Tuesday, May 27, 2008
വിപ്ലവം ക്ഷൗരക്കത്തിയിലൂടെ
കൂപലോകത്ത് മുടിമുറിക്കുന്നതിന്‍റെ നിരക്ക് ക്രമത്തിലധികം കൂടിയതിനെ തുടര്‍ന്ന് സങ്കടത്തിലായിരുന്ന കൂപന് ആശ്വാസമായൊരു വാര്‍ത്ത. വിപ്ലവപുത്രന്‍മാര്‍ സംഘം ചേര്‍ന്ന് മുടി മുറിക്കാന്‍ തുടങ്ങിയിരിക്കുന്നു. കുറഞ്ഞത് പത്തുപേരെങ്കിലും ഒന്നിച്ച് വന്ന് മുടിമുറിച്ചു തരും അതും വൃത്തിയായി തന്നെ. മുന്പ് നെല്ലു കുത്തി കുത്തുപാളയെടുത്ത കര്‍ഷകന്‍ വെച്ച കപ്പയും വാഴയും തെങ്ങുമെല്ലാം വെട്ടിനിരത്തി പരിചയമുള്ളതുകൊണ്ട് മുന്‍പരിചയത്തിന്‍റെ ചോദ്യം ഉദിക്കുന്നേയില്ല. എന്നിട്ടും സംശയമുള്ളവര്‍ക്കായി ഇന്നലെ വിപ്ലവപുത്രന്‍മാരുടെ പരസ്യപ്രകടനവും ഉണ്ടായിരുന്നു. അതും അങ്ങ് കണ്ണൂരില്‍. വിപ്ലവപാര്‍ട്ടിയുടെ കൊടി പോലെ ചുവന്ന മണ്ണില്‍. സാധുവെന്ന് സ്വയം വിളിക്കുന്ന ഒരു സാധുവിനെ അസാധുവാക്കിയാണ് വിപ്ലവപുത്രന്‍മാര്‍ വീര്യംതെളിയിച്ചത്. മുന്‍പരിചയം തെളിയിച്ചേ അടങ്ങൂ എന്ന വാശിയില്‍ വിപ്ലവപുത്രന്‍മാര്‍ മുടിമുറിക്കാന്‍ അനുവാദമൊന്നും ചോദിച്ചില്ല. നീണ്ട മുടികണ്ടു മുറിച്ചു. എന്നോര്‍ത്ത് ബൂലോകര്‍ വിഷമിക്കേണ്ട. അനുവാദമില്ലാതെ മുറിക്കുന്നവര്‍ തീര്‍ച്ചയായും അനുവാദത്തോടെ മുറിച്ചു തരുമല്ലോ.... എന്തായാലും മുടിപോയ സാധു ക്രമസമാധാന പാലന സേനയുടെ അടുത്തു ചെന്നപ്പോള്‍ അവര്‍ കൃത്യമായി നടപടിയെടുത്തു. കോടിയേരിയാന് നമോവാകം. പക്ഷേ നടപടി ബലാല്‍ക്കാരമായി പിടിച്ചു നിര്‍ത്തിയതിനാണെന്ന് മാത്രം. മുടി മുറിച്ച കുട്ടി സഖാക്കള്‍ നിന്നത് അപ്പുറത്തെ പാലനകേന്ദ്രത്തിന്‍റെ പരിധിയിലാണ് പോലും. അവരുടെ കൈയ്യും കത്രികയും മാത്രമാണ് ഇപ്പുറത്തുണ്ടായിരുന്നത്. കൈയ്ക്കും കത്രികയ്ക്കും എതിരെ ചാര്‍ത്താന്‍ വകുപ്പില്ലല്ലോ നമ്മുടെ നിയമാവലിയില്‍. കോടിയേരി സൈന്യത്തിനും നമോവാകം. അപ്പുറത്തെ ക്രമസമാധാന കേന്ദ്രത്തിലെ ക്രമപ്രശ്നത്തില്‍ ഇങ്ങേപ്പുറത്തുകാരിടപെടുന്നത് മോശമല്ലേ... തീര്‍ത്തും ലജ്ജാവഹം. അങ്ങനെ ക്രമസമാധാനത്തിന്‍റെ പുതിയ പാതയും തെളിച്ചിരിക്കുന്നു അഖിലകേരള ക്രമസമാധാന സേന. അവര്‍ക്ക് നമ്മുടെ മൂത്ത സഖാവ് പറഞ്ഞ പോലെ നല്ലനമസ്കാരം. പിന്നെ കുട്ടിസഖാക്കളുടെ കാര്യം. പണ്ട് പട്ടിപിടുത്തമെങ്കില്‍ ഇന്ന് മുടിവെട്ട് അത്രയേ ഉള്ളൂ. ഇതിനായിരിക്കുമല്ലേ, വിപ്ലവം ക്ഷൗരക്കത്തിയിലൂടെ എന്നുപറയുന്നത്.
Labels:
രാഷ്ട്രീയം
Subscribe to:
Post Comments (Atom)
No comments:
Post a Comment