മലയാളം ഒന്നാണ്... പക്ഷേ അത് പല
മലയാളമാണ്. വാമൊഴി വഴക്കത്തോടെ അങ്ങുമിങ്ങും മലയാളി പലമലയാളം പറയുന്പോള്‍ പലപ്പോഴും
അത് പലയാളമാകുന്നു. മലയാളം പറയുന്ന മലയാളി മല്ലുവായി രൂപാന്തരപ്പെട്ട ന്യൂജനറേഷന്‍
കാലത്തെ ന്യൂജനറേഷന്‍ മലയാളമാണ് ഇപ്പോഴുള്ളത്. തനിമലയാളത്തില്‍ പറഞ്ഞാല്‍ പുതുതലമുറ
മലയാളം. പഴമലയാളത്തിലെ വാക്കുകള്‍ക്ക് പുതു അര്‍ഥങ്ങളാൡണ് ന്യൂ ജനറേഷന്‍
കല്‍പ്പിച്ചിരിക്കുന്നത്. ന്യൂജനറേഷന് മുന്പുള്ള (എന്തോ) ഒരു ജനറേഷന്‍ തുടങ്ങി വച്ച
മാറ്റമാണിത്. തുളസിക്കതിരില ചൂടി തുന്പുകെട്ടിയിട്ട ചുരുള്‍മുടിയുള്ള സുന്ദരി,
പൈനാപ്പിള്‍ പെണ്ണും ചോക്ലേറ്റ് പീസുമായി മാറിക്കഴിഞ്ഞു.
പരശുരാമന്‍ കേരളം സൃഷ്ടിക്കാന്‍
വലിച്ചെറിഞ്ഞ കോടാലിയില്‍ തന്നെ തുടങ്ങുന്നു ന്യൂജനറേഷന്‍ മാറ്റം. മരം വെട്ടാനുള്ള
(പരശുരാമന്‍ തലവെട്ടാനും ഉപയോഗിച്ചു) ആയുധം എന്നതില്‍ നിന്ന് ഒഴിവാക്കാന്‍
പറ്റാത്ത ഉപദ്രവം, അല്ലെങ്കില്‍ ഉപദ്രവകാരി എന്ന സല്‍പേരിലേക്ക് കോടാലി വളര്‍ന്നു.
തൃശൂര്‍ ജില്ലയില്‍ കൊടകരയ്ക്കും വെള്ളിക്കുളങ്ങരയ്ക്കുമിടയില്‍ കോടാലി എന്ന
സ്ഥലനാമവും ഉണ്ടായി. കോടാലിക്കൊപ്പം പുതിയ അര്‍ഥം നേടിയ വാക്കാണ് പാര. അന്യനെ
മനപൂര്‍വം ഉപദ്രവിക്കുന്നതിന് പാര വെയ്ക്കുക എന്ന
അര്‍ഥത്തിലേക്കെത്തിച്ചു പുതുതലമുറ
മലയാളം.
സമീപകാലത്ത് ഹിറ്റായ രണ്ട്
അര്‍ഥകൂടുമാറ്റങ്ങള്‍ ശശിയും പുലിയുമാണ്. കാട്ടിലെ സാക്ഷാല്‍ പുലി
നാട്ടിലെത്തിയപ്പോള്‍ മിടുക്കന്‍ എന്ന അര്‍ഥം നേടി. (ഒരു രാജമാണിക്യം ഇഫ്ട്ക്.
പക്ഷേ കാട്ടിലെ രാജാവായ സിംഹത്തിന് എന്തുകൊണ്ട് ഈ പട്ടം കിട്ടിയില്ല.) പണ്ട്
കേരളത്തില്‍ സര്‍വ സാധാരണമായിരുന്ന പേരായിരുന്നു ശശി. പക്ഷേ ഇനി ഒരു മാതാപിതാക്കളും
മക്കളെ ശശി എന്നു വിളിക്കില്ല. ചന്ദ്രന്‍ എന്നര്‍ഥമുള്ള ശശിയെ പുതു തലമുറ മണ്ടന്‍
എന്ന അര്‍ഥത്തിലേക്ക് എത്തിച്ചിരിക്കുന്നു.
പണ്ടു കാലത്ത് ഒരു ജോലികിട്ടിയാല്‍
പറയും പണി കിട്ടിയെന്ന്. പക്ഷേ ഇന്ന് പണി കിട്ടി എന്നു പറഞ്ഞാല്‍ മനസിലാക്കാം
പറഞ്ഞവന് മോശമായതെന്തോ സംഭവിച്ചിരിക്കുന്നു എന്ന്. ഇന്‍റര്‍വ്യൂവിനു പോയി ജോലി
കിട്ടിയില്ലെങ്കിലും പറയും അളിയാ...( ഭാര്യാ സഹോദരന്‍ അല്ലെങ്കില്‍ സഹോദരി
ഭര്‍ത്താവിനെ ഉദ്ദേശിച്ചിരുന്ന ഈ പദം സര്‍വകേരളീയരും സുഹൃത്തിനെ വിശേഷിപ്പിക്കാനും
ഉപയോഗിക്കുന്നു.) പണി കിട്ടി. ജോലി കിട്ടിയില്ല.!!! ചുമ്മാ വീന്പടിക്കുന്നവനെയും
അവന്‍റെ വര്‍ത്തമാനത്തെയും വിശേഷിപ്പിക്കുന്ന പുതുതലമുറ വാക്കാണ് കത്തി. കത്തിയുടെ
മൂര്‍ച്ചയുള്ള വര്‍ത്തമാനം, കുത്തിക്കൊല്ലുന്ന വാചകമടി എന്നൊക്കെ ഇതുകൊണ്ട്
അര്‍ഥമാക്കാം.
മദ്യവുമായി ചേര്‍ന്നാണ് ഇത്തരത്തില്‍
പുതിയ അര്‍ഥങ്ങള്‍ ഏറെയും ഉണ്ടായിരിക്കുന്നത്. വീശുക അല്ലെങ്കില്‍ അടിക്കുക എന്നാണ്
മദ്യപാനത്തിന്‍റെ പുതുതലമുറ മലയാളം. വീശുക എന്നതിന്‍റെ തനിമലയാളവും പുതുമലയാളവും
തമ്മില്‍ എന്തൊരന്തരം. പക്ഷേ അടിക്കുക എന്ന വാക്കിനെ അങ്ങനെ പറയാനാകില്ല. രണ്ടെണ്ണം
അടിച്ചിട്ട് ആരുടെയെങ്കിലും മെക്കിട്ട് കയറാന്‍ ചെന്നാല്‍ അടിക്കുക എന്നതിന്‍റെ
ശരിയായ അര്‍ഥം താനെ മനസിലാകും. പക്ഷേ ഇതൊന്നുമല്ല ഈ കൂട്ടത്തിലെ ഹിറ്റ് പേരുമാറ്റം.
അതാണ് പാന്പ്.... യഥാര്‍ഥ അര്‍ഥം നാഗം അല്ലെങ്കില്‍ സര്‍പം. പുതിയ അര്‍ഥം അടിച്ച്
ഫിറ്റായവന്‍.... അല്ലെങ്കില്‍ അമിതമായി മദ്യപിച്ചവന്‍. മദ്യപിക്കാനുള്ള പിരിവിന്
കട്ടയിടുക എന്ന പുതുമലയാളവും പ്രചാരത്തിലുണ്ട്. ബാറിലെ കൗണ്ടറില്‍ പോയി ഇരിക്കാതെ
അതിവേഗം രണ്ട് പെഗ് കഴിച്ചാല്‍ അത് നില്‍പ്പനായി.
മലയാളത്തിലെ വെടിക്കെട്ട് അര്‍ഥമാറ്റം
സംഭവിച്ചിരിക്കുന്നത് വെടി എന്ന വാക്കിനാണ്... കരിമരുന്നു പ്രയോഗത്തില്‍ നിന്ന്
വേശ്യ എന്നതിലേക്ക് എത്തിയിരിക്കുന്നു വെടി എന്ന വാക്ക്. വെടിക്കെട്ടുമായി
ബന്ധപ്പെട്ട് വേറെയും ചില പുതിയ അര്‍ഥങ്ങളും പ്രചാരത്തിലുണ്ട്. മരത്തിന്‍റെ
കുറ്റിക്കും ഇത്തരത്തില്‍ ചില അര്‍ഥമാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു. അവള്‍ അവന്‍റെ
കുറ്റിയെന്ന് പറഞ്ഞാല്‍ അര്‍ഥം വേറെയാണ്. നല്ല കരുത്തുറ്റ ശരീരമുള്ളവനെ മലപ്പുറം
ജില്ലയില്‍ കുറ്റി എന്ന് പറയാറുണ്ട്.
വാമൊഴി വഴക്കത്തിന്‍റെ നാടായ
കേരളത്തില്‍ രണ്ടര്‍ഥം പ്രചാരത്തിലുള്ള ഒരുപാട് വാക്കുകളുണ്ട്. ഉത്തരകേരളത്തില്‍
നല്ല അര്‍ഥമുള്ള വാക്ക് ദക്ഷിൡണകേരളത്തിലെത്തിയാല്‍ മോശക്കാരനാകും. ഉദാഹരണത്തിന്
കപ്പയ്ക്ക് ഉത്തരകേരളത്തില്‍ പറയുന്ന പദം ദക്ഷിണ കേരളത്തില്‍ പ്രത്യേകിച്ച്
തിരുവനന്തപുരം ജില്ലയില്‍ സാമാന്യം നല്ല തെറിയാണ്. (വാക്ക് ഏതാണെന്നല്ലേ....
പൂവിലുണ്ട് കായയിലില്ല, വിളയിലും കളയിലും ഉണ്ട് എന്നാല്‍ ചെടിയിലില്ല... )
തിരുവനന്തപുരം ജില്ലക്കാര്‍ കുട്ടികളെ വിശേഷിപ്പിക്കാനുപയോഗിക്കുന്ന വാക്കാണ്
അപ്പി. പക്ഷേ ഇത് കൊല്ലം ജില്ല കഴിയുന്പോഴേക്കും അര്‍ഥം മാറി
അമേധ്യമായിട്ടുണ്ടാകും... മലപ്പുറം കോഴിക്കോട് ജില്ലകളില്‍ കുണ്ടന്‍ എന്നു
പറഞ്ഞാല്‍ ആണ്‍കുട്ടിയാണ്... പക്ഷേ തെക്കോട്ട് നീങ്ങിയാല്‍ കുണ്ടന്‍ അല്‍പം
പ്രശ്നമാണ്്.... സൂക്ഷിച്ച് പ്രയോഗിച്ചില്ലെങ്കില്‍ ദേഹോപദ്രവവും മാനഹാനിയും
ഉറപ്പ്. തൃശൂര്‍ ജില്ലക്കാരുടെ ക്ടാവ് എന്നാല്‍ ചെറിയ കുട്ടികളാണ്.... എന്നാല്‍
കേരളത്തിലെ മറ്റു ജില്ലകളിലെല്ലാം ഇത് പശു കിടാവാണ്. നയിക്കുക എന്നാല്‍ നേതൃത്വം
നല്‍കല്‍ മാത്രമല്ല... ഉത്തരകേരളത്തില്‍ നയിച്ചു ജീവിക്കുക എന്നാല്‍ അധ്വാനിച്ച്
ജീവിക്കുക എന്ന ഒരു അര്‍ഥം കൂടിയുണ്ട്.
മലയാളികള്‍ വ്യാപകമായി ഉപയോഗിക്കുന്ന
ചില ഇംഗ്ലീഷ് പദങ്ങള്‍ക്കും വ്യത്യസ്തമായ അര്‍ഥങ്ങള്‍ പ്രചാരത്തിലുണ്ട്.
ബ്ലേഡ് എന്നാല്‍ മലയാളികളെ സംബന്ധിച്ച്
കഴുത്തറപ്പന്‍ കൊള്ളപ്പലിശയാണ്
ലൈന്‍ എന്നാല്‍ പ്രണയമാണ്....
പ്രണയത്തിന്‍റെ നേര്‍രേഖ
കേരളത്തിലെ ഒരോ ജനസമൂഹവും വ്യത്യസ്ത
ഈണത്തിലും താളത്തിലുമാണ് മലയാളം പറയുന്നത്. ഓരോ പ്രദേശത്തിനും അവരവരുടേതായ
മലയാളുമുണ്ട്. തിരുവിതാം കൂറിന്‍റെ മലയാളമല്ല കൊച്ചിക്ക്... കൊച്ചിയുടെ മലയാളം
മലബാറിന് അപരിചിതം..... ഒരോ നാടും തങ്ങളുടേതായ സംഭാവനകളും മലയാളത്തിനു
നല്‍കിയിട്ടുണ്ട്... ഗെഡി(സുഹൃത്ത്), ചുള്ളന്‍(സുന്ദരന്‍), ചുള്ളത്തി(സുന്ദരി),
ശവി(പ്രയോജനമില്ലാത്തവന്‍), ഇഷ്ടന്‍(പ്രിയപ്പെട്ടവന്‍, സുഹൃത്ത്) തുടങ്ങിയ പദങ്ങള്‍
തൃശൂര്‍ക്കാര്‍ മലയാളത്തിനു സംഭാവന ചെയ്തതാണ്. മച്ചുവിന്‍റെ ഉദ്ഭവം എവിടെ
നിന്നാണാവോ...
ഉത്തരകേരളത്തിലെ വാമൊഴി വഴക്കങ്ങള്‍
പ്രശസ്തം. പയ്ച്ചിട്ടു വയ്യ(വിശന്നിട്ടു വയ്യ) ഇങ്ങ്ട് കീഞ്ഞ് നീക്കീ(ഇങ്ങോട്
ഇറങ്ങിയനീങ്ങി നീക്കൂ) കുണ്ടിക്ക് കുത്തിരിക്കാന്‍ ഇട്ടുകൊടുക്ക്(കസേര ഇട്ടു
കൊടുക്ക്) എന്നൊക്കെ കേട്ടാല്‍ ഉത്തരമലബാറിലെത്തിയ തെക്കന്‍ തിരുവിതാംകൂര്‍
ചേട്ടന്‍ കണ്ണു മിഴിക്കും. ഇതെല്ലാം മലയാളം തന്നെ.... മലപ്പുറം മലയാളത്തിന്‍റെ
വാമൊഴി രീതികള്‍ എളുപ്പം മനസിലാക്കാന്‍ ഈ കവിത കേട്ടാല്‍ മതി...
"" മയ പെയ്തു പുയബെള്ളം
കര കബിഞ്ഞൊയുകും നേരം
മൊയമ്മദ്
പുയബക്കത്തിരുന്ന്
പയം പുയുങ്ങി
ഇജ്ജ് ബേഗം ബന്നാല്‍
അനക്കും തരാം ഞമ്മളീ
പുയുങ്ങിയ പയത്തിന്‍റെ ഒരു
കസനം''
(കവി ഉദ്ദേശിച്ചത് ഇതാണ് ..... മഴ പെയ്ത് പുഴ
വെള്ളം കര കവിഞ്ഞൊഴുകും നേരം മുഹമ്മദ് പുഴവക്കത്തിരുന്ന് പഴം
പുഴുങ്ങി.
നീ വേഗം വന്നാല്‍ നിനക്കും തരാം ഞാനീ
പുഴുങ്ങിയ പഴത്തിന്‍റെ ഒരു കസനം..... മലപ്പുറം സഖാക്കള്‍ ക്ഷമിക്കുക)
കേരളത്തിലെ മലയാളത്തിന്‍റെ പ്രാദേശിക
വകഭേദങ്ങള്‍ അറിയണമെങ്കില് തിരുവനന്തപുരത്ത് നിന്ന് വടക്കോട്ട് വച്ചു
പിടിക്കുക...
തിരോന്തോരം ചോദിക്കും
എന്തര്?
കോട്ടയത്തെ അച്ചായന്‍മാര്‍ ചോദിക്കും
എന്തുവാന്നേ?
ആലപ്പുഴയിലെ തീരദേശം ചോദിക്കും
യെന്താണ്..?
മ്മടെ തൃശൂക്കാര് ചോദിക്കാ
എന്തൂട്ണ്?
മലപ്പുറം വാക്കുകള്‍ പിശുക്കി
ന്തണ്?
ഉത്തരകേരളം ഒന്നായി ചോദിക്കും
എന്തേനി?
എല്ലാവരും ചോദിച്ചത് ഒന്നുമാത്രം.....
എന്താണ്?
അങ്ങനെ പതിനാലു ജില്ലകളിലെ മലയാളികളും
പലതരത്തില്‍ പറയുന്ന ഈ മലയാളം ശരിക്കും ഒരു സംഭവം തന്നെയാണല്ലേ.... ഒരു ഒന്നൊന്നര
മലയാളം. നമുക്ക് പണ്ടേ കിട്ടേണ്ടതായിരുന്നു ശ്രേഷ്ഠഭാഷ.
ചുമ്മാ ഒരു ചോദ്യം: ശ്രഷ്ഠഭാഷയായ
മലയാളദിനം ആചരിക്കേണ്ടത് ഇംഗ്ലീഷ് മാസമായ നവംബര്‍
ഒന്നിനാണോ?(കേരളപ്പിറവിയാണെങ്കിലും)... മലയാളത്തിന് സ്വന്തമായി മാസവും
വര്‍ഷവുമുള്ളപ്പോള്‍ ഇംഗ്ലീഷ് കലണ്ടറിനെ കൂട്ടു പിടിക്കണോ... ചിങ്ങം ഒന്നിനു മലയാളദിനമായാലെന്താ കുഴപ്പം....

No comments:
Post a Comment