാളിന്‍റെ
മൂര്‍ച്ച ശരിക്കറിയാവുന്നുതു കൊണ്ട് തന്നെയാണ് മറുപന്തിക്കായി പന്തയം വച്ചിട്ടും
പോരിലെ തീരുമാനം അച്ചുമ്മാന്‍ അംഗീകരിച്ചത്. . പക്ഷേ ഈ നിലപാടുമാറ്റത്തിനൊന്നും
അച്ചുമ്മാനെ രക്ഷിക്കാനാകില്ലെന്നാണ് ഏകെജിത്തറവാട്ടിലെ അടക്കം പറച്ചിലുകള്‍.
പാലക്കാട് ദേശത്ത് ചേരുന്ന തറവാട്ട് യോഗത്തിലോ, ത്രിപുരാരി സുന്ദരികളുടെ നാടായ
അഗര്‍ത്തലയില്‍ നടക്കാന്‍ പോകുന്ന കുടുംബ കൂട്ടായ്മയിലോ ഇക്കാര്യത്തിലൊരു ഉത്തരം
ഉണ്ടായേക്കാം. അച്ചുമ്മാന്‍റെ ചെല്ലം ചുമപ്പുകാരന്‍ ശര്‍മാജിക്കും കൂട്ടത്തില്‍ പണി
കിട്ടും. അച്ചുമ്മാന്‍റെ ബലത്തില്‍ പിണറായിച്ചേകോന് നേരെ ഒളിയന്പെയ്ത
ശര്‍മാജിയ്ക്ക് ഇനി സ്ഥാനം തറവാട്ടിലെ പത്തായപ്പുരയിലാകും.
അച്ചുമ്മാന്‍റെ കാര്യത്തില്‍ ഒരു
തീരുമാനമായിട്ടേ ഉമ്മന്‍ തിരുവടികള്‍ക്ക് നേരെ പിണറായി ചേകോന്‍ തിരിയാനിടയുള്ളൂ.
അല്ലേല്‍ ഉമ്മന്‍ തിരുവടികളുടെ സിംഹാസനത്തില്‍ കയറി അച്ചുമ്മാന്‍
ഇരിപ്പുറപ്പിച്ചാലോ.... സൗരോര്‍ജ
താപത്താല്‍ വെന്തുരുകുന്ന ഉമ്മന്‍ തിരുവടികളാകട്ടെ സിംഹാസനത്തില്‍
അള്ളിപ്പിടിച്ചിരിക്കുകയാണ്. സൗരതാപം കുറയ്ക്കാന്‍ ഉമ്മന്‍ തിരുവടികള്‍ പിണറായി
ചേകോനെ ആരുമറിയാതെ തുണച്ചെന്ന് നാട്ടുവര്‍ത്തമാനവും കേള്‍ക്കുന്നുണ്ട്. ആ
വര്‍ത്തമാനത്തില്‍ കാര്യമുണ്ടേല്‍ ഉമ്മന്‍ തിരുവടികള്‍ക്ക് കാലിളകിക്കിടക്കുന്ന
സിംഹാസനത്തില്‍ ഉറച്ചിരിക്കാം. അല്ലേല്‍ ഇമ്മിണി നാള് കഴിയും മുന്പേ
ആ സിംഹാസനത്തില്‍ മറുപന്തിയില്‍ നിന്നോ സ്വന്തം പന്തിയില്‍ നിന്നോ വേറെ ആരേലും
കയറിയിരിക്കാനും ഇടയുണ്ട്.
ചേകോന്‍ അങ്കത്തട്ടില്‍ പൊരുതി
വീഴുമെന്ന് സ്വപ്നം കണ്ട് കുപ്പായം നെയ്തോര്‍ക്കും അന്പരപ്പ് മാറിയിട്ടില്ല. നെയ്ത
കുപ്പായങ്ങളെല്ലാം പെട്ടിയിലാക്കി പിണറായി ചേകോന്‍റെ ഇടത്തായി അണി നിരക്കുകയാണ് എകെജി തറവാട്ടിലെ ഈ സ്വപ്ന ജീവികള്‍. തല്‍ക്കാലം അതേ നിവൃത്തിയുള്ളൂവെന്ന്
ഇവര്‍ക്ക് നന്നായറിയാം.
നാട്ടിലെ പുതുപ്പണക്കാരും പഴയപണക്കാരും
മാടന്പികളും എല്ലാം മെനക്കെട്ടിട്ടും അന്തഃഛിന്ദ്രമുണ്ടാക്കാനാകാതെ പോയ എ.കെ.ജി
തറവാടിനെ തമ്മിലടിപ്പിക്കാന്‍ ലാവലിന്‍ പോരിനു കഴിഞ്ഞല്ലോ... അതിന് അങ്ങ് ശീമയില്‍
നിന്ന് സായിപ്പു തന്നെ വരേണ്ടി വന്നു. പന്തീരണ്ടുകാലം മെനക്കെടേണ്ടി വന്നാലും
പോരില്‍ ജയിച്ചല്ലോ എന്ന് ആശ്വസിക്കാം പിണറായി ചേകോന്. മുറിച്ചുരികയെറിഞ്ഞ ചന്തു
ചെയ്തപോലെ, പിണറായി ചേകോന്‍റെ കണ്ണില്‍ നിന്നൊഴിഞ്ഞുമാറി, മാര്‍ക്സ് സൂക്തങ്ങള്‍
ഉരുവിട്ട് ശിഷ്ടകാലം നീക്കുകയായകും അച്ചുമ്മാന് അഭികാമ്യം.
ഉമ്മന്‍തിരുവടികളെ വലിച്ചിട്ട്
രാജ്യഭാരം ഏറ്റെടുക്കാന്‍ പിണറായിച്ചേകോന് മോഹമില്ലാതില്ല. പോര് ജയിച്ചയുടനെ അങ്ങനെ
ചെയ്താല്‍ മാളോരെല്ലാം അധികാരമോഹി എന്ന് വിളിച്ചു കൂവുമെന്ന് പുള്ളിക്കാരന്
നന്നായറിയാം. അതുകൊണ്ട് തന്നെ ഇത്തിരി കാത്തിരുന്നാലും കാലിളകിയ സിംഹാസനത്തില്‍
നിന്ന് ഉമ്മന്‍ തിരുവടികള്‍ തന്നെ താഴെ വീണിട്ടു മതി സ്ഥാനാരോഹണം എന്നാണ് എകെജി
തറവാട്ടിലെ സൈദ്ധാന്തികരുടെ ഉപദേശം.
പാണന്‍മാര്‍
പാടാത്തത്:
ഉമ്മന്‍ തിരുവടികള്‍ എത്രയും വേഗം
കസേരയില്‍ നിന്ന് വീഴാന്‍ കോടിയേരിച്ചേകോന്‍ ഒരു പൂമൂടല്‍ വഴിപാട്
നേര്‍ന്നിട്ടുണ്ട്. ഇനി എങ്ങാനും സിംഹാസനം ത്യജിക്കാന്‍ പിണറായി ചേകോന്
തോന്നിയാലോ.... അങ്ങനെ വന്നാല്‍ ഭാഗ്യക്കുറിയടിക്കുക കോടിയേരി ചേകോനാല്ലേ....
പറയാന്‍ പറ്റില്ല, അങ്ങനെയും സംഭവിച്ച നാടാണല്ലോ നമ്മുടെ ഭാരതദേശം... അങ്ങനെ
ഭാഗ്യക്കുറി അടിച്ചോരല്ലേ നമ്മെ ഭരിക്കുന്നതും.
No comments:
Post a Comment