Friday, October 4, 2013

കുറ്റിച്ചൂല്‍ രാഷ്ട്രീയം അഥവാ രാഷ്ട്രീയത്തിലെ കുറ്റിച്ചൂലുകള്‍

 
അങ്ങനെ പഞ്ചമഹാ തിരഞ്ഞെടുപ്പുള്‍ക്ക് കാഹളം മുഴങ്ങി. പക്ഷേ കൂപന്‍ പറയാന്‍ പോകുന്നത് രാജധാനിയിലെ വിശേഷമാണ്. അല്ലെങ്കില്‍ അല്‍പം കുറ്റിച്ചൂല്‍ രാഷ്ട്രീയമാണ്. നമ്മള്‍ മലയാളികള്‍ക്ക് പണ്ടേ ചൂലിനോട് അത്ര പഥ്യമില്ല. ഒരു വഴിക്കിറങ്ങുന്പോള്‍ ചൂലു കണ്ടാല്‍ അപശകുനം. ചൂലു കണ്ട് ശകുനം മുടങ്ങിയ പാവം മലയാളിയുടെ ഗതികേടാണ് ഇങ്ങ് രാജധാനിയില്‍ ഭരണപ്പാര്‍ട്ടിയായ കോണ്‍ഗ്രസിനും പ്രതിപക്ഷ സ്ഥാനീയരായ ബി.ജെ.പിക്കും. അതെ പ്രശ്നം ചൂലു തന്നെ. കയ്യില്‍ ചൂലുമായി നില്‍ക്കുന്നവനും നിസാരക്കാരനല്ല. അണ്ണാ ഹസാരെയെ പോലും പറഞ്ഞു പറ്റിച്ച് പ്രക്ഷോഭം നടത്തി, അടിത്തറയൊരുക്കി രാഷ്ട്രീയത്തില്‍ കയറിപ്പറ്റിയ വിദ്വാനാണ് കക്ഷി. അരവിന്ദ് കെജ്്രിവാള്‍. കെജ്്രിവാള്‍ മാത്രമല്ല ഒപ്പം ഒരു സംഘവുമുണ്ട്. പേര് ആം ആദ്മി പാര്‍ട്ടി. പച്ചമലയാളത്തില്‍ പറഞ്ഞാല്‍ സാധാരണക്കാരുടെ രാഷ്ട്രീയ പ്രസ്ഥാനം. പക്ഷേ പേരിലുള്ള സാധാരണത്വം ഒന്നും പാര്‍ട്ടിക്കില്ല. അത് വഴിയേ പറയാം. സാധാരണക്കാരുടെ ഈ അസാധാരണ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമാണ് ചൂല്‍. കലപ്പയേന്തിയ കര്‍ഷകന്‍ എന്നു പറയുന്ന പോലെ ചൂലേന്തിയ സാധാരണക്കാരന്‍. ഇതാണ് രാജധാനി രാഷ്ട്രീയത്തിലെ ചര്‍ച്ചാ വിഷയങ്ങളിലൊന്ന്. പതിനഞ്ചാണ്ടായി കാണിച്ചു വരുന്ന ഗിമ്മിക്കുകളിലെ പൂച്ച് ഈ ആം ആദ്മികള്‍ പുറത്തു കൊണ്ടുവരുമോയെന്നാണ് ഷീലാമ്മയുടെ ആധി. ഷീലാമ്മയെ പടിയടച്ച് പിണ്ഡം വയ്ക്കാന്‍ കിട്ടിയ അവസരം ഈ കുറ്റിച്ചൂലുകള്‍ കളയുമെന്ന പരിഭവം താമരപ്പാര്‍ട്ടിക്കുമുണ്ട്. പക്ഷേ ശരിക്കും വെട്ടിലായിരിക്കുന്നത് ഷീലാമ്മയാണ്. ഷീലാമ്മ എവിടെ മല്‍സരിച്ചാലും തോല്‍പിക്കുമെന്ന് പറഞ്ഞ് പിറകെ കൂടിയിരിക്കുകയാണ് കെജ്്രിവാള്‍. ഇനി മല്‍സരിക്കാതെ മാറി നിന്നാല്‍ നാണക്കേടാകും... കെജ്്രിവാളിനെ പേടിച്ചാണെന്ന് സാധാരണക്കാരായ പാര്‍ട്ടിക്കാര്‍ പറഞ്ഞു പരത്തും. ഇനി മല്‍സരിച്ചാലോ.... എല്ലാം സാധാരണക്കാരന്‍റെ കൈയ്യില്‍.
 
ആളെ പറ്റിക്കാനുള്ള അത്യാവശ്യം മറിമായങ്ങള്‍ നമ്മുടെ ആം ആദ്മിക്കാരുടെ കയ്യിലുമുണ്ട്... ഡല്‍ഹിയിലെ ആം ആദ്മികളെല്ലാം ഒരു സര്‍വേ നടത്തി വലിയൊരു കണ്ടു പിടുത്തം നടത്തി. ദില്ലിയിലെ 46 ശതമാനം വോട്ടര്‍മാരും ആം ആദ്മി പാര്‍ട്ടി അധികാരത്തിലേറണമെന്ന് ആഗ്രഹിക്കുന്നവരാണത്രേ..... ഈ കണക്കിന്‍റെ സാംഗത്യവും ആധികാരികതയുമൊന്നും ആരും ചോദിക്കരുത്... ചോദിക്കുന്നവന്‍ അഴിമതിക്കാരന്‍... അഴിമതിക്കാരുടെ ഏറാന്‍മൂളി. രാഷ്ട്രീയം പാപമാണ് മഹാ അപരാധമാണ് എന്ന് പറഞ്ഞ് അണ്ണാ ഹസാരെയ്ക്കൊപ്പം പരിവര്‍ത്തന പ്രക്ഷോഭം നടത്തിയാണ് കെജ്്രിവാളിന്‍റെ വരവ്. ഈ പഴയ ഐ.ഐ.ടിക്കാരന്‍റെ മനസിലെ ലക്ഷ്യം രാഷ്ട്രീയം തന്നെയെന്ന് കാലം തെളിയിച്ചു. ഐ.ഐ.ടിക്കാരന്‍റെ കൂര്‍മ ബുദ്ധിയുപയോഗിച്ച് പടിപടിയായി കെജ്്രിവാള്‍ രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കി... എതിര്‍ത്തവരുടെയെല്ലാം വായടപ്പിച്ചു... സര്‍ക്കാര്‍ വിരുദ്ധസമരത്തിന് കൈ അയച്ച് സഹായിച്ച രാഷ്ട്രീയ സ്വയം സേവാ സംഘത്തിനെ പോലും പറ്റിച്ചു കളഞ്ഞു... കണക്കുകളെല്ലാം സുതാര്യമെന്ന് വിളിച്ചു പറയുന്പോള്‍ പോലും ഒരു സുതാര്യമില്ലായ്മ അനുഭവപ്പെടും. സാധാരണക്കാരന്‍റെ പാര്‍ട്ടിയെന്നാണ് വയ്പ്. പക്ഷേ സ്ഥാനമോഹികളുടെ പട്ടികയില്‍ സാധാരണക്കാരനെ കണ്ടെത്താന്‍ അല്‍പം പാടാണ്... ഐ.ഐ.ടിക്കാരനും പഴയ ഐ.ആര്‍.എസുകാരനുമായ കെജ്്രിവാള്‍, പഴയ ടെലിവിഷന്‍ അവതാരക ഷാസിയ ഇല്‍മി തുടങ്ങി കുറ്റിയും പറിച്ച് കടല്‍ കടന്നെത്തിയ എന്‍.ആര്‍.ഐ കച്ചവടക്കാര്‍ വരെയുണ്ട് സാധാരണക്കാരെ സേവിക്കാന്‍. ഇവരെല്ലാം സാധാരണക്കാരല്ലേ എന്നു ചോദിച്ചാല്‍ കൂപന് അറിയില്ല.... ജനലോക്പാല്‍ , അഴിമതി രഹിതഭരണം തുടങ്ങിയ മധുരമനോജ്ഞ വാഗ്ദാനങ്ങളുമുണ്ട്.... എന്തായാലും കെജ്്രിവാളിനും പാര്‍ട്ടിക്കും ഏഴു സീറ്റെങ്കിലും കിട്ടുമെന്നാണ് രാഷ്ട്രീയ ജ്യോല്‍സ്യന്‍മാരുടെ പ്രവചനങ്ങള്‍... അതായാത് ഇന്ത്യ ലോകകപ്പ് ഫുട്ബോളിന്‍റെ പ്രീക്വാര്‍ട്ടറില്‍ കടക്കും പോലൊരു സംഭവം.
 
ഏഴല്ല ഡല്‍ഹിയിലെ എഴുപത് സീറ്റു കിട്ടിയാലും ഒരു മാറ്റവും ഉണ്ടാകില്ലെന്നാണ് കൂപന്‍റെ വിശ്വാസം...(ഇത് കൂപന്‍റെ മാത്രം വിശ്വാസമാണേ...) അണ്ണാ ഹസാരെയുടെ കാലു പിടിച്ച് വളര്‍ന്ന്, രാഷ്ട്രീയ നീക്കങ്ങളെ എതിര്‍ത്തതിന്‍റെ പേരില്‍ അദ്ദേഹത്തെ കറിവേപ്പില പോലെ വലിച്ചെറിഞ്ഞ(അണ്ണാ ഹസാരെയെ മഹത്വവല്‍ക്കരിക്കുന്നില്ല) കെജ്്രിവാളാണോ മാറ്റം കൊണ്ടു വരിക... അണികളെ ഉപയോഗിച്ച് എതിരാളികളുടെ വായടപ്പിക്കുന്ന*  കെജ്ിരിവാളാണോ മാറ്റം കൊണ്ടുവരിക... കെജ്്രിവാള്‍ വെറും രാഷ്ട്രീയക്കാരനാണ്... അധികാരമോഹിയായ സ്വേച്ഛാധിപതിയായ രാഷ്ട്രീയക്കാരന്‍...
 
 
 *സംശയമുള്ളവര്‍ പണ്ട് കെജ്്രിവാളും സംഘവും ഡല്‍ഹിയില്‍ നടത്തിയ യോഗം ഓര്‍ക്കുക... അന്ന് എല്ലാ പാര്‍ട്ടിയിലെയും പ്രമുഖരെ പ്രസംഗിക്കാന്‍ ക്ഷണിച്ചു... കെജ്്രിവാളിനേക്കാള്‍ വലിയ കൊടുവാള്‍ കണ്ടിട്ടുള്ള എ.ബി.ബര്‍ദന്‍ കെജ്്രിവാളിന്‍റെ രീതികളെ രൂക്ഷമായി വിമര്‍ശിച്ചു. തൊട്ടുപിന്നാലെ മൈക്കെടുത്ത കെജ്്രിവാള്‍, ബര്‍ദന്‍ പറഞ്ഞ ഓരോ കാര്യങ്ങളും അവിടെ കൂടിയിരുന്ന ആം ആദ്മിപാര്‍ട്ടി പ്രവര്‍ത്തകരെ കൊണ്ട് നോ, നോ പറയിച്ചാണ് തിരിച്ച് പണി കൊടുത്തത്.... ഈ നടപടിയില്‍  പ്രതിഷേധിച്ച് ബര്‍ദന്‍ വേദി വിടുകയും ചെയ്തു... തുടര്‍ന്ന് പ്രസംഗിക്കുന്നതില്‍ നിന്ന് കെജ്്രിവാളിനെ ഹസാരെ വിലക്കുകയും ചെയ്തു...

1 comment:

Anonymous said...

ഡല്‍ഹിയിലെ ആം ആദ്മികളെല്ലാം ഒരു സര്‍വേ നടത്തി വലിയൊരു കണ്ടു പിടുത്തം നടത്തി. ദില്ലിയിലെ 46 ശതമാനം വോട്ടര്‍മാരും ആം ആദ്മി പാര്‍ട്ടി അധികാരത്തിലേറണമെന്ന് ആഗ്രഹിക്കുന്നവരാണത്രേ..... ഈ കണക്കിന്‍റെ സാംഗത്യവും ആധികാരികതയുമൊന്നും ആരും ചോദിക്കരുത്...

എന്തായാലും കെജ്്രിവാളിനും പാര്‍ട്ടിക്കും ഏഴു സീറ്റെങ്കിലും കിട്ടുമെന്നാണ് രാഷ്ട്രീയ ജ്യോല്‍സ്യന്‍മാരുടെ പ്രവചനങ്ങള്‍... അതായാത് ഇന്ത്യ ലോകകപ്പ് ഫുട്ബോളിന്‍റെ പ്രീക്വാര്‍ട്ടറില്‍ കടക്കും പോലൊരു സംഭവം.

എന്നിട് ഇന്ത്യ ലോകകപ്പില്‍ പ്രീക്വാര്‍ട്ടറില്‍ കടന്നോ?