""നാരങ്ങ പാല്.... ചൂണ്ടയ്ക്ക് രണ്ട്....
ഇലകള്‍ പച്ച.... പൂക്കള്‍ മഞ്ഞ....
തേടിവരുന്പോള്‍.... കൂട്ടത്തിലൊന്നിനെ...
ചാക്കിട്ടു പിടിച്ചേ.....''
അക്ഷരം പഠിക്കും മുന്പേ തന്നെ ഒരു തലമുറ ചൊല്ലിപ്പഠിച്ച ഒരു കളിക്കവിതയാണിത്. പുതു തലമുറയിലേക്കുള്ള മാറ്റത്തില്‍ മലയാളി
ബാല്യത്തിന് അന്യമായ ഒരു കളിയും കവിതയും. ഇങ്ങനെയുള്ള നഷ്ടങ്ങളുടെ കണക്കെടുപ്പാണ്
ഇത്.
സ്കൂളിലേക്കുള്ള യാത്രകള്‍ തന്നെ
മനോരഹമായ ഓര്‍മകളാണ്. ഈ യാത്രയില്‍ പറയാന്‍ വിശേഷങ്ങളേറെയാണ്... പാടവും പുഴയും
വെട്ടുവഴികളും എല്ലാം കടന്നുള്ള ഒരു രസയാത്ര. നാട്ടു വിശേഷങ്ങളും ഞായറാഴ്ച
ദൂരദര്‍ശനില്‍ കണ്ട സിനിമയുടെ കഥയുമെല്ലാം പറഞ്ഞു പോകുന്പോള്‍ സ്കൂളിലേക്കുള്ള ദൂരം
കഴിയുന്നതറിയില്ല. ടീച്ചറുടെ അടി കിട്ടാതിരിക്കാന്‍ മൂന്നല്ലിയുള്ള തൊട്ടാവാടി ഇല(
മൂന്നല്ലിയുള്ള തൊട്ടാവാടി ഇല അപൂര്‍വമാണ്(?)) തേടി നടക്കുന്നതും ഈ യാത്രയില്‍
തന്നെ. ഒടുവില്‍ കഷ്ടപ്പെട്ട് മൂന്നല്ലിയുള്ള തൊട്ടാവാടി ഇല കിട്ടുന്പോഴേക്കും
സമയം വൈകിയിരിക്കും. അവിടെ തുടങ്ങും അന്നത്തെ ചൂരല്‍ കഷായം. പോകും വഴിക്കുള്ള
പച്ചക്കറി തോട്ടത്തിലെയും വാഴത്തോപ്പിലെയുമെല്ലാം ആദ്യവിളവ് എടുപ്പിനുള്ള അവകാശവും
അന്നത്തെ കുട്ടിപ്പട്ടാളത്തിനുണ്ടായിരുന്നു. ഇത്തരം യാത്രകളില്‍ പൂവിട്ടിട്ടുള്ള
കൗമാരപ്രണയങ്ങളും ഒരുപാടുണ്ട്... ഗ്രാമപ്രദേശങ്ങളിലെ ക്ലാസ് മുറികളില്‍ ഉച്ച
നേരത്ത് ഹൃദ്യമായ ഒരു മണം ഉയരുമായിരുന്നു പൊതിച്ചോറില തുറക്കുന്പോഴുള്ള ആ മണം
മതിയായിരുന്നു വയറു നിറയാന്‍. ഉച്ചക്കഞ്ഞിക്കൊപ്പം കിട്ടിയിരുന്ന ചെറുപയറു കറിയുടെ
രുചി ഇപ്പോഴും പലരുടെയും നാവിലുണ്ട്.
അന്നത്തെ കളികള്‍ക്കു
പോലുമുണ്ടായിരുന്നു തനതു രസം. ഈ കളികളിലേറെയും കാലം മറന്നു പോയി. വെട്ടല്‍, വാരല്‍
തുടങ്ങി പല ശൈലികളിലുള്ള കല്ലുകളിയിലായിരുന്നു പെണ്‍കുട്ടികളുടെ കുത്തക.
പിഴയ്ക്കാതെ അഞ്ചു കല്ലുകള്‍ ഒരുമിച്ച് വെട്ടിപ്പിടിക്കാന്‍ കഴിവുള്ളവരെ സ്വന്തം
കൂട്ടത്തില്‍ ചേര്‍ക്കാന്‍ തന്നെ മല്‍സരമായിരുന്നു. ഗോട്ടികളിയിലായിരുന്നു
ആണ്‍കുട്ടികളുടെ സ്പെഷലൈസേഷന്‍. നൂറാങ്കുഴിയും സേപ്പിയും എന്നു വേണ്ട അങ്ങനെ പലത്.
ഇട്ട് ചാണ്‍, സേപ്പി, കോട്ട, പുല്ലേ ചവിട്ടി, ഇട്ടൂലി, തീപ്പട്ടിപ്പൊട്ടാമസ് അങ്ങനെ
ൡഎന്തുതരം കളികള്‍... ദിവസം കൂടല്‍, പത്തടി ദിവസം, നാല്‍ക്കാലി വിളി അങ്ങനെയുള്ള
വ്യത്യസ്ത കളികളും ഇന്നത്തെ ബാല്യത്തിന് അന്യം. ഗ്രാമങ്ങളില്‍ ക്രിക്കറ്റ്
ആധിപത്യമുറപ്പിച്ച, സച്ചിന്‍ ദൈവമായി മാറിയ തൊണ്ണൂറുകളിലെ ഓലമടല്‍ ക്രിക്കറ്റ്
ബാറ്റുകള്‍ ഇന്നും പലരുടെയും ഓര്‍മകളിലുണ്ട്. പച്ച മടലിലും ഉണക്കമടലിലും തീര്‍ത്ത
ബാറ്റുകളും തുണിയില്‍ ഒട്ടുപാല്‍ ചുറ്റി റബര്‍ പാലില്‍ മുക്കിയെടുത്ത
പന്തുകളും... ഒരു കാലത്തിന്‍റെ ക്രിക്കറ്റ് അതായിരുന്നു.
ചെറുപ്പത്തില്‍ തീപ്പെട്ടി പടം
കളിക്കാത്ത, പ്ലാവില കിരീടം ചൂടാത്ത ന്യൂജനറേഷന്‍ ചെറുപ്പക്കാരുണ്ടോ? അച്ഛന്‍റെ
തേഞ്ഞു തീര്‍ന്ന പാരഗണ്‍ ചെരുപ്പ് കൃത്യമായ വട്ടത്തില്‍ വെട്ടിയെടുത്തു, ഉജാല
കുപ്പിയുടെ രണ്ടറ്റത്ത് ഘടിപ്പിച്ചുണ്ടാക്കുന്ന ചക്രവണ്ടികളും പഴയ ഗ്രാമീണ
ബാല്യത്തിന്‍റെ ഓര്‍മകളിലുണ്ടാകും.
ട്യൂഷനുകളും ഹോം വര്‍ക്കുകളും എക്സ്ട്രാ
കരിക്കുലര്‍ ആക്ടിവിറ്റീസും അപഹരിച്ച ഇന്നത്തെ ബാല്യത്തിന്‍റെ നഷ്ടങ്ങള്‍ എന്ന്
ഇവയെ വിളിക്കാമോ എന്നറിയില്ല. ഒരു പക്ഷേ രണ്ടു പതിറ്റാണ്ടിനപ്പുറം ഇന്നത്തെ
ബാല്യത്തിന്‍റെ പലരീതികളും മാറി പുതുരീതികള്‍ വരും. പക്ഷേ എല്ലാവര്‍ക്കും, അത് ന്യൂ
ജനറേഷനായാലും ഓള്‍ഡ് ജനറേഷനായാലും ഇടക്കുള്ള ഗോള്‍ഡ് ജനറേഷനായാലും, അവരുടെ ബാല്യം
എന്നും നല്ല ഓര്‍മകളാണ്... ഒരു ആയുഷ്കലാത്തേക്കുള്ള ഓര്‍മകള്‍.
No comments:
Post a Comment