""ജബ് തക് രഹേഗാ, സമോസാ മേം
ആലൂ
തബ് തക് രഹേഗാ ബീഹാര്‍ മേം
ലാലൂ''
(സമോസയില്‍
ഉരുളക്കിഴങ്ങുള്ളിടത്തോളം കാലം ബീഹാറില്‍ ലാലുവും ഉണ്ടാകും.)
ബീഹാറില്‍ ഇപ്പോഴും സമോസയുണ്ടാക്കുന്നത്
ഉരുളക്കിഴങ് ഉപയോഗിച്ചാണ്. പക്ഷേ ബീഹാര്‍ രാഷ്ട്രീയത്തില്‍ ഇനി ലാലുവില്ല.
രണ്ടു പതിറ്റാണ്ടു മുന്പ്
അത്താഴപ്പട്ടിണിക്കാരനെ പറ്റിച്ച് ലാലു വിഴുങ്ങിയ കാലിത്തീറ്റ ഇന്നും ദഹിക്കാതെ
കിടക്കുകയാണ്. ബീഹാര്‍ രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും. ഈ രണ്ടു
പതിറ്റാണ്ടു കൊണ്ട് കോസി നദിയിലൂടെ ഒരുപാട് വെള്ളമൊഴുകി. ബന്ധുക്കള്‍ പലരും
ശത്രുക്കളായി. ശത്രുക്കള്‍ ബന്ധുക്കളും. ജനതാദള്‍ പല ദളങ്ങളായി. നിറഞ്ഞു കത്തിയ
ലാലുവിന്‍റെ റാന്തലിന്‍റെ വെളിച്ചം മങ്ങി.(ഇപ്പോള്‍ അത് ഏകദേശം അണഞ്ഞ അവസ്ഥയിലാണ്)
ഐക്യജനതാദളിന്‍റെയും ബീഹാറിന്‍റെയും അമരക്കാരനായി ഡല്‍ഹിയില്‍ നിന്ന് നിതീഷ്
വന്നപ്പോള്‍ രാഷ്ട്രീയ ജനതാദളുമായി ലാലുവിന് ഡല്‍ഹിക്ക് വണ്ടി കയറേണ്ടി വന്നു.
ബീഹാറില്‍ നല്ല റോഡ് വന്നാല്‍
നാട്ടുകാരി പെണ്ണുങ്ങളെ വണ്ടിയിലെത്തുന്നവര്‍ തട്ടിക്കൊണ്ടുപോകുമെന്ന് പറഞ്ഞാണ്
പാവം ഗ്രാമീണരെ ലാലു പറ്റിച്ചിരുന്നത്. പക്ഷേ ഈ ലാലു തന്നെ മകളെ വിവാഹം
ചെയ്തയക്കുന്ന ഗ്രാമത്തിലേക്ക് രണ്ടുവരിപ്പാത പണിതപ്പോളാണ് ജനത്തിന് മനസിലായത്
ആരാണ് ലാലുവെന്ന്
പ്രതാപകാലത്ത്
ഇരുന്പഴിക്കുള്ളിലായപ്പോള്‍ ഭാര്യയെ മുഖ്യമന്ത്രി കസേരയിലിരുത്തി,
തടവറയ്ക്കുള്ളില്‍ നിന്ന് രാജ്യം ഭരിച്ച രാജാവിന് രാജ്യം എന്നേ നഷ്ടമായി. രാജ്യം
വിഭജിക്കപ്പെട്ടപ്പോള്‍ ലാലുവിന് ഉറങ്ങാനുള്ള തടവറയും അയല്‍പക്കത്തായി. നികുതിപ്പണം
മോഷ്ടിച്ച ലാലുവിനായി ഭരണവര്‍ഗം റാഞ്ചിയില്‍ ഒരുക്കിയിരിക്കുന്നത് ബിര്‍സ
മുണ്ടയെന്ന ആഡംബര ജയില്‍ കൊട്ടാരമാണ്. പക്ഷേ കാഞ്ചന കൂട്ടിലെങ്കിലും ബന്ധനം ബന്ധനം
തന്നെ പാരില്‍...
തടവറയിലെ ഏകാന്തതയില്‍ ലാലുവിന്
കോണ്‍ഗ്രസിന്‍റെ യുവരാജാവിനെ പഴിക്കാം. ലാലുവിനെ കാക്കാന്‍ ഡല്‍ഹിയിലെ
സുഹൃത്തുക്കള്‍ തട്ടിക്കൂട്ടിയെടുത്ത ഓര്‍ഡിനന്‍സിനെ രാഹുല്‍ പരസ്യമായി
തള്ളിപ്പറഞ്ഞതോടെ ലാലുവിന് ലോക്സഭാംഗത്വവും നഷ്ടം. ഇവിടെ നഷ്ടം ലാലുവിന് മാത്രമാണ്.
കാരണം ബീഹാറില്‍ ലാലു പോയാല്‍ കോണ്‍ഗ്രസിന് തുണയായി ഐക്യജനതാദളുമായി നിതീഷുണ്ട്.
നിതീഷിനെ ഒപ്പം കൂട്ടാനുള്ള കോണ്‍ഗ്രസ് തന്ത്രമാണ് രാഹുല്‍ നടത്തിയ നാടകമെന്ന്
കരുതിയാലും തെറ്റില്ല.
ഉപ്പു തിന്നവന്‍ വെള്ളം കുടിച്ചേ
മതിയാകൂ. അതുകൊണ്ട് തന്നെ ലാലു സഹതാപം അര്‍ഹിക്കുന്നില്ല. ഇനിയൊരു
തിരിച്ചുവരവിനുള്ള ബാല്യം ലാലുവിനുണ്ടെന്നു കരുതാനും വയ്യ. ബാല്യം വിട്ടുമാറാത്ത
പുത്രന്‍ നയിക്കാനൊരുങ്ങുന്ന രാഷ്ട്രീയ ദളിന്‍റെ റാന്തല്‍ വെളിച്ചത്തിനും ഇനി പഴയ
തേജസുണ്ടാകില്ല. ഭരണം പോയശേഷം വളര്‍ച്ച പടവലങ്ങ പോല കീഴ്പോട്ടായ ലാലുവിന്‍റെയും
രാഷ്ട്രീയ ദളിന്‍റെയും ഭാവി ഇനിയെന്ത്?.
ബീഹാറില്‍ ഉരുളക്കിഴങ്ങ് ചേര്‍ത്ത സമോസ ഇനിയും ഒരുപാടുണ്ടാകും.... പക്ഷേ
ലാലുവിന്‍റെ മാടന്പിത്തരവും താന്‍പോരിമയും ഇനി ബീഹാറില്‍ ഇല്ല. അതിന് സ്ഥാനം
ജാര്‍ഖണ്ഡിലെ തടവറയില്‍.... ചിലരെ എല്ലാക്കാലവും എല്ലാവരെ കുറച്ചു കാലവും
പറ്റിക്കാം. പക്ഷേ എല്ലാവരെയും എല്ലാക്കാലവും പറ്റിക്കാനാകില്ല. ലാലുവും
ലാലുവിന്‍റെ വഴി നടക്കുന്നവരും ഇനിയെങ്കിലും അറിയുക.
""സമോസാ മേം ആലൂ ഹേ
ബീഹാര്‍ മേം അഭി ലാലൂ നഹീ ഹേ''
No comments:
Post a Comment