അഖിലകേരളത്തിലെ സകലമാന
കാരാഗൃഹങ്ങളുടെയും സൂക്ഷിപ്പുകാരാനായിരുന്ന അലക്സാണ്ടര്‍ ഇനിമുതല്‍ വിശുദ്ധ
അലക്സാണ്ടര്‍ എന്നറിയപ്പെടും. കാരണം ഒടുവില്‍ യേശുക്രിസ്തുവുമായി അലക്സാണ്ടര്‍
ഐക്യപ്പെട്ടിരിക്കുന്നു. പാപികളുടെ മോചനത്തിനായി യേശുക്രിസ്തു സ്വജീവന്‍
ബലിയര്‍പ്പിച്ചെങ്കില്‍ പാപികളുടെ മോചനത്തിനായി അലക്സാണ്ടര്‍ തിരുമനസ് സ്വന്തം
ഉദ്യോഗം തന്നെ ബലിയര്‍പ്പിച്ചിരിക്കുന്നു. അതും അന്പത്തിയൊന്നു വെട്ടുകളുടെ
സൃഷ്ടാക്കളും ബഹുമാന്യ പാപികളുമായ കൊടി സുനി അവര്‍കള്‍ക്കും സഹപാപികള്‍ക്കും
വേണ്ടി. എത്ര ഉദാത്തമായ മാതൃക. മഹനീയത്യാഗം. ... അതെ, പാപികളുടെ മോചനമാണ് ഈ
മനുഷ്യപുത്രന്‍റെ അവതാരോദ്ദേശം. അതിനായി ഏതു കൊടിയ പീഡനവും ഈ മനുഷ്യപുത്രന്‍
സഹിക്കും. യേശുക്രിസ്തുവിനെ പോലെ സ്വജീവിതം പാപികളുടെ മോചനത്തിനായി സമര്‍പ്പിച്ച
സേവനങ്ങള്‍ കണക്കിലെടുത്ത് വിശുദ്ധ പാര്‍ട്ടി അധികം വൈകാതെ തന്നെ അലക്സാണ്ടറെ
വിശുദ്ധനായി പ്രഖ്യാപിക്കുന്നതാണ്. തലശേരി മെത്രാന്‍ കോടിയേരി തിരുമനസ് ഇദ്ദേഹത്തെ
പുണ്യവാളനായും, എ.കെ.ജി സെന്‍റര്‍ തിരുസംഘം അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍
പിണറായി, പുണ്യവാളനായ അലക്സാണ്ടറെ വാഴ്ത്തപ്പെട്ടവനായും പ്രഖ്യാപിച്ചു
കഴിഞ്ഞു. ഇനി വിശുദ്ധ പദവിയിലേക്കുള്ള സ്ഥാനാരോഹണം. അത് അധികം വൈകില്ല. ഉമ്മന്‍
തിരുവടികള്‍ പുറത്തായി മാര്‍ക്സ്് വാദികള്‍ അധികാരം പിടിച്ചെടുത്താല്‍
സര്‍വസൈന്യാധിപ പദവിലേക്കുള്ള വിശുദ്ധന്‍റെ സ്ഥാനാരോഹണവും പ്രതീക്ഷിക്കാം,
പാപികള്‍ക്കായി സ്ഥാനം ത്യജിച്ച ഡിസംബര്‍ ആറ് ഈ വിശുദ്ധന്‍റെ തിരുനാളായി
ആഘോഷിക്കുന്നതായിരിക്കും. എല്ലാ ജയിലുകളിലും പാപികളുടെ വസതിയിലും പാര്‍ട്ടി
ബ്രാഞ്ച് കമ്മിറ്റി മുതല്‍ മുകളിലോട്ടുള്ള എല്ലാ ഘടകങ്ങളിലും ഈ വിശുദ്ധന്‍റെ
തിരുസ്വരൂപം സ്ഥാപിക്കുന്നതായിരിക്കും. ഇതുമായി ബന്ധപ്പെട്ട ഇടയലേഖനം സകലമാന
കുഞ്ഞാടുകള്‍ക്കും ഉടന്‍ കിട്ടും. മണികള്‍ മുഴങ്ങട്ടെ... കൊടികവ്‍ പാറട്ടെ.....
പാപികളുടെ മോചകന്‍ വിശുദ്ധ അലക്സാണ്ടര്‍ നീണാള്‍ വാഴട്ടെ.....
പണ്ട് മെല്‍വിന്‍ പാദുവയെന്ന മാനസാന്തരം
വന്ന പാപിയെ ഇരുന്പഴികള്‍ക്കുള്ളില്‍ തളച്ചിടാന്‍ ആവോളം പരിപ്പു വേവിച്ചതാണ് ഈ
പരിശുദ്ധന്‍. കൊലപാതകത്തേക്കാള്‍ സഭാവസ്ത്രം ഉപേക്ഷിച്ചെത്തിയ തിരുസഭയുടെ
മണവാട്ടിയെ പാദുവ വേളി കഴിച്ചാതായിരുന്നു അലക്സാണ്ടര്‍ തിരുമനസിന്‍റെ ദൃഷ്ടിയിലെ
മാരകപാപം. ഒരുപാട് പാപികളെ രക്ഷിക്കാനുള്ള തത്രപ്പാടിനിടയില്‍ പാപമോചനം വന്ന
പാപിയെ രക്ഷിക്കാനെവിടെ നേരം... എവിടെ മനസ്....... ചാനലായ ചാനലുകളിലെല്ലാം
സുവിശേഷം പ്രസംഗിക്കാന്‍ അലക്സാണ്ടര്‍ സര്‍വഥാ യോഗ്യന്‍ തന്നെ.....
ജയിലില്‍ ഇരുന്നു സ്മാര്‍ട്ട് ഫോണിലൂടെ
കൊടിസുനിയോ മറ്റ് സഖാക്കളോ ഈ കുറിപ്പ് വായിക്കുകയാണെങ്കില്‍ ദയവായി ഒരു ലൈക്ക്
തരിക.


No comments:
Post a Comment